17 October Wednesday

ജില്ലയിൽ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

 കോഴിക്കോട‌്

ജില്ലയിൽ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. റേഷൻ കാർഡ്, ആധാർ കാർഡ്, സ്ഥലത്തിന്റെ ആധാരം തുടങ്ങി വിലപ്പെട്ട രേഖകൾ നഷ്ടമായവർക്ക‌് സെപ്തംബർ 15 നകം പകർപ്പുകൾ നൽകാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന‌് മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ എന്നിവർ സർവകക്ഷി യോഗത്തിൽ പറഞ്ഞു.  
ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി നിലവിൽ കൂടുതൽ സാധനങ്ങൾ ശേഖരിക്കേണ്ട ആവശ്യമില്ല. അത്യാവശ്യഘട്ടം വന്നാൽ മാത്രം ഇനി ശേഖരണം ആരംഭിച്ചാൽ മതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ചെക്ക്, ഡ്രാഫ്റ്റ് എന്നിവയായി മാത്രം ഏൽപ്പിക്കണം. ജില്ലയിൽ റോഡുകളുടെ 80 ശതമാനം അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാനുണ്ട്. ഇതിനായി 9 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സമയബന്ധിതമായി അവ പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.  റിവർ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗപ്പെടുത്തി പുഴയോരം ഇടിയുന്നത് തടയാനുള്ള വരമ്പുകൾ നിർമിക്കും. കുടിവെള്ള വിതരണം പൂർണമായും വാട്ടർ അതോറിറ്റി ഏറ്റെടുക്കും. 
51 കോടി രൂപയുടെ നഷ്ടമാണ് കാർഷികമേഖലയിൽ ഉണ്ടായിട്ടുള്ളത്. നഷ്ടം പരിഹരിക്കാൻ ലഭ്യമായ ഫണ്ട് പര്യാപ്തമല്ല. എന്നാൽ കൃഷിവകുപ്പ് മുഖേന കർഷകർക്ക് അർഹമായ സഹായങ്ങൾ ലഭ്യമാക്കും. കെഎസ്ഇബി, ബിഎസ്എൻഎൽ എന്നീ വിഭാഗങ്ങൾ പ്രശംസനീയമായ പ്രവർത്തനം കാഴ്ചവച്ചു.
ജില്ലയിൽ 171 വീടുകൾ  താമസയോഗ്യമല്ലാതായിട്ടുണ്ട്. ഇവരെ താമസിപ്പിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി പകരം സംവിധാനങ്ങൾ ഏർപ്പെടുത്തണം.വീടുകൾ ശുചിയാക്കുന്നതിനായി വാർഡ് തലത്തിൽ ക്ലീനിങ‌് സ‌്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുകയും ഇതിന് പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ തലത്തിൽ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതല ഏൽപ്പിക്കുകയും ശുചിത്വമിഷൻ  ജില്ലാതല ഏകോപനം ഏറ്റെടുക്കുകയും ചെയ്യും. 
സ്വന്തം തോണികളുമായി മറ്റ് ജില്ലകളിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായ മത്സ്യത്തൊഴിലാളികളെ വിസ്മരിക്കാനാവില്ല. ജില്ലയുടെ ആദരം അവർക്ക് നൽകുമെന്ന്  മന്ത്രി   പറഞ്ഞു. ദുരിതബാധിതർ നേരിടുന്ന മാനസിക സമ്മർദം കുറക്കാൻ കൗൺസലിങ‌് സംവിധാനവും ഏർപ്പെടുത്തും. നിരവധി വിദ്യാർഥികളുടെ പുസ‌്തകങ്ങളും യൂണിഫോമും നശിച്ചിട്ടുണ്ട‌്. സ‌്കൂൾ തുറന്നയുടൻ വിദ്യാർഥികൾക്ക‌് ഇവ നൽകാൻ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രിമാർ പറഞ്ഞു.
പ്രധാന വാർത്തകൾ
Top