25 September Tuesday

വീണ്ടും കനത്ത മഴ, തോരാട‌് മലയിൽ ഉരുൾപൊട്ടൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

 

കോഴിക്കോട‌്/ ബാലുശേരി
രണ്ടുദിവസത്തെ ഇടവേളക്ക‌് ശേഷം ജില്ലയിൽ വീണ്ടും കാലവർഷം കനത്തു. ബാലുശേരി തോരാട‌് മലയിൽ ഉരുൾപൊട്ടലുണ്ടായി. ഏക്ക‌ർ കണക്കിന‌് കൃഷിഭൂമി ഒലിച്ചുപോയി. ആളപായമില്ല. മലയുടെ താഴ‌്‌വാരത്തെ 23 കുടുംബങ്ങളെ കുറുമ്പൊയിൽ ദേശസേവാ എയുപി സ‌്കൂളിലേക്കും ബന്ധുവീടുകളിലുമായി മാറ്റി പാർപ്പിച്ചു. 2007ലും ഇവിടെ ഉരുൾപൊട്ടിയിരുന്നു. 
ശക്തമായ മണ്ണിടിച്ചിലിൽ, കല്ലും പാറക്കഷണങ്ങളും ഒലിച്ചിറങ്ങി. കൂറ്റൻ പാറക്കല്ല‌്  ഉണങ്ങിയ മരത്തിൽ തങ്ങിനിൽക്കുന്നത‌് അപകട ഭീഷണിയുണർത്തുന്നു. വീണ്ടും ഉരുൾപൊട്ടലുണ്ടാകുമെന്ന ആശങ്കയിലാണ‌് നാട്ടുകാർ. ബാലുശേരി സിഐ കെ സുഷീറിന്റെ നേതൃത്വത്തിൽ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത‌് ക്യാമ്പ‌് ചെയ്യുന്നു.
ചൊവ്വാഴ‌്ച വൈകിട്ട‌് തുടങ്ങിയ കനത്തമഴ ജില്ലയുടെ പലഭാഗത്തും തുടരുന്നു. 
നേരത്തെ 10 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ പെയ‌്ത കനത്തമഴയിൽ ഉരുൾപൊട്ടൽ അടക്കം വലിയ നാശനഷ്ടങ്ങളുണ്ടായി. മലയോരത്ത‌് വീണ്ടും കനത്ത മഴയാണ‌് പെയ്യുന്നത‌്.  കോഴിക്കോട‌് നഗരത്തിലും മഴ കനത്തു. കാലവർഷത്തിൽ ഇതുവരെ 74 വീടുകൾ പൂർണമായും 2080 വീടുകൾ ഭാഗികമായും തകർന്നു. 
പ്രധാന വാർത്തകൾ
Top