18 November Sunday

ബഷീറിന്റെ പ്രണയകഥകൾ നാടകമാകുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018
കോഴിക്കോട‌് 
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, മുച്ചീട്ട് കളിക്കാരന്റെ മകൾ, ബാല്യകാലസഖി, തങ്കം എന്നീ പ്രണയകഥകൾ കോർത്തിണക്കി വ്യത്യസ്തമായ അവതരണശൈലിയിൽ പ്രൊഫഷണൽ നാടകം ഒരുങ്ങുന്നു.  കോഴിക്കോട് നവചേതനയാണ‌്  ‘നയാപൈസ’ എന്ന പേരിൽ നാടകം ഒരുക്കുന്നത‌്. 
 പാത്തുമ്മയുടെ ആടിലൂടെ തുടങ്ങി പ്രേമലേഖനത്തിന്റെ ക്ലൈമാക്സിൽ അവസാനിക്കുന്ന നാടകത്തിന് രണ്ടു മണിക്കൂർ ദൈർഘ്യമുണ്ട്. സുരേഷ്ബാബു ശ്രീസ്ഥയാണ് രചയിതാവ്. സംവിധാനം മനോജ് നാരായണൻ. ഗാന രചന കരിവെള്ളൂർ മുരളിയാണ്. ഉഷാചന്ദ്രബാബു, ലക്ഷ്മി കോടേരിച്ചാൽ, കാവ്യ, ചെമ്പ്ര ശിവദാസൻ, മധു ബേഡകം, ബിജു രാജഗിരി, സുനിൽ കൂമുള്ളി, രമേശ് പയ്യോളി തുടങ്ങിയവരാണ് അഭിനേതാക്കൾ. ‘വീട്ട് നമ്പർ 312 ഉമ്മിണി മകൾ നളിനി’ എന്ന നാടകത്തിന് ശേഷം കോഴിക്കോട് നവചേതന ഒരുക്കുന്ന പുതിയ നാടകമാണ് ‘നയാപൈസ’.  ജൂലൈ അവസാനവാരം അരങ്ങിലെത്തും. നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പ് കോഴിക്കോട് എൻജിഒ യൂണിയൻ ഹാളിൽ സ്ക്രിപ്റ്റ് ഏറ്റുവാങ്ങി  കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇ ശശീന്ദ്രൻ അധ്യക്ഷനായി.
പ്രധാന വാർത്തകൾ
Top