17 November Saturday
11,803 കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കി

ദുരിതബാധിതര്‍ക്കെല്ലാം ആനുകൂല്യം: മന്ത്രി ജലീല്‍

സ്വന്തം ലേഖകൻUpdated: Sunday Sep 2, 2018
 
 
മലപ്പുറം
ജില്ലയിൽ പ്രളയദുരിതമനുഭവിച്ച 11,803 കുടുംബങ്ങളിൽനിന്ന് 40,822 പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ രജിസ്റ്റർചെയ്ത് താമസിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി   കെ ടി ജലീൽ പറഞ്ഞു. 
ഇതിനുപുറമെ ബന്ധുവീടുകളിലേക്ക്  മാറിത്താമസിച്ചത് 27,097 കുടുംബങ്ങളാണ്. മുഴുവൻ പേർക്കും സർക്കാർ നിർദേശിച്ച രീതിയിലുള്ള ആനുകൂല്യങ്ങൾ നൽകും. 
എന്നാൽ കുടുംബങ്ങൾ ബന്ധുവീടുകളിൽ മാറി താമസിച്ചതുസംബന്ധിച്ചുള്ള കണക്കുകൾ പൂർണമായും പരിശോധിക്കേണ്ടതുണ്ട്. 
ഇതുസംബന്ധിച്ച കൃത്യമായ പരിശോധനകൾ വില്ലേജ് ഓഫീസർമാർ നടത്തിവരികയാണ്. കാലവർഷക്കെടുതി ബാധിച്ച ജില്ലയിലെ മുഴുവൻ വില്ലേജുകളും സർക്കാർ തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തി മുഴുവൻ ആളുകൾക്കും സഹായം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 
ക്യാമ്പിൽ രജിസ്റ്റർചെയ്ത 11,803 കുടുംബങ്ങൾക്ക് കിറ്റുകൾ നൽകി. കിറ്റ് ലഭിക്കാത്തവർ അതത് വില്ലേജ് ഓഫീസറെ അറിയിക്കണം. ബന്ധുവീടുകളിൽ താമസിച്ചവർക്കുൾപ്പെടെ രജിസ്റ്റർചെയ്യുന്ന മുറയ‌്ക്ക് കിറ്റുകൾ ലഭിക്കും. 
ജില്ലയിലെ 138 വില്ലേജുകളിൽ 116 വില്ലേജുകൾ പ്രളയബാധിതമാണെന്ന് ജില്ലാ ഭരണവിഭാഗം കണ്ടെത്തിയിട്ടുണ്ട്. ആരംഭഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ലഭിച്ച കണക്കുകൾ പ്രകാരം 53 വില്ലേജുകൾ പ്രളയബാധിതമെന്നാണ‌് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിരീക്ഷണത്തിൽ വന്നത്.  
67 വില്ലേജുകൾകൂടി ഉൾപ്പെടുത്തണമെന്ന ശുപാർശ ദുരന്തനിവാരണ അതോറിറ്റിയുടെ കമ്മിറ്റിക്ക് നൽകി. റവന്യൂ വകുപ്പിന്റെ ഫ്‌ളഡ് മാപ്പുമായി ഒത്തുനോക്കിയാണ് അന്തിമ തീരുമാനം ദുരന്തനിവാരണ അതോറിറ്റിയുടെ കമ്മിറ്റി എടുക്കുന്നത്. 
ജില്ലയിൽ പ്രളയദുരന്തം ബാധിക്കപ്പെട്ട മുഴുവൻ വില്ലേജുകളും പട്ടികയിൽ നിർബന്ധമായും ഉൾപ്പെടുത്തും. 
7553 കുടുംബങ്ങൾക്ക് 
3800 വീതം നൽകി
10,000 രൂപയാണ് ഓരോ കുടുംബത്തിനും നഷ്ടപരിഹാരമായി സർക്കാർ നൽകുന്നത്. ഇതിൽ 6200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും 3800 രൂപ ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ടിൽ നിന്നുമാണ്. നിലവിൽ 3800 രൂപ വീതം 7553 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിക്കഴിഞ്ഞു. ശേഷിക്കുന്ന 4250 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭിക്കാത്തതിനാൽ തുക നൽകാനായിട്ടില്ല. ഇവർ വിവരങ്ങൾ നൽകുന്ന മുറയ്ക്ക് പണം നൽകും. ബാക്കി തുക ഒറ്റത്തവണയായി അക്കൗണ്ടുകളിലേക്ക് നൽകാനായി ജില്ലക്ക് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. അതത് തഹസിൽദാർമാർ പണം നൽകുന്നതിനായി തുക അനുവദിച്ചിട്ടുണ്ട്. 
44 കോടി അനുവദിച്ചു
6918 കുടുംബങ്ങൾക്കായി 6200 രൂപ നൽകുന്നതിനായി ഏഴ് തഹസിൽദാർമാർക്കും 4,28,91,600 കോടി രൂപവീതം നൽകി. 3800 രൂപവീതം നൽകാൻ  15 കോടിയിലധികം രൂപ കേന്ദ്രത്തിൽനിന്ന് ലഭിച്ചു. ബാക്കിയുള്ള 6200 രൂപ നൽകാനായി ആവശ്യമുള്ള 24.93 കോടിയും ലഭ്യമായിട്ടുണ്ട്. മഴക്കെടുതിയിൽ മലപ്പുറത്ത് 48 പേരാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു. ഒരാളെ കാണാതായി. 
തകർന്നത് 596 വീടുകൾ
നിലവിലെ കണക്കുകൾപ്രകാരം 596 വീടുകളാണ് പൂർണമായും തകർന്നത്. ഇത് സംബന്ധിച്ച സ്ഥല പരിശോധനകൾക്ക് ശേഷമേ കൃത്യമായ വിവരം ലഭിക്കൂ. ഭാഗികമായി തകർന്നത‌് 5303 വീടുകളാണ്. ഓരോ വീടുകൾക്കും എത്ര രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് എൻജിനിയർമാർ കണക്കുകൾ തയ്യാറാക്കി വരികയാണ്. ഇത് സംബന്ധിച്ച നഷ്ടത്തിന്റെ കണക്കുകൾ പത്തിനകം പൂർത്തിയാക്കി എസ്റ്റിമേറ്റ് ജില്ലാ ഭരണവിഭാഗത്തിന് സമർപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഭാഗികമായി തകർന്ന വീടുകൾ റിപ്പയർ ചെയ്യുന്നതിന് 386 കുടുംബങ്ങൾക്ക് 23.97 ലക്ഷം രൂപയാണ് നൽകിയത്. 
 4 ക്യാമ്പിൽ ഇനി 294 പേർ
 ജില്ലയിൽ നിലവിൽ നാല് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കൊണ്ടോട്ടി താലൂക്കിലെ മൊറയൂർ വില്ലേജിൽ രണ്ട് ക്യാമ്പുകളാണുള്ളത്. ബിആർസി കെട്ടിടത്തിൽ അഞ്ച് കുടുംബങ്ങളിൽനിന്നായി പതിനെട്ടാളുകളും കുന്നക്കാട് അങ്കണവാടിയിൽ മൂന്ന് കുടുംബങ്ങളുമാണ് താമസിക്കുന്നത്. നിലമ്പൂർ താലൂക്കിലെ കുറമ്പിലങ്ങോട് വില്ലേജിൽ എരഞ്ഞിമങ്ങാട് യത്തീംഖാനയിൽ 53 കുടുംബങ്ങളിൽനിന്നായി 183 ആളുകളുമുണ്ട്. പൊന്നാനി ഏഴുവത്തിരുത്തി ചമ്രവട്ടം പ്രൊജക്ട് ഓഫീസിലെ ക്യാമ്പിൽ 21 കുടംബങ്ങളിൽനിന്നായി 80 ആളുകളും താമസിക്കുന്നു. ഇത്തരത്തിൽ ജില്ലയിൽ ആകെ 82 കുടുംബങ്ങളിൽനിന്നായി 294 ആളുകളാണ് ക്യാമ്പുകളിലുള്ളത്. 
കൃഷി നഷ്ടം 121 കോടി
പ്രാരംഭ കണക്കുകൾ പ്രകാരം 121.21 കോടിയുടെ കൃഷിനാശമുള്ളതായാണ് വ്യക്തമാകുന്നത്. കന്നുകാലികൾക്കും പക്ഷി വർ​ഗങ്ങൾ ഇനത്തിൽ 4.55 കോടിയാണ് നഷ്ടം. റോഡുകൾ പാലങ്ങൾ എന്നിങ്ങനെ പൊതുമരാമത്തിനുമാത്രം നഷ്ടമായത് 246 കോടി രൂപയാണ്.  തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവക്കുണ്ടായ നഷ്ടം കണക്കാക്കുന്നതിന് ജില്ലാ ഉദ്യോഗസ്ഥർ ഉൾപ്പെടെ  ഉദ്യോഗസ്ഥർക്ക് ജില്ലാ ഭരണകേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
പ്രധാന വാർത്തകൾ
Top