25 September Tuesday

മതതീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധമായി എസ്എഫ്ഐ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

എസ്എഫ്ഐയുടെ 24 മണിക്കൂർ ധർണ കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്റെ പിതാവ് കെ വി വാസു ഉദ്ഘാടനംചെയ്യുന്നു

 കൽപ്പറ്റ

'മതതീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം' ഉയർത്തി എസ്എഫ്ഐയുടെ 24 മണിക്കൂർ ധർണ തുടങ്ങി. കൽപ്പറ്റ വിജയാ പമ്പ് പരിസരത്ത് പരിപാടി കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്റെ പിതാവ് കെ വി വാസു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷനായി.  മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ മതതീവ്രവാദികൾ കുത്തികൊലപ്പെടുത്തിയതിൽ സമൂഹമനസാക്ഷി ഉണർത്തിയാണ് പരിപാടി.
ചിത്രകാരൻമാരുടെ കൂട്ടായ്മയും വർഗീയ വിരുദ്ധ സംഗമവും പ്രതിഷേധ ജ്വാല തെളിക്കലും പരിപാടിയുടെ ഭാഗമായി നടന്നു. സ്കൂൾ, കോളേജ് വിദ്യാർഥികൾ, എഴുത്തുകാർ, സാംസ്കാരിക നായകർ, രാഷ്ട്രീയ പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങി നിരവധിപേർ പങ്കെടുത്തു. വിവിധ വർഗബഹുജന സംഘടനകൾ പ്രകടനമായെത്തി അഭിവാദ്യം അർപ്പിച്ചു. ക്യാമ്പസുകളെ മതതീവ്രവാദികൾക്ക് അടിയറവെക്കില്ലെന്ന് പ്രഖ്യാപിച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധം. വർഗീയതക്കെതിരെ പോരാടി കാമ്പസ് ഫ്രണ്ടിന്റെ കൊലക്കത്തിയിൽ പിടഞ്ഞുവീണ അഭിമന്യുവിന്റെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്ന് വിദ്യാർഥികൾ ഒന്നടങ്കം പ്രഖ്യാപിച്ചു. പെൺകുട്ടികളടക്കമുള്ളവരാണ് ധർണയിൽ പങ്കെടുക്കുന്നത്.
വർഗീയ വിരുദ്ധ സംഗമം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. 
ചിത്രകാരൻമാരുടെ കൂട്ടായ്മയിൽ 'വർഗീയത തുലയട്ടെ' എന്ന മുദ്രാവാക്യമുയർത്തി ചിത്രരചന നടത്തി. വർഗീയതക്കെതിരെ പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജയിംസ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, സിപിഐ എം ജില്ലാകമ്മിററി അംഗം എം മധു, പി കെ അനൂപ്, സച്ചിതാനന്ദൻ, പി ജെ ബിനീഷ്, വി എൻ ഉണ്ണികൃഷണൻ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച പകൽ 11ഓടെ ധർണ സമാപിക്കും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top