26 September Wednesday

ബസ്സുകൾ ഓടിത്തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

 

കോഴിക്കോട‌് 
കനത്ത മഴയെ തുടർന്ന‌് താറുമാറായ ജില്ലയിലെ ഗതാഗതം പുനഃസ്ഥാപിച്ചു. കെഎസ‌്ആർടിസിയും സ്വകാര്യ ബസുകളും ഓടിത്തുടങ്ങി. 
വെള്ളം കയറിയതും മലവെള്ളപ്പാച്ചിൽമൂലം റോഡ‌് തകർന്നതുമാണ‌് പലയിടത്തും ബസ‌് സർവീസ‌് അടക്കമുള്ള ഗതാഗതത്തിന‌് തടസ്സമായത‌്. കോഴിക്കോട്ടുനിന്ന‌് വയനാട‌്, മലപ്പുറം, പാലക്കാട‌്(മഞ്ചേരി‐പെരിന്തൽമണ്ണ വഴി), തൃശൂർ(അത്തിക്കാവ‌്‐ വടക്കാഞ്ചേരി വഴി), മാവൂർ, മുക്കം, കക്കോടി, ബാലുശേരി എന്നിവിടങ്ങളിൽ റോഡ‌് സാധാരണ നിലയിലായതിനാൽ സർവീസ‌് പുനരാരംഭിക്കുകയായിരുന്നു. നഗരത്തിലെ എല്ലാ റോഡുകളും സാധാരണ നിലയിലായി. 
വ്യാഴാഴ‌്ച പലയിടങ്ങളിലും ഗതാഗതം പൂർണമായി നിർത്തിവച്ചിരുന്നു. കോഴിക്കോട്ടുനിന്ന‌് ബാലുശേരിയിലേക്കും കുറ്റ്യാടിയിലേക്കുമുള്ള റോഡുകൾ, ഉൾഗ്രാമങ്ങളിലെ റോഡുകൾ, പാലാഴി അടക്കമുള്ള നഗരത്തിലെ പ്രധാന റോഡുകൾ എന്നിവിടങ്ങളിലെല്ലാം ഒരു വാഹനവും നിരത്തിലിറക്കാനായില്ല. എന്നാൽ ശനിയാഴ‌്ചയോടെ സാധാരണ നിലയിലായി.
കോഴിക്കോട്ടുനിന്ന‌് മാനന്തവാടി, കൽപ്പറ്റ, അടിവാരം എന്നിവിടങ്ങളിലേക്കുള്ള കെഎസ‌്ആർടിസി സർവീസ‌് ആരംഭിച്ചു.  ബംഗളൂരു വഴി മൈസൂരുവിലേക്കും ഊട്ടിയിലേക്കും വടകര, തലശേരി, കണ്ണൂർ, കാസർകോട‌് വഴി മംഗളൂരുവിലേക്കുമുള്ള ദീർഘദൂര ബസ‌് സർവീസുകളും  പുനരാരംഭിച്ചു. കുറ്റ്യാടിയിലേക്കും മഞ്ചേരി വഴി വഴിക്കടവിലേക്കും ബസുണ്ട‌്. പാലക്കാട്ടേക്ക‌് ബസ‌് സർവീസ‌് നടത്തുന്നുണ്ടെങ്കിലും വളരെ കുറവ‌ാണിത‌്.
സ്വകാര്യ ബസുകളും സർവീസ‌് പുനഃസ്ഥാപിച്ചു. അടിവാരം, കുന്നമംഗലം, എലത്തൂർ, കൊടുവള്ളി, താമരശേരി, വടകര, കുറ്റ്യാടി, പേരാമ്പ്ര, ഉള്ള്യേരി, മുക്കം, കൊയിലാണ്ടി, മാവൂർ, മേപ്പയ്യൂർ, നരിക്കുനി, വെള്ളിമാട‌്കുന്ന‌്, രാമനാട്ടുകര എന്നിവടങ്ങളിലേക്ക‌് സർവീസ‌് നടത്തുന്നുണ്ട‌്.  
കക്കോടിയിൽ വെള്ളം താഴാത്തതിനാൽ അതുവഴിയുള്ള വാഹനം വേങ്ങേരി ബൈപാസ‌് വഴി തിരിച്ചുവിടും.  കോഴിക്കോട്ടുനിന്ന‌് ചെറുകുളം, ബാലുശേരി വഴിയുള്ള ബസുകളെല്ലാം വേങ്ങേരി ബൈപാസ‌് വഴി തിരിയും.  കോഴിക്കോട്ടുനിന്ന‌് ചെറൂപ്പവരെയും ഹൈലൈറ്റ‌് ജങ‌്ഷൻ വരെയും ബസുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top