14 November Wednesday

നിലയ്ക്കുന്നില്ല, കാൽപ്പന്തിന്റെ കളഗാനം

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

രാജാജി മെഹ്ഫിൽ മാപ്പിളകലാ അക്കാദമിയുടെ നേതൃത്വത്തിൽ 'ഫുട്‌ബോളിന്റെ താളവും മാപ്പിളപ്പാട്ടിന്റെ ഈണവും' പേരിൽ മലപ്പുറം കെഎസ്ആർടിസി പരിസരത്ത് നടത്തിയ ഫുട്‌ബോൾ ഗാനാലാപനം

മലപ്പുറം
നിലയ്ക്കുന്നില്ല 
കാൽപ്പന്തിന്റെ കളഗാനം
കേളി മികന്തൊരു നാട്ടിൽ 
കാൽപ്പന്തിന്റെ നാടിൽ 
മലപ്പുറമെന്നൊരു നാട്...
കുട്ടികളായ നിസ്ബയും ഫഹദും ഫുഹാദും നിദായും ഷഹർബാനുവും ഫെബിൻതാജും നാജിത നിസ്ബയും മജീദും  ഒക്കെ പാടുകയാണ്. മലപ്പുറത്തിന്റെയും ആ മണ്ണിന്റെ മനസ്സിലലിഞ്ഞ സോക്കർ സ്‌നേഹത്തെപറ്റി. മാപ്പിളപ്പാട്ടിന്റെ താളംനിറഞ്ഞ അവരുടെ പാട്ടുകേൾക്കാൻ കെഎസ്ആർടിസി സ്റ്റാൻഡിനുമുന്നിൽ യാത്രക്കാരടക്കം നിരവധി പേർ ഒത്തുകൂടി. ബ്രസീലിന്റെയും അർജന്റീനയുടെയും ജേഴ്‌സിയണിഞ്ഞാണ് രാജാജി മെഹ്ഫിൽ മാപ്പിള കലാ അക്കാദമിയിലെ ഇരുപതോളം കുട്ടികൾ സോക്കർ ഗാനങ്ങൾ ആലപിച്ചത്. ഫുട്‌ബോളിന്റെ താളവും മാപ്പിളപ്പാട്ടിന്റെ ഈണവും എന്ന പേരിലായിരുന്നു സംഗീത പരിപാടി. 
കാൽപ്പന്തിന്റെ കമ്പം തലയ്ക്കുപിടിച്ചുകഴിഞ്ഞാൽ മലപ്പുറം ഇങ്ങനെയൊക്കെയാണ്. ഇഷ്ടടീമുകളും താരങ്ങളും കളംവാണാലും തോറ്റ് വീണാലും അവർ ആരവം മുടക്കില്ല. കാൽപ്പന്തിന്റെ വീരഗാഥകൾ പാടിക്കൊണ്ടേയിരിക്കും. അർജന്റീനയും പോർച്ചുഗലും പ്രീ ക്വാർട്ടറിൽ തോറ്റുപുറത്തായത് അറിഞ്ഞില്ലേ എന്ന് കുട്ടികളോട് ചോദിച്ചപ്പോൾ എന്നാലും ഞങ്ങൾ ഫുട്‌ബോളിനായി പാടുമെന്നായിരുന്നു മറുപടി. നെയ്മറും ബ്രസീലും ഇനിയും കളിക്കുന്നുണ്ടല്ലോ. 
ലോകകപ്പ് തുടങ്ങിക്കഴിഞ്ഞപ്പോൾമുതൽ മലപ്പുറത്തിന്റെ മനസ്സിൽനിന്ന് ദേശ, ഭാഷാ അതിരുകൾ മാഞ്ഞുതുടങ്ങിയെന്ന് കുട്ടികൾക്കൊപ്പം പാടിയ ഫിറോസും റുഖിയയും ഗംഗാധരനും ആദിൽ പന്തല്ലൂരുമൊക്കെ പറഞ്ഞു.  'ഇഷ്ടടീമുകളിലെ താരങ്ങളൊക്കെ കുടുംബാംഗങ്ങളെപ്പോലെയാണ് ഞങ്ങൾക്ക്' ആ വാക്കുകളിലുണ്ട് മലപ്പുറത്തിന്റെ കളിയാരാധനയത്രയും. 'മതമില്ലാത്തൊരു കളിയും അതിരുകളില്ലാത്ത പടയും രാജ്യാതിർത്തിക്കപ്പുറമുള്ള കളികളെ മനസ്സിൽ കൊണ്ടുനടക്കുന്നവരാണ് മലപ്പുറം നാട്ടുകാർ...'തുടങ്ങിയ വരികൾ ഹനീഫ് രാജാജിയുടേതാണ്. സംഗീതം നൽകിയ കെ പി ഹമീദ് പടിഞ്ഞാറ്റുമുറിതന്നെയാണ് ഹാർമോണിയം വായിച്ചത്. തബല പി ടി മുസ്തഫയും. 
മെസിയും റൊണാൾഡോയും മടങ്ങിയതോടെ മങ്ങലേറ്റെങ്കിലും മലപ്പുറത്തിന്റെ കളിയാരവങ്ങൾ നിലയ്ക്കുന്നില്ല. വീരോചിതം പൊരുതിയതിനാൽ ലോക ഫുട്‌ബോളിന്റെ  ഈ അധിപന്മാർ അവരുടെ മനസ്സിൽനിന്ന് മായുന്നുമില്ല. ആരൊക്കെ ട്രോളിയാലും ഇഷ്ട ടീമിനെയും താരങ്ങളെയും ആരും തള്ളിപ്പറയുന്നില്ല. അടുത്ത തവണ കാണാമെന്ന് പ്രഖ്യാപനം. അർജന്റീന പോയതോടെ ഇനി സമ്മർദം ബ്രസീൽ ആരാധകർക്കാണ്. കിലിയൻ എംബാപ്പെ കളിപ്രേമികളുടെ കണ്ണിലുണ്ണിയായിക്കഴിഞ്ഞു. റൊമേലു ലുകാക്കു, ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ തുടങ്ങിയവരുടെ കാലുകളിലേക്കാണ് മലപ്പുറത്തിന്റെ കളിക്കമ്പം ചുവടുമാറ്റുന്നത്.
പ്രധാന വാർത്തകൾ
Top