20 September Thursday

കോരപ്പുഴ പാലം നിർമാണം സെപ‌്തംബറിന‌ു മുമ്പ‌് തുടങ്ങും

സ്വന്തം ലേഖികUpdated: Saturday Jun 23, 2018

 

 
കോഴിക്കോട‌് 
കോഴിക്കോട‌്‐ കണ്ണൂർ ദേശീയപാതയിലെ പ്രധാന പാലങ്ങളിലൊന്നായ കോരപ്പുഴ പാലത്തിന്റെ പുനർനിർമാണം സെപ‌്തംബറിന‌ു മുമ്പ‌് ആരംഭിക്കും.  ഇതിന്റെ ടെൻഡർ  സ്വീകരിക്കുന്ന സമയം വെള്ളിയാഴ‌്ച വൈകിട്ട‌് അവസാനിച്ചു‌. 27ന‌് ടെൻഡർ തുറന്ന‌്  പരിശോധന ആരംഭിക്കുമെന്ന‌് ദേശീയപാത അധികൃതർ പറഞ്ഞു. 
ദിവസും ആയിരക്കണക്കിന‌് വാഹനങ്ങൾ കടന്നുപോകുന്ന കോരപ്പുഴ പാലത്തിൽ നിത്യസംഭവമായ ഗതാഗതക്കുരുക്കിന‌് പരിഹാരമായിട്ടാണ‌് പാലം പുതുക്കിപ്പണിയുന്നത‌്. കാലപ്പഴക്കംകൊണ്ടുള്ള നാശവും ഇതിനുണ്ട‌്. പഴയ കോരപ്പുഴ പാലത്തിന്റെ അതേ മാതൃകയിലാണ‌് പുതിയതും നിർമിക്കുക. വശങ്ങളിലെ ആർച്ച‌് പുതിയ പാലത്തിലും ഉണ്ടാകും.  ഇതിൽ ഏഴര മീറ്ററാണ‌് റോഡുണ്ടാകുക. റോഡിന്റെ ഇരുവശത്തും ഒന്നര മീറ്റർ വീതിയുള്ള ഫുട‌്‌പാത്തും നിർമിക്കും.  എട്ട‌് തൂണുകളാകും പാലത്തിനുണ്ടാകുക. 
 18 മാസമാണ‌് പ്രതീക്ഷിത നിർമാണ കാലാവധി. പൊതുമരാമത്ത‌് ഡിസൈൻ വിങ്ങാണ‌് രൂപകൽപ്പന ചെയ‌്തത‌്. ദേശീയപാതാ വിഭാഗത്തിനാണ‌് നിർമാണ ചുമതല. റോഡ‌് ഫണ്ട‌് ബോർഡ‌് ടെൻഡർ നടപടി പൂർത്തീകരിക്കും.
ഇതിനോടൊപ്പം പാവങ്ങാട‌് മുതൽ കോരപ്പുഴ പാലംവരെ റോഡിന‌് വീതികൂട്ടും. നടപ്പാതയും നിർമിക്കും. ഇതിനായി നാല‌് കോടി രൂപ  അനുവദിച്ചു. ഒരു വർഷത്തിനുള്ളിൽ രണ്ട‌് പണികളും പൂർത്തിയാക്കും.  മിനിമം 18 മീറ്റ‌ർ വീതിയിൽ സ്ഥലമുണ്ട‌്. ഇതിൽ ഏകദേശം 12 മീറ്റർ വീതിയിലാകും പുതിയ പാലം നിർമിക്കുക.   
പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ പുഴയിൽ വീഴാതിരിക്കാൻ ചെറിയ കഷണങ്ങളാക്കി മുറിച്ച‌ു നീക്കും. കോരപ്പുഴ പാലം പൊളിച്ചാൽ ഗതാഗതം പുതിയ ബൈപാസ‌് വഴി തിരിച്ചു വിടാനാണ‌് സാധ്യത. വെങ്ങളം മേൽപ്പാലം കയറാതെ പുതിയ ബൈപാസിലെ പൂളാടിക്കുന്ന‌് വഴി പാവങ്ങാട‌് പ്രവേശിക്കുന്ന രീതിയിലാകും ഗതാഗതം പുനഃക്രമീകരിക്കുക. 
1938ൽ ബ്രിട്ടീഷുകാരുടെ കാലത്താണ‌് നിലവിലുള്ള  പാലം പണിതത‌്. 1940ൽ ജനങ്ങൾക്കായി തുറന്നുകൊടുത്തു.  അഞ്ച‌് മീറ്റർ മാത്രമാണ‌് ഇതിന്റെ വീതി. ഒരു ഭാഗത്തുകൂടെ മാത്രമേ വാഹനങ്ങൾക്ക‌് കടന്നുപോകാൻ സാധിക്കുകയുള്ളൂ. ഇത‌് രൂക്ഷമായ ഗതാഗതക്കുരുക്കാണ‌്  ഉണ്ടാക്കുന്നത‌്. മാത്രമല്ല വശങ്ങളിൽ നടപ്പാതകളുമില്ല. പുതിയ പാലം വരുന്നതോടെ ഇതിനെല്ലാം പരിഹാരമാകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top