20 September Thursday

കുടുംബങ്ങൾ വീടുകളിലേക്ക്‌; ആറ്‌ ക്യാമ്പുകൾ ഒഴിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
വടകര
പ്രളയക്കെടുതിയിയെ തുടർന്ന്‌ താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ച 31 ദുരിതാശ്വാസ ക്യാമ്പുകളിൽ ആറെണ്ണം ശനിയാഴ്‌ച ഉച്ചയോടെ പ്രവർത്തനം അവസാനിപ്പിച്ചു. ഈ ക്യാമ്പുകളിൽ ദിവസങ്ങളായി കഴിഞ്ഞ കുടുംബങ്ങൾ വീടുകളിലെത്തി. മണിയൂർ പഞ്ചായത്തിലെ പൗർണമി ഓഡിറ്റോറിയത്തിലെ 17 കുടുംബങ്ങളിലെ 78 പേർ വീടുകളിലേക്ക്‌ മാറി. ഈർപ്പോടി ഈസ്‌റ്റ്‌ എൽപി സ്‌കൂളിലെ 20 കുടുംബങ്ങളിലെ 70 പേരും പാലയാട്‌ നമ്പർവൺ എൽപി സ്‌കൂളിലെ രണ്ട്‌ കുടുംബങ്ങളിലെ 29േപരും വീടുകളിലേക്ക്‌ മടങ്ങി. കുറ്റ്യാടി പഞ്ചായത്തിലെ എടോമീത്തൽ ഊരത്ത്‌ കരീമിന്റെ വീട്ടിലെ ദുരിതാശ്വാസ ക്യാമ്പിലെ 21 കുടുംബങ്ങളിലെ 41പേരും മാവുള്ള ചാലിൽ ശിശു മന്ദിരത്തിലെ മൂന്ന്‌ കുടുംബങ്ങളിലെ 16പേരും ആയഞ്ചേരി ചീക്കിലോട്‌ എൽപി സ്‌കൂളിലെ 5 കുടുംബങ്ങളിലെ 16 പേരും ക്യാമ്പ്‌ വിട്ടു. വരും ദിവസങ്ങളിൽ കൂടുതൽ ക്യാമ്പുകൾ അവസാനിപ്പിക്കാൻ കഴിയുമെന്ന്‌ തഹസിൽദാർ പി കെ സതീഷ്‌ കുമാർ പറഞ്ഞു. 
എന്നാൽ പുഴയോര പ്രദേശങ്ങളിലെ വീടുകൾ  വെള്ളപ്പെക്ക ഭീഷണി പൂർണമായി ഒഴിയാത്തത്‌ ആശങ്ക തുടരുന്നുണ്ട്‌. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ താലൂക്ക്‌ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ ഭക്ഷ്യ വസ്‌തുക്കളും വസ്‌ത്രങ്ങളും മറ്റും ശനിയാഴ്‌ചയും യഥേഷ്ടം  എത്തിച്ചു. നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഭക്ഷ്യവസ്‌തു്ക്കളും മറ്റും താലൂക്ക്‌ ഓഫീസിലേക്ക്‌ പ്രവഹിക്കുകയാണ്‌.
 താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന്‌ സാധനങ്ങൾ എത്തിച്ച ശേഷം ക്യാമ്പിൽ കഴിയുന്നവർക്ക്‌ ആശ്വാസത്തിന്‌ വീടുകളിൽ തിരിച്ച്‌ പോകുമ്പോഴും സാധനങ്ങളുടെ കിറ്റ്‌ നൽകാൻ ആലോചിക്കുന്നതായി അധികൃതർ പറഞ്ഞു. ശേഷിക്കുന്ന ഭക്ഷ്യവസ്‌തുക്കളും വസ്‌ത്രങ്ങളും സമീപ താലൂക്കുകളിലേക്കും മറ്റ്‌ ദുരിതബാധിത ജില്ലകളിലേക്കും കയറ്റി അയക്കാനും പദ്ധതിയുള്ളതായി റവന്യൂ അധികൃതർ പറഞ്ഞു. താലൂക്കിൽ പ്രവർത്തിക്കുന്ന മറ്റ്‌ 25 ക്യാന്പുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി തഹസിൽദാർ പറഞ്ഞു.
പ്രധാന വാർത്തകൾ
Top