19 September Wednesday

ആ ദിവസങ്ങളും അവര്‍ക്കിനി ഹാപ്പി ഡെയ‌്സ‌്

പി എ സജീഷ്Updated: Tuesday Jul 3, 2018
 
പൊന്നാനി  
പൊന്നാനി നഗരത്തിലെ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്ക് ആ ദിവസങ്ങൾ ഇപ്പോൾ ഹാപ്പി ഡെയ്‌സ്. എട്ടാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ പൊതുവിദ്യാലയങ്ങളിലെയും വിദ്യാർഥിനികൾക്ക് സൗജന്യമായി ഷീപാഡ് നൽകുന്ന നഗരസഭയുടെ പദ്ധതി വിജയം. സമ്മർദങ്ങളുടെ നിമിഷങ്ങളില്ലാതെ ഇനി കുട്ടികൾക്ക് മുഴുവൻസമയവും പഠനം ആസ്വദിക്കാം. 
കഴിഞ്ഞ തവണ ഹയർ സെക്കൻഡറിയിലെ 1586 വിദ്യാർഥിനികൾക്കാണ് പദ്ധതിയുടെ ഗുണം ലഭിച്ചതെങ്കിൽ ഇത്തവണ എട്ടാം ക്ലാസ് മുതൽ വ്യാപിപ്പിച്ചതോടെ 6400 വിദ്യാർഥിനികൾക്കും ഇനി മുതൽ ഹാപ്പി ഡെയ്‌സ്. എട്ടുലക്ഷം രൂപയാണ് ഇതിനായി നഗരസഭ നീക്കിവച്ചത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി വിദ്യാർഥിനികൾക്കായി തുടങ്ങിയ പദ്ധതി  മന്ത്രി സി രവീന്ദ്രനാഥാണ് ഉദ്ഘാടനംചെയ്തത്. 
ഇതടക്കം വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നഗരസഭ നടപ്പാക്കുന്ന നിരവധി പദ്ധതികൾ സംസ്ഥാനത്തിന് മാതൃകയാവുകയാണ്. കേരളത്തിൽ വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ച നഗരസഭയാണ് പൊന്നാനി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം അഞ്ചു കോടി 84 ലക്ഷം രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കിയത്. നഗരസഭാ പദ്ധതിയായ അക്ഷര തിരയിലൂടെ വിദ്യാഭ്യാസ സംരക്ഷണയജ്ഞം പൂർണതോതിൽ ഏറ്റെടുത്ത് നടപ്പാക്കുകയാണ് നഗരസഭ. 
ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പത്തു പുതിയ പദ്ധതികൾക്കാണ് തുടക്കംകുറിച്ചിരിക്കുന്നത്. ഇതിൽ പ്രധാനമാണ് ഹാപ്പി ഡെയ്‌സ് പദ്ധതി.  പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥിനികൾക്ക് സൗജന്യമായി ഷീപാഡ് നൽകുക മാത്രമല്ല, നാപ്കിൻ സംസ്‌കരിക്കാനായി വിദ്യാലയങ്ങൾക്ക് ഇൻസിനറേറ്ററും നൽകും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top