Top
24
Saturday, June 2017
About UsE-Paper

ജനഹൃദയം കീഴടക്കിയ ജാഥക്ക് ഇന്ന് സമാപനം

Saturday May 20, 2017
സ്വന്തം ലേഖകന്‍
സിപിഐ എം ജില്ലാ ജാഥക്ക് തിരുവമ്പാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ ജാഥാലീഡര്‍ പി മോഹനനെ സ്വീകരിച്ചാനയിക്കുന്നു

കോഴിക്കോട് > എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ചും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ചൂണ്ടിക്കാട്ടിയും സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന പ്രചാരണജാഥ ശനിയാഴ്ച സമാപിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍ നയിക്കുന്ന പ്രചാരണ ജാഥ 39 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷമാണ് അവസാനിക്കുന്നത്. 15ന് കുറ്റ്യാടിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ജില്ലയുടെ എല്ലാ മേഖലയിലെയും ജനങ്ങളുമായി സംവാദിച്ചാണ് ജാഥ പര്യടനം പൂര്‍ത്തിയാക്കുന്നത്.
  ഗ്രാമ-നഗര വേര്‍തിരിവില്ലാതെ ജനഹൃദയങ്ങള്‍ കീഴടക്കിയായിരുന്നു പര്യടനം. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങള്‍ തൊട്ടറിഞ്ഞ ജാഥ അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയുമെന്ന ഉറപ്പ്  ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. വെള്ളിയാഴ്ച ജില്ലയുടെ മലയോര ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച ജാഥയെ കര്‍ഷകജനത ആവേശത്തോടെയാണ് വരവേറ്റത്. ബാന്‍ഡ് മേളങ്ങളും മുത്തുക്കുടകളും ബൈക്ക് റാലിയുടെയും അകമ്പടിയോടെയാണ് സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ജാഥാ ക്യാപ്റ്റനെ വരവേറ്റത്.
  വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഏറ്റവുമധികം സഹായകരമായത് മലയോര മേഖലയിലെ കര്‍ഷക കുടുംബങ്ങള്‍ക്കാണ്. റബ്ബറിന്റെയും കാര്‍ഷിക വിളകളുടെയും വിലത്തകര്‍ച്ചയില്‍ പ്രതിസന്ധി നേരിടുന്ന കര്‍ഷക ജനതക്ക് ആശ്വാസമായാണ് സിപിഐ എം ജാഥ മലയോരത്തെത്തിയത്.
  വെള്ളിയാഴ്ച രാവിലെ എകരൂലില്‍ നിന്ന് പര്യടനം തുടങ്ങിയ ജാഥ താമരശേരി, കൊടുവള്ളി, ഓമശേരി, തിരുവമ്പാടി, മുക്കം, കട്ടാങ്ങല്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം കുന്നമംഗലത്ത് സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍ പി മോഹനന്‍, ഡെപ്യൂട്ടി ലീഡര്‍ പി സതീദേവി, മാനേജര്‍ എം മെഹബൂബ്, അംഗങ്ങളായ കെ പി കുഞ്ഞമ്മദ്കുട്ടി, മാമ്പറ്റ ശ്രീധരന്‍, കെ കെ ലതിക, കെ കെ ദിനേശന്‍, പി കെ മുകുന്ദന്‍, പി കെ പ്രേമനാഥ് എന്നിവര്‍ സംസാരിച്ചു.
  എകരൂലില്‍ നടന്ന സ്വീകരണയോഗത്തില്‍ എ കെ ഗോപാലന്‍ അധ്യക്ഷനായി. ടി സി രമേശന്‍ സ്വാഗതം പറഞ്ഞു. താമരശേരിയില്‍ പി സി അബ്ദുള്‍ അസീസ് അധ്യക്ഷനായി. സി കെ വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. കൊടുവള്ളിയില്‍ എന്‍ കെ സുരേഷ് അധ്യക്ഷനായി. കെ ബാബു സ്വാഗതം പറഞ്ഞു. ഓമശേരിയില്‍ കെ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഒ കെ സദാനന്ദന്‍ സ്വാഗതം പറഞ്ഞു. തിരുവമ്പാടിയില്‍ പി ടി അഗസ്റ്റിന്‍ അധ്യക്ഷനായി. ജോളി ജോസഫ് സ്വാഗതം പറഞ്ഞു. മുക്കത്ത് വി കുഞ്ഞന്‍ അധ്യക്ഷനായി. കെ സുന്ദരന്‍ സ്വാഗതം പറഞ്ഞു.
 കട്ടാങ്ങലില്‍  പി കെ ബഷീര്‍ അധ്യക്ഷനായി. ടി കെ മുരളീധരന്‍ സ്വാഗതം പറഞ്ഞു. കുന്നമംഗലത്ത് വി സുന്ദരന്‍ അധ്യക്ഷനായി. എം കെ മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. വെട്ടിക്കുറച്ച റേഷന്‍ പുനഃസ്ഥാപിക്കുക, പൊതുവിതരണ സമ്പ്രദായം തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ദുര്‍ബലപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നിവയാണ് ജാഥയിലെ മുദ്രാവാക്യങ്ങള്‍.

Related News

കൂടുതൽ വാർത്തകൾ »