13 November Tuesday

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

വിയ്യൂരില്‍ വെള്ളം കയറിയ വല്ലടിപ്പുറത്ത് താഴ എ വി ശ്രീധരന്റെ വീട്‌

 കോഴിക്കോട‌്

ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, മലേറിയ, വൈറൽ പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം മുന്നറിയിപ്പ് നൽകി. കനത്തമഴയിൽ മലിനജലത്തിൽ പടരുന്ന എലിമൂത്രത്തിൽ നിന്നും എലിപ്പനി വ്യാപകമാകുന്നുണ്ട്. ജില്ലയിൽ തലക്കുളത്തൂർ, കോഴിക്കോട് കോർപറേഷൻ, ഫറോക്ക‌്  മു നിസിപ്പാലിറ്റി എന്നിവിടങ്ങളിലും ബേപ്പൂർ മുതൽ പുതിയാപ്പ വരെയുള്ള തീരദേശങ്ങളിലുമാണ് എലിപ്പനി റിപ്പോർട്ട് ചെയ്തതെന്ന് ഡിഎംഒ ഡോ. വി ജയശ്രീ പറഞ്ഞു. ജില്ലയിൽ രണ്ടുപേർ എലിപ്പനി ബാധിച്ച് മരിച്ചു. ഇവിടെ ബോധവൽക്കരണ പരിപാടികൾ ശക്തമാക്കും. പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും.
തലക്കുളത്തൂരിലും വടകരയിലും പടർന്നുപിടിച്ച മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമായിട്ടുണ്ട്. രോഗം പിടിപ്പെട്ടവർ പൂർണമായി രോഗം ഭേദമാകുന്നതിനു മുമ്പ് പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കേണ്ടതാണ്. കുറ്റ്യാടി, നാദാപുരം മേഖലയിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 
23ന് കീഴരിയൂരിലും തുടർന്ന് കുറ്റ്യാടിയിലും  ആരോഗ്യ പ്രവർത്തകർ മാസ് ക്യാമ്പൈൻ നടത്തുമെന്നും ഡിഎംഒ (ആരോഗ്യം)അറിയിച്ചു. തീരദേശങ്ങളിൽ ഹാർബർ എൻജിനിയറിങ‌് വകുപ്പ് നടത്തുന്ന സേവന‐ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരും.  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ കലക്ടർ യു വി ജോസ‌് അധ്യക്ഷനായി. അസി.കലക്ടർ എസ് അഞ്ജു, ഡിവൈഎസ‌്പി (കോഴിക്കോട് റൂറൽ) എം സുബൈർ, ഫയർ ആൻഡ‌് റസ്‌ക്യു ഓഫീസർ കെ പി ബാബുരാജ്,  ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ പി ഡോളി എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top