Top
27
Saturday, May 2017
About UsE-Paper

നാടുണര്‍ത്തി സിപിഐ എം ജാഥ

Friday May 19, 2017
സ്വന്തം ലേഖകന്‍


കോഴിക്കോട് > ദേശീയ പ്രക്ഷോഭത്തിന്റെ അലകളുയര്‍ത്തി ജനപഥങ്ങളില്‍നിന്ന് വന്‍ വരവേല്‍പ്പ് ഏറ്റുവാങ്ങി സിപിഐ എം ജില്ലാ ജാഥ പര്യടനം തുടരുന്നു. കേരള ജനതയുടെ അന്നവും തൊഴിലും മുട്ടിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ നാടുണര്‍ത്തിയാണ് ജാഥ കടന്നുപോകുന്നത്. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍ നയിക്കുന്ന പ്രചാരണ ജാഥക്ക് നാടെങ്ങും ഊഷ്മള സ്വീകരണം. കേന്ദ്രസര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും വര്‍ഗീയതക്കെതിരെയുമുള്ള സമര പോരാട്ടത്തിനുള്ള ആഹ്വാനം ജനം ഏറ്റെടുത്തുകഴിഞ്ഞു.
സ്വീകരണ കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍ ഒന്നാകെ ഒഴുകിയെത്തുകയാണ്. കുടിവെള്ള പ്രശ്നവുമായി പല സ്വീകരണ കേന്ദ്രങ്ങളിലും വീട്ടമ്മമാര്‍ ജാഥാ ക്യാപ്റ്റനെ സമീപിക്കുന്നുണ്ട്. കുടിവെള്ള പ്രശ്നത്തിന് അടുത്ത വേനല്‍ക്കാലത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് ജാഥാ ക്യാപ്റ്റന്‍ പി മോഹനന്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഉള്ളിയേരിയില്‍നിന്ന് പര്യടനം തുടങ്ങിയ ജാഥ അത്തോളി, തലക്കുളത്തൂര്‍, കക്കോടി, കുരുവട്ടൂര്‍, നരിക്കുനി, കാക്കൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം ബാലുശേരിയില്‍ സമാപിച്ചു. വെള്ളിയാഴ്ച രാവിലെ പത്തിന് എകരൂലില്‍നിന്ന് പര്യടനം തുടങ്ങുന്ന ജാഥ വൈകിട്ട് ആറിന് കുന്നമംഗലത്ത് സമാപിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍ പി മോഹനന്‍, ഡെപ്യൂട്ടി ലീഡര്‍ പി സതീദേവി, മാനേജര്‍ എം മെഹബൂബ്, അംഗങ്ങളായ കെ പി കുഞ്ഞമ്മദ്കുട്ടി, മാമ്പറ്റ ശ്രീധരന്‍, കെ കെ ലതിക, കെ കെ ദിനേശന്‍, പി കെ മുകുന്ദന്‍, പി കെ പ്രേമനാഥ് എന്നിവര്‍ സംസാരിച്ചു.
ഉള്ളിയേരിയില്‍ കെ പി ബാബു അധ്യക്ഷനായി. എ കെ മണി സ്വാഗതം പറഞ്ഞു. അത്തോളിയില്‍ ചിറ്റൂര്‍ രവീന്ദ്രന്‍ അധ്യക്ഷനായി. വി പി മോഹനന്‍ സ്വാഗതം പറഞ്ഞു. തലക്കുളത്തൂരില്‍ സി പ്രകാശന്‍ അധ്യക്ഷനായി. കെ എം ബാലന്‍ സ്വാഗതം പറഞ്ഞു. കക്കോടിയില്‍ എം രാജേന്ദ്രന്‍ അധ്യക്ഷനായി. വി മുകുന്ദന്‍ സ്വാഗതം പറഞ്ഞു. കുരുവട്ടൂരില്‍ പി അപ്പുക്കുട്ടന്‍ അധ്യക്ഷനായി. ടി ശശിധരന്‍ സ്വാഗതം പറഞ്ഞു. നരിക്കുനിയില്‍ അഡ്വ. പി കോരപ്പന്‍ അധ്യക്ഷനായി. കെ പി മോഹനന്‍ സ്വാഗതം പറഞ്ഞു. കാക്കൂരില്‍ ഇ ശശിധരന്‍ അധ്യക്ഷനായി. കെ എം രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ബാലുശേരിയില്‍ നടന്ന സമാപനയോഗത്തില്‍ ഇസ്മായില്‍ അധ്യക്ഷനായി. പി എന്‍ അശോകന്‍ സ്വാഗതം പറഞ്ഞു.
വെട്ടിക്കുറച്ച റേഷന്‍ പുനഃസ്ഥാപിക്കുക, പൊതുവിതരണ സമ്പ്രദായം തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ദുര്‍ബലപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ജാഥ പര്യടനം നടത്തുന്നത്.