20 September Thursday

വീടനങ്ങി, ജീവിതം തളിർക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 കോഴിക്കോട‌്

തടമ്പാട്ടുതാഴത്തെ വീട്ടിൽ ഉപയോഗിക്കാൻ പറ്റാത്ത പാത്രങ്ങളും കിടക്കയും മറ്റ‌് ഉപകരണങ്ങളും കെട്ടിവച്ചിരിക്കയാണ‌് അസ‌്കർ.  ഇനി അതെല്ലാം കിട്ടിയ വിലയ‌്ക്ക‌് വിൽക്കാനേ പറ്റൂ. പ്രളയത്തിനുശേഷം കഴിഞ്ഞ ദിവസമാണ‌് അസ‌്കറും കുടുംബവും ബന്ധുവിന്റെ വീട്ടിൽനിന്ന‌് തിരിച്ചെത്തിയത‌്. സാധാരണ ദിനചര്യകളിലേക്കെത്തുമ്പോഴും പ്രളയത്തിന്റെ അടയാളങ്ങളുമായി കിടക്കയും പാത്രങ്ങളും പൊട്ടിപ്പൊളിഞ്ഞ ഫർണിച്ചറുകളും കൂട്ടിവച്ചിട്ടുണ്ട‌്. ‘ ഇതെല്ലാമൊന്ന‌് മാറ്റണം. ബാക്കി കാര്യങ്ങളെല്ലാം സർക്കാരിന്റെയും നാട്ടുകാരുടെയും സഹായത്താൽ വലിയ കുഴപ്പമില്ലാതെ മുന്നോട്ട‌് പോവുന്നു’‐അസ‌്കറിന്റെ വാക്കുകളിൽ നാടിന്റെ കൂട്ടായ‌്മയുടെ വിജയം.
കുത്തിയൊലിച്ചെത്തിയ മഴവെള്ളം തീർത്ത ദുരിത കയത്തിൽനിന്ന‌് ജില്ല കരകയറിത്തുടങ്ങി. മിക്ക വീടുകളുടെയും അടുക്കളയിൽ പുക ഉയർന്നു. അലക്കലും പാചകവും കുട്ടികൾ സ‌്കൂളിൽ പോകുന്ന തിരക്കും.  
നീണ്ട അവധിക്ക‌് ശേഷം തുറന്ന സ‌്കൂളിലേക്ക‌് കുട്ടികളും പോയിത്തുടങ്ങിയതോടെ സാധാരണ ജീവിതത്തിന്റെ അലയൊലിയായി എങ്ങും. വെള്ളം വലിഞ്ഞ‌് വീട‌് വൃത്തിയാക്കിയതോടെയാണ‌് ക്യാമ്പുകളിൽനിന്ന‌് ആളുകൾ വീടുകളിലേക്ക‌് മാറിയത‌്. വീട്ടിലെത്തിയവർക്കെല്ലാം ഭക്ഷ്യധാന്യങ്ങളുടെയും വസ‌്ത്രങ്ങളുടെയും കിറ്റുകൾ സർക്കാരും മറ്റ‌് സന്നദ്ധ പ്രവർത്തകരും എത്തിച്ചുനൽകി. ‘എല്ലാ സാധനങ്ങളും കിട്ടീട്ടുണ്ട‌്. കുറേ ദിവസത്തേക്ക‌് കഴിയാനുള്ള അരിയും സാധനങ്ങൾ എല്ലാവരുംകൂടെ എത്തിച്ചു. വീടിന‌് കുറച്ച‌് കേടുപാടുകൾ പറ്റി. ആ വിഷമമാണുള്ളത‌്’ കല്ലൂട്ടി വയലിലെ എഴുപതുകാരനായ നാരായണ ദാസ‌് പറയുന്നു.   
ജില്ലയിൽ രണ്ട‌് ക്യാമ്പുകളിലായി ഇനി 26 പേർ മാത്രമാണുള്ളത‌്. വീട‌് പൂർണമായി തകർന്ന ഇവർക്ക‌് വാടകവീട‌് ലഭിക്കുന്നതോടെ മടങ്ങാനാകും. പ്രളയം രൂക്ഷമായിരുന്ന മേഖലകളിലെല്ലാം ദുരിതമുഖം മാഞ്ഞുതുടങ്ങി. സ‌്കൂൾ തുറന്നതോടെ ബന്ധുക്കളുടെ അടുത്ത‌് താമസിക്കുന്നവരിൽ മിക്കവരും വീടുകളിൽ എത്തി. സന്നദ്ധ സംഘടനകളുടെയും വളന്റിയർമാരുടെയും സഹായത്തിലാണ‌്  ശുചീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചത‌്. മുക്കം മേഖലയിൽ 30 ഓളം വീടുകൾ പൂർണമായി തകർന്നിരുന്നു. ഇവിടെയുള്ളവരെല്ലാം  വാടക വീടുകളിലാണ‌് കഴിയുന്നത‌്. 
പ്രളയം നേരിട്ടനുഭവിച്ച ഒരു ലക്ഷം ആളുകളിൽ 44,328 പേരാണ‌്  ക്യാമ്പുകളിൽ എത്തിയത‌്. ബാക്കിയുള്ളവർ ബന്ധുവീടുകളിലും മറ്റുമാണ‌് താമസിച്ചത‌്. 119 വീടുകൾ പൂർണമായും 2888 വീടുകൾ ഭാഗികമായും നശിച്ചു. 171 വീടുകൾ വാസയോഗ്യമല്ലാതായി.  സർക്കാരിന്റെയുൾപ്പെടെയുള്ള കിറ്റുകളും ശുചീകരണ ഉപകരണങ്ങളും സഹായങ്ങളുമെല്ലാം ലഭിച്ചത‌് ദുരിതബാധിതർക്ക‌് താൽക്കാലിക ആശ്വാസമായി. നഷ‌്ടപ്പെട്ട രേഖകളും മറ്റും തിരിച്ചു പിടിയ്‌ക്കാൻ അദാലത്തുകളും നടക്കുന്നുണ്ട‌്.
പ്രധാന വാർത്തകൾ
Top