22 November Thursday

സ‌്കൂളുകൾ തയ്യാർ നഷ്ടപ്പെട്ട പുസ‌്തകങ്ങളും പഠനോപകരണങ്ങളും ഉടൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 

കോഴിക്കോട‌് 
മഴക്കെടുതിയിൽ നഷ്ടമായ പാഠപുസ‌്തകം അടക്കമുള്ള പഠനോപകരണങ്ങളുടെ കണക്കെടുപ്പ‌് വ്യാഴാഴ‌്ച പൂർത്തിയാക്കും. മഴക്കെടുതിക്കും ഓണാവധിയ‌്ക്കും ശേഷം സ‌്കൂളുകൾ തുറക്കുന്ന  ബുധനാഴ‌്ച തന്നെ  പ്രധാനാധ്യാപകരുടെ നേതൃത്വത്തിൽ കണക്കെടുപ്പും തുടങ്ങും. സെപ‌്തംബർ ആദ്യവാരത്തോടെ വിദ്യാഥികൾക്ക‌് സഹായം എത്തിക്കും. പ്രളയത്തിൽ മുങ്ങിയതും  ദുരിതാശ്വാസ ക്യാമ്പുകളായി മാറിയ സ‌്കൂളുകളും അധ്യയനത്തിനായി ഒരുങ്ങിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ കെ സുരേഷ‌് കുമാർ പറഞ്ഞു.  
പ്രളയബാധിതരായ വിദ്യാർഥികളെ സഹായിക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ‌് നടപ്പാക്കുന്ന ‘സാന്ത്വനം’ പദ്ധതിയിലൂടെയാണ‌് സഹായം എത്തിക്കുക. ജില്ലയിൽ  വിവിധ പാഠപുസ‌്കങ്ങളുടെ സ‌്റ്റോക്ക‌് ഇപ്പോഴും ഉണ്ട‌്. കണക്കെടുപ്പിന‌് ശേഷം ആവശ്യത്തിനനുസരിച്ച‌് നോട്ട‌്ബുക്കുകളും ബാഗുകളും മറ്റ‌് പഠനോപകരണങ്ങളും എത്തിക്കും. ഇതിനായി സന്നദ്ധ സേവകരുടെ സഹായം തേടും.  സെപ‌്തംബർ 15നകം യൂണിഫോമും തയ്യാറാകും.  വിദ്യാഭ്യാസ  സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക്  അത്  പുനർനിർമിക്കുവാനായി താലൂക്ക‌് അടിസ്ഥാനത്തിൽ അദാലത്തുകൾ  നടത്തും.  
ഒരു  വർഷം നീളുന്ന സാന്ത്വനം പദ്ധതിയുടെ  ഏകോപനത്തിനും നടത്തിപ്പിനും ഡിഡിഇ ഓഫീസ് ജീവനക്കാരുടെ  കർമസേന  രൂപീകരിച്ചിട്ടുണ്ട‌്. ചുരുക്കം ചില സ‌്കൂളുകളിൽ മാത്രമാണ‌് കാലവർഷക്കെടുതിയിൽ നാശമുണ്ടായത‌്. ചില സ‌്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളായും പ്രവർത്തിച്ചു. കക്കോടി ഗവ. എൽപി സ‌്കൂൾ സമീപത്തെ ബിആർസിയിൽ അധ്യയനം നടത്തും. കക്കോടി പ്രാഥമികാരോഗ്യകേന്ദ്രം താൽക്കാലികമായി ഗവ. എൽപി സ‌്കൂളിലേക്ക‌് മാറ്റിയതിനെ തുടർന്നാണിത‌്. മറ്റെല്ലാ സ‌്കൂളുകളും പൂർണതോതിൽ പ്രവർത്തന സജ്ജമാണ‌്. 
പ്രധാന വാർത്തകൾ
Top