15 November Thursday

ആധിയൊഴിയാൻ മലയിറങ്ങണം

കെ പി പ്രവീഷ‌്Updated: Saturday Sep 1, 2018

കണ്ടിലപ്പാറയിൽ ഉരുൾപൊട്ടലിൽ തകർന്ന ​​ഗ്രേസിയുടെ വീട്

 
നിലമ്പൂർ
കുത്തിയൊലിച്ചിറങ്ങിയ മലയോടൊപ്പം മുറ്റവും വരാന്തയുമടക്കം ഒഴുകിപ്പോയ മണിമല ഗ്രേസിയുടെ വീട‌്. മലമുകളിൽനിന്ന‌് ഇളകിവന്ന മൺകൂനകളെ താങ്ങുപയോഗിച്ച‌് തടഞ്ഞുനിർത്തിയ മഞ്ഞക്കടവ‌് ലക്ഷ‌്മിയുടെ രണ്ടുമുറി ഭവനം. ടാർപോളിൻ ഷീറ്റിനുള്ളിൽ ദുരിതംമാത്രം എത്തിനോക്കുന്ന കേലന്റെയും മീനാക്ഷിയുടെയും കുടിൽ. കണ്ടിലപ്പാറ കോളനിയിലെ 27 കുടുംബങ്ങളുടെയും ഉള്ളം  മലനിരകളിൽനിന്ന‌് കിനിഞ്ഞിറങ്ങുന്ന കാട്ടരുവിയേക്കാൾ ശക്തമായി പതഞ്ഞൊഴുകുകയാണ‌്. കോളനിവാസികളുടെ ദുഖം  വാക്കുകൾ മുറിഞ്ഞ‌് ഒഴുകിപ്പരന്നു. ‘ഒരു വീടുകെട്ടിതന്നാൽ ഭൂമിയുടെ ഏത‌് അറ്റത്തേക്ക‌് വേണമെങ്കിലും പൊയ‌്ക്കോളാം, ഇനി ഇവിടെ വയ്യ’.  ദുരന്തം ഭീതിവിതച്ച കണ്ണുകളോടെ എല്ലാവർക്കും പറയാനുള്ളത‌് ഒന്നുമാത്രം. 
 മലമുകളിൽ സ്വന്തമായി 53 സെന്റ‌് സ്ഥലമുണ്ടെങ്കിലും വീട‌് വയ്ക്കാൻ അനുയോജ്യമായ നാല‌് സെന്റ‌് ഭൂമിമാത്രമാണ‌് മഞ്ഞക്കടവ‌് ലക്ഷ‌്മിക്കും കുടുംബത്തിനുമുള്ളത‌്. കുട്ടികളുൾപ്പെടുന്ന ആറുപേരടങ്ങുന്ന മൂന്ന‌് കുടുംബമാണ‌് ഇവിടെ താമസം. വീടിന്റെ കുളിമുറിയടക്കം ഉരുൾപൊട്ടലിൽ തകർന്നിട്ടുണ്ട‌്.  നടുക്കുന്ന ഓർമകൾ മായാതെ കിടക്കുന്നതിനാൽ രാത്രിയിൽ സമീപത്തെ വീടുകളിലും മറ്റുമായാണ‌് ഈ കുടുംബത്തിന്റെ താമസം.
 കുന്നിൻമുകളിലെ മണിമല ഗ്രേസിക്ക‌് ഇനിയൊരിക്കലും പഴയ വീട്ടിലേക്ക‌് തിരികെ പോകാനാകില്ല. കൂലിപ്പണിക്കാരനായ വയലാലി ദാമുവിന്റെയും രാധികയുടെയും കുടിലും മലയോട‌് തൊട്ട‌ുരുമ്മിനിൽക്കുന്നു. ‘പേടിയില്ലാതെ കിടന്നുറങ്ങുകയും സ‌്കൂളിലേക്ക‌് പോകാനും കഴിയുന്ന നല്ല ദിനങ്ങൾ ഞങ്ങൾക്ക‌് എന്ന‌് സാധ്യമാകും’ എന്നായിരുന്നു ഇവരുടെ മകൻ ഒമ്പതുവയസുകാരൻ ഷിനുവിന്റെ ചോദ്യം. മലകയറി എത്തുന്ന ജീപ്പുകളിലെ അരിയും മറ്റ് സാമഗ്രികളും കാത്തുകഴിയുന്ന കേലന്റെയും ചിരുതയുടെയും കുടിലും മലമുകളിലെ ദുരിതജീവിതം വരച്ചുകാട്ടുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top