23 September Sunday

ഇ‐ ഓഫീസ് പ്രഖ്യാപനം വെള്ളിയാഴ്ച

സ്വന്തം ലേഖകൻUpdated: Thursday Aug 2, 2018

 

 
മലപ്പുറം
നിയമന നടപടികൾ സുഗമമാക്കാൻ പിഎസ്‌സി  ജില്ലാ ഓഫീസ് ഹൈടെക്കാകുന്നു. ഫയലുകൾ സ്‌കാൻചെയ്ത് കംപ്യൂട്ടറിലാക്കുന്ന നടപടികൾ പൂർത്തിയായി. ഇ‐ ഓഫീസ് പ്രഖ്യാപനം വെള്ളിയാഴ്ച മലപ്പുറത്ത് പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ നിർവഹിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ പിഎസ്‌സി ഓഫീസുകളിലും ഫയൽ നീക്കം ഓൺലൈനാകും. മറ്റ് ജില്ലകളിൽ ഇ‐ ഓഫീസ് സംവിധാനം നേരത്തെ നിലവിൽ വന്നിരുന്നു. 
തിരുവനന്തപുരം കഴിഞ്ഞാൽ സംസ്ഥാനത്ത് കൂടുതൽ നിയമന ശുപാർശ നൽകുന്നത് മലപ്പുറത്താണ്. താലൂക്കുകളും സർക്കാർ ഓഫീസുകളും കൂടുതലുള്ള ജില്ലയിൽ ഏറെപേർ അപേക്ഷയും നൽകുന്നു. ജൂൺ 30 വരെ 9,06,343 പേർക്ക് നിയമന ശുപാർശ നൽകി. നിലവിൽ 117 റാങ്ക് പട്ടികകൾ നിലവിലുണ്ട്. കഴിഞ്ഞമാസം 98 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. മാസം ഇരുന്നൂറോളം നിയമന ശുപാർശകൾ നൽകുന്നുണ്ട്.
സിവിൽ സ്‌റ്റേഷൻ വളപ്പിൽ പ്രവർത്തിക്കുന്ന ജില്ലാ പിഎസ്‌സി ഓഫീസിൽ എട്ട് വിഭാഗങ്ങളുണ്ട്. നിയമന ശുപാർശ നൽകൽ, അഭിമുഖം നടത്തൽ, അനുബന്ധ ജോലികൾ എന്നിവ മൂന്ന് റിക്രൂട്ടിങ് സെഷനുകളിലായാണ് നടത്തുന്നത്. പരീക്ഷ നടത്തുന്ന സെഷനും രണ്ട് സീക്രട്ട്  സെഷനുകളും വേറെ. ഇവിടെ റാങ്ക് പട്ടിക, ചുരുക്ക പട്ടിക, സാധ്യതാ പട്ടിക, രേഖകളുടെ പരിശോധന എന്നിവ അതീവ സൂക്ഷ്മമായി നടത്തുന്നു. കായികക്ഷമത, പ്രായോഗിക പരീക്ഷകളും സീക്രട്ട് സെഷന്റെ ചുമതലയാണ‌്. സർവീസ് വെരിഫിക്കേഷൻ വിഭാഗമാണ് അടുത്തത്. സേവന പരിശോധനയും അഡ്വൈസ് ചെയ്തവർ തന്നെയാണോ നിയമിതരായിരിക്കുന്നത് എന്നതടക്കമുള്ള പരിശോധനകളും ഇവിടെയാണ്. കത്തയക്കലും ജീവനക്കാരുടെ സേവന, വേതന കാര്യങ്ങളും സ്ഥലംമാറ്റവുമൊക്കെ കൈകാര്യംചെയ്യുന്നത് എസ്റ്റാബ്ലിഷ്‌മെന്റ് സെഷനിലാണ്.   
ഫയലുകളുടെ എണ്ണം ചുരുങ്ങുന്നത് വലിയ ആശ്വാസമാകുമെന്നും ഓഫീസ് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുമെന്നും ജില്ലാ ഓഫീസർ മോഹനൻ പറഞ്ഞു. മറ്റ് ഓഫീസുകളിലേക്കും ഓൺലൈനായി വിവരങ്ങൾ കൈമാറാം. രേഖകൾ സ്‌കാൻചെയ്ത് അയക്കാം. ഇതോടെ നിയമന കാര്യങ്ങൾ കൂടുതൽ സുതാര്യവും സുഗമവുമാകും. ഡെപ്യൂട്ടി സെക്രട്ടറി റാങ്കുള്ള ജില്ലാ ഓഫീസർ, രണ്ട് അണ്ടർ സെക്രട്ടറി, എട്ട് സെഷൻ ഓഫീസര്‍, ഓഫീസ് സൂപ്രണ്ട് എന്നിവരടക്കം 58 ജീവനക്കാർ ജില്ലാ ഓഫീസിലുണ്ട്. 
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷമാണ് ജില്ലാ പിഎസ്‌സി ആസ്ഥാനത്തിന് പുതിയ മന്ദിരം നിർമിക്കാൻ സ്ഥലം ലഭിച്ചത്. മുൻ എൽഡിഎഫ് സർക്കാർ ഇതിനായി നടപടികൾ ആരംഭിച്ചെങ്കിലും പിന്നീട‌് വന്ന യുഡിഎഫ് സർക്കാർ അവഗണിക്കുകയായിരുന്നു. സിവിൽ സ്‌റ്റേഷനിൽതന്നെ റവന്യു വകുപ്പിന്റെ 30 സെന്റ് സ്ഥലമാണ് ഇപ്പോൾ അനുവദിച്ചത്. ഇത് പിഎസ്‌സിക്ക് കൈമാറി. കെട്ടിട നിർമാണത്തിനുമുമ്പ്  ഭൂപ്രകൃതി വിവരങ്ങൾ പരിശോധിക്കാൻ ടോട്ടൽ സ്‌റ്റേഷൻ സർവേക്കുള്ള നടപടികളും ആരംഭിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top