16 November Friday

ജാതി സർട്ടിഫിക്കറ്റ‌് വൈകി; ന്യൂനപക്ഷ കമീഷന്‍ റിപ്പോര്‍ട്ട് തേടി

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018

 

കോഴിക്കോട‌്
മകന് ജാതി സർട്ടിഫിക്കറ്റും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും നൽകുന്നതിന് കോഴിക്കോട് തഹസിൽദാറും ഓഫീസ് ജീവനക്കാരും കാലതാമസം വരുത്തിയെന്ന കുറ്റിക്കാട്ടൂർ സ്വദേശിയുടെ പരാതിയിൽ റിപ്പോർട്ട‌് നൽകാൻ ന്യൂനപക്ഷ കമീഷൻ ഉത്തരവ‌്. അന്വേഷിച്ച് നടപടിയെടുക്കുന്നതിനും മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകുന്നതിനും കമീഷൻ അധ്യക്ഷൻ പി കെ ഹനീഫ കലക്ടറെ ചുമതലപ്പെടുത്തി. 
മകന്റെ വിദ്യാഭ്യാസത്തിനാണ‌് നാടാർ വിഭാഗത്തിൽപെട്ട പരാതിക്കാരൻ സർട്ടിഫിക്കറ്റിനായി തഹസിൽദാറുടെ ഓഫീസിൽ എത്തുന്നത‌്. എന്നാൽ 2014ലെ സർക്കാർ വിജ്ഞാപനം തെറ്റായി വ്യാഖ്യാനിച്ച‌് തങ്ങൾക്ക‌് സർട്ടിഫിക്കറ്റ‌് നൽകാൻ കാലതാമസമുണ്ടാക്കി എന്ന‌് പരാതിയിൽ പറയുന്നു.                                  
പരാതിക്കാരനേയും മകനേയും ഉദ്യോഗസ്ഥർ അപമാനിച്ചതായും ആരോപണമണ്ട്. ആരോപണങ്ങൾ ശരിയാണെന്ന് ബോധ്യമായാൽ കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി എടുക്കുന്നതിനും ജില്ലയിൽ ക്രീമിലെയർ സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും കാലതാമസം കൂടാതെ ലഭിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കുന്നതിനും കലക്ടർക്ക് കമീഷൻ നിർദേശം നൽകി. 
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ന്യൂനപക്ഷ കമീഷൻ സിറ്റിങ്ങിൽ   26 കേസുകൾ പരിഗണിച്ചു. ഏഴ് കേസുകൾ തീർപ്പാക്കി. പുതിയ രണ്ട് പരാതികൾ പരിഗണനക്ക‌് വന്നു.  
പൊലീസ് അതിക്രമം, വിദ്യാഭ്യാസ വായ്പ, സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, റേഷൻ കാർഡ് സംബന്ധിച്ച വിഷയം എന്നിവയാണ് കമീഷന് മുമ്പാകെ പരിഗണനക്ക‌് വന്ന പരാതികളിൽ പ്രധാനപ്പെട്ടത‌്. ബാങ്ക് വായ്പയെടുത്ത് തിരിച്ചടവ് വീഴ‌്ച വരുത്തിയത് സംബന്ധിച്ച കേസുകളുമുണ്ട‌്. പലിശ കുറച്ചു നൽകുന്നതിന് നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടാണ് പരാതികൾ ലഭിച്ചിരിക്കുന്നത‌്.
പ്രധാന വാർത്തകൾ
Top