15 November Thursday

ശുചീകരണം പൂർത്തിയായി; സ‌്കൂളുകൾ നാളെ തുറക്കും

സ്വന്തം ലേഖികUpdated: Tuesday Aug 28, 2018
കോഴിക്കോട‌്
മഴക്കെടുതികളും ഓണാവധിയും കഴിഞ്ഞ‌് കുട്ടികൾ ബുധനാഴ‌്ച മുതൽ സ‌്കൂളിലേക്ക‌്. പ്രളയത്തെ തുടർന്ന‌് ജില്ലയിലെ നൂറിലേറെ സ‌്കൂളുകൾ ക്യാമ്പുകളായിരുന്നു. എല്ലാ സ‌്കൂളുകളും കഴിഞ്ഞ 23 മുതൽ തുടങ്ങിയ ശുചീകരണ പ്രവൃത്തി പൂർത്തിയാക്കി അധ്യയനത്തിനായി ഒരുങ്ങി. വെള്ളക്കെട്ട‌ുമൂലം കക്കോടി പ്രാഥമികാരോഗ്യ കേന്ദ്രം താൽക്കാലികമായി  കക്കോടി ഗവ. എൽപി സ‌്കൂളിലേക്ക‌് മാറ്റിയിരുന്നു. ഈ സ്ഥിതി ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ കുട്ടികളെ ഇരുത്താനായി സമീപത്തെ ബിആർസിയുടെ രണ്ട‌് മുറികൾ ഉപയോഗപ്പെടുത്തും. മറ്റെല്ലാ സ‌്കൂളുകളും  പൂർണതോതിൽ  പ്രവർത്തനം തുടങ്ങും.
പ്രളയബാധിത സ‌്കൂളുകളിലും ക്യാമ്പുകളായ സ‌്കൂളുകളിലും മാലിന്യവും മറ്റും നീക്കി ശുചീകരിക്കുന്ന പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ‌്. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചേർന്ന‌ കൂട്ടായ‌്മയിലാണ‌് ‌സ‌്കൂളുകൾ വൃത്തിയാക്കിയത‌്.  സ‌്കൗട്ട‌്, ഗൈഡ‌്സ‌്, എൻസിസി, ജൂനിയർ റെഡ‌്ക്രോസ‌് , എൻഎസ‌്എസ‌്, ബുൾബുൾ  എന്നിവയുടെ സേവനവുമുണ്ടായി. ചുരുക്കം ചില സ‌്കൂളുകളിൽ മാത്രമാണ‌് കാലവർഷക്കെടുതിയിൽ നാശമുണ്ടായത‌്. രാരോത്ത‌് എച്ച‌്എസ‌്എസിന്റെ കെട്ടിടം മഴയിൽ തകർന്നു. പണി പൂർത്തിയായ  പുതിയ കെട്ടിടത്തിലേക്ക‌് അധികം വൈകാതെ  കുട്ടികളെ മാറ്റും. ചെറുവണ്ണൂർ സ‌്കൂളിൽ മഴയിൽ ഫർണിച്ചറുകൾ കേട‌ുവന്നിട്ടുണ്ട‌്. 
പ്രളയത്തിൽ പുസ‌്തകവും ബാഗും യൂണിഫോമും നഷ‌്ടപ്പെട്ടവർക്ക‌് അത‌് ലഭ്യമാക്കാനുള്ള നടപടി ഉടൻ കൈക്കൊള്ളുമെന്ന‌് ഡിഡിഇ ഇ കെ സുരേഷ‌്കുമാർ അറിയിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ‌് തയ്യാറാക്കിയ ‘സാന്ത്വനം’ പദ്ധതിയുടെ ഭാഗമായാണ‌് നഷ‌്ടപ്പെട്ടവ തിരിച്ചു പിടിക്കുന്നത‌്.  ഇതിനായി വ്യാഴാഴ‌്ച എഇഒമാരുടെയും ഡിഇഒമാരുടെയും  യോഗം ചേരും. നഷ‌്ടപ്പെട്ട ബാഗ‌്, നോട്ട‌്ബുക്ക‌്, യൂണിഫോം, ഇൻസ‌്ട്രുമെന്റ‌് ബോക‌്സ‌് തുടങ്ങിയവയുടെ  റിപ്പോർട്ട‌് ശേഖരിച്ച‌് ഒരാഴ‌്ചക്കുള്ളിൽ സബ‌്ജില്ലാ തലത്തിൽ  വിതരണ നടപടി കൈക്കൊള്ളും. യൂണിഫോമുകൾ സെപ‌്തംബർ 15നകം തയ്യാറാക്കി നൽകാൻ വ്യവസായ വകുപ്പിനോട‌് ആവശ്യപ്പെട്ടിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
Top