17 November Saturday

വീടുകളിൽ വൈദ്യുതി എത്തിച്ച‌് വയറിങ് തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 കോഴിക്കോട‌്

പ്രളയബാധിതർക്ക്  വെളിച്ചമെത്തിക്കുകയാണ് ജില്ലയിലെ വയറിങ് തൊഴിലാളികൾ. വൈദ്യുതി വകുപ്പുമായി ചേർന്നാണ് ദുരിതബാധിത മേഖലകളിൽ ഇവർ പ്രവർത്തിക്കുന്നത്. 
വൈദ്യുതി ബന്ധം തകരാറിലായതും വിച്ഛേദിക്കപ്പെട്ടതുമായ വീടുകളിലാണ് ഇവർ സഹായഹസ്തവുമായി എത്തുന്നത്. ഇതിനായി കെഎസ്എബിയുടെ സ്‌ക്വാഡ് ജില്ലയിലെ പ്രളയബാധിതമായ അയ്യായിരം വീടുകൾ സന്ദർശിച്ചു. ഭൂരിഭാഗം വീടുകളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. പ്രളയാനന്തരം വീടുകളിൽ തിരിച്ചെത്തുന്നവർക്കായി വൈദ്യുതി പ്രവർത്തിപ്പിക്കാനാവശ്യമായ സുരക്ഷാ നിർദേശങ്ങളും കെഎസ്ഇബി നൽകിയിരുന്നു. 
സ്‌ക്വാഡിന്റെ പരിശോധനക്കുശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്ത 34 വീടുകൾ ആളുകൾ ഇനിയും തിരിച്ചെത്താത്തവയാണ്. 
ഇവയിൽ 15 വീടുകൾ പൂർണമായും നശിച്ചു. ബാക്കിയുള്ള വീടുകളിൽ വയറിങ്ങിലെ തകരാറുകൾ പരിഹരിക്കാനായി ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് അസോസിയേഷൻ സൗജന്യമായി ഉപകരണങ്ങൾ നൽകുകയും വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സൗജന്യമായി വൈദ്യുതീകരണം നടത്തുകയും ചെയ്തു. വയറിങ് പൂർണമായും നശിച്ച് വൈദ്യുതി വിച്ഛേദിക്കപ്പെട്ട വീടുകളിൽ റ്റു പോയിന്റ് കണക‌്ഷൻ നൽകാനും കെഎസ്ഇബി സന്നദ്ധമാണ്. എർത്ത‌് ലീക്കേജ് സർക്യൂട്ട് രീതിയിലൂടെ ഒരു പ്ലഗ് പോയിന്റും ലൈറ്റ് പോയിന്റുമാണ് ലഭ്യമാക്കുക. പ്രളയത്തിനുശേഷം വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ തകരാറുകളും ഉടൻ പരിഹരിക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നതെന്ന് കെഎസ്ഇബി കോഴിക്കോട് ഡെപ്യൂട്ടി ചീഫ് എൻജിനിയർ ബോസ് ജേക്കബ് പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top