24 September Monday

ജില്ലയിൽ ആദ്യഘട്ടം തുടങ്ങി അക്ഷരവെളിച്ചമേകാൻ ‘നവചേതനയും’ ‘സമഗ്രയും'

ടി വി സുരേഷ‌്Updated: Sunday Jul 1, 2018

 

 
മഞ്ചേരി 
ശേഷിക്കുന്ന നിരക്ഷരരെ കൈപിടിച്ചുയർത്താൻ സാക്ഷരതാമിഷന്റെ  ‘നവചേതന' ‘സമഗ്ര'  പദ്ധതികളുടെ ആദ്യഘട്ടം ജില്ലയിൽ തുടങ്ങി. പട്ടികജാതി കോളനിയിൽ ‘നവചേതന'  പേരിലും പട്ടികവർഗ കോളനികളിൽ ‘സമഗ്ര'  പേരിലുമാണ‌് പദ്ധതി. 
പട്ടികജാതി വിഭാഗത്തിലെ പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് തുടർപഠനം ഒരുക്കുന്നതാണ‌് ‘നവചേതന’. ജില്ലയിലെ ആലിപറമ്പ്, മങ്കട, തിരുവാലി, ഒഴൂർ, പൂക്കോട്ടൂർ, പുൽപ്പറ്റ, കണ്ണമംഗലം തുടങ്ങി ഏഴ് പഞ്ചായത്തുകളിലെ ഓരോ കോളനിയിലാണ് പദ്ധതിയുടെ ആദ്യഘട്ടം. സർവേയിലൂടെ കണ്ടെത്തിയ 114 പേരാണ് നവചേതനയിലെ പഠിതാക്കൾ. ഇൻസ‌്ട്രക്ടർമാരും പട്ടികജാതി വിഭാഗത്തിലുൾപ്പെട്ടവരാണ‌്. 
നെടുങ്കയം, ചോക്കാട്, അമരമ്പലം, ചാലിയാർ, വഴിക്കടവ്, എടക്കര, ചുങ്കത്തറ തുടങ്ങിയ ഏഴ് ആദിവാസി ഊരുകളിലാണ്  ‘സമഗ്ര’  നടപ്പാക്കുന്നത‌്. 78 പുരുഷൻമാരും 139 സ്ത്രീകളും ഉൾപ്പെടെ 217 പേരാണ് ആദ്യഘട്ടത്തിലെ പഠിതാക്കൾ. ഇതിനായി പട്ടികവർഗ വിഭാത്തിൽപ്പെട്ട ഏഴ് പ്രേരക്മാരെയും നിയമിച്ചു. പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യ വികസന പരിപാടികളും സംഘടിപ്പിക്കും. 
നാലുമാസമാണ് സാക്ഷരതാ ക്ലാസിന്റെ ദൈർഘ്യം. വിജയിക്കുന്നവർക്ക് നാലാംക്ലാസ്, ഏഴാംക്ലാസ് തുല്യതാ കോഴ്‌സുകൾ നൽകും. മൂന്നുഘട്ടങ്ങളിലായി പാഠപുസ്തകം തയാറാക്കും. 20 പേർക്ക് ഒരു പഠനകേന്ദ്രം എന്ന നിലയിൽ വൈകിട്ടും അവധി ദിവസങ്ങളിലുമാകും ക്ലാസ‌്. പട്ടികവർഗ വകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സഹകരണവും പദ്ധതിക്കുണ്ട്. പഞ്ചായത്തുകളും പ്രാദേശികമായുള്ള സന്നദ്ധ സംഘടനകളുമായി ചേർന്ന് പഠനോപകരണം, കണ്ണട, ഭക്ഷണം എന്നിവ ഒരുക്കുന്നതിന്റെ  ആലോചനയിലാണ‌്. 
മെഡിക്കൽ ക്യമ്പുകൾ നടത്തി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകളും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ചർച്ചകളും കൗൺസലിങ്ങും നൽകും. പഠിതാക്കൾക്കായി കായികമേളയും സർഗോത്സവവും സംഘടിപ്പിക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായി ആസൂത്രണസമിതി രൂപീകരിച്ചു. 
ട്രാൻസ്‌ ജെൻഡേഴ്‌സിന്റെ സാമൂഹിക മുന്നേറ്റത്തിന് വഴിയൊരുക്കുന്ന തുടർവിദ്യാഭ്യാസ പദ്ധതി ‘സമന്വയ'ക്കും ജില്ലയിൽ തുടക്കമായി. രണ്ടുപേരാണ് പദ്ധതിയിൽ രജിസ്റ്റർചെയ്തത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top