22 September Saturday

ഈ സ‌്നേഹപ്പൊതികൾ ദുരിതബാധിതരിലേക്ക്‌

സ്വന്തം ലേഖികUpdated: Saturday Aug 25, 2018

 

കോഴിക്കോട‌്
നന്മയുടെ  പുതുപാഠം പകർന്ന‌് ആയിരങ്ങൾ കൈകോർത്തപ്പോൾ പ്രളയത്തെ അതിജീവിച്ച നാടിന്റെ വിജയമായി 14,000ത്തോളം കിറ്റുകൾ ദുരിതബാധിതരുടെ കൈകളിലേക്ക‌്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്കാണ‌് അരിയും ഭക്ഷ്യസാധനങ്ങളുമടങ്ങിയ കിറ്റുകൾ നൽകുന്നത‌്. ആദ്യ ഘട്ട വിതരണം പൂർത്തിയായി.  ബി ഇ എം സ്‌കൂളില്‍ നിന്ന‌് തയ്യാറാക്കിയ കിറ്റുകൾ  ഡിടിപിസി ഓഫീസിലേക്ക്  മാറ്റിയ ശേഷം വെള്ളിയാഴ‌്ച വൈകിട്ടോടെ താലൂക്ക‌് ഓഫീസിലേക്ക‌്  കൈമാറി. 
വില്ലേജ് ഓഫീസര്‍ മുഖേന സാധനങ്ങള്‍ ദുരിതത്തിനിരയായവരുടെ വീടുകളില്‍ എത്തിക്കും. എന്‍സിസി, എസ്‌പിസി, ക്യാമ്പസ് ഓഫ് കോഴിക്കോട്, എന്‍ഐടി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് അഭ്യര്‍ഥന കണ്ട് എത്തിയവരും ചേര്‍ന്നാണ് സാധനങ്ങള്‍ മാറ്റാന്‍ മുന്നിട്ടിറങ്ങിയത്. 10 കിലോ അരി, രണ്ട‌് കിലോ ആട്ട, ഒരു കിലോ പഞ്ചസാര തുടങ്ങിയ അവശ്യ സാധനങ്ങൾ ഉൾക്കൊള്ളുന്നതാണ‌് കിറ്റ‌്. ക്യാമ്പുകളിൽ നിന്ന‌് വീട്ടിലേക്ക‌് പോയവർക്കാണ്‌ ആദ്യ ഘട്ടത്തിൽ വിതരണം. ആവശ്യാനുസരണം വീണ്ടും വിതരണം നടത്തും. 16 മുതൽ   ഡിടിപിസിയിൽനിന്ന‌് സാധനങ്ങൾ ശേഖരിച്ച‌് ജില്ലയിലെ ക്യാമ്പുകളിലേക്ക‌ും മറ്റ‌് ജില്ലയിലേക്കും കൊണ്ടുപോകുന്നുണ്ട‌്.   മറ്റു ജില്ലകളിലേക്ക‌് ഇതുവരെ 30 ഒാളം ലോഡ‌് സാധനങ്ങൾ കൊണ്ടുപോയി. വെള്ളിയാഴ‌്ച  300 വളണ്ടിയർമാരാണ‌് സാധനങ്ങള്‍ കയറ്റി അയക്കാനായി പ്രയത്‌നിച്ചത്. ഇതുവരെ വിദ്യാർഥികളും സംഘടനാ പ്രവർത്തകരും മുതിർന്ന പൗരന്മാരുമായി 2000 ത്തോളം വളണ്ടിയർമാരുടെ സേവനം ഇവിടെ ഉണ്ടായി.  അതേസമയം സാധനങ്ങളുടെ ഒഴുക്ക‌് ഇപ്പോഴും നിലച്ചിട്ടില്ല. മധുരയിൽ നിന്നും രാജസ്ഥാനിൽ നിന്നുമെല്ലാം ഭക്ഷ്യധാന്യങ്ങൾ എത്തുന്നുണ്ട‌്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരിയും  കലക്ടര്‍ യു വി ജോസും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
പ്രധാന വാർത്തകൾ
Top