Top
20
Wednesday, September 2017
About UsE-Paper
എങ്ങും പരാതിപ്രളയം

റേഷന്‍ കാര്‍ഡ് വിതരണം അവസാനഘട്ടത്തില്‍

Tuesday Jul 18, 2017
സ്വന്തം ലേഖിക



കോഴിക്കോട് > ജില്ലയില്‍ റേഷന്‍ റേഷന്‍ കാര്‍ഡ് വിതരണം 75 ശതമാനം പൂര്‍ത്തിയായി. 24നകം വിതരണം എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പൂര്‍ത്തിയാക്കാനാണ് തീരുമാനം. കോഴിക്കോട് താലൂക്ക് സപ്ളൈ ഓഫീസിന് കീഴില്‍ ഒന്നാം ഘട്ട കാര്‍ഡ് വിതരണം പൂര്‍ത്തിയായി.
  അതേസമയം എഎവൈ (അന്ത്യോദയ അന്നയോജന) കാര്‍ഡില്‍നിന്ന് പാവങ്ങള്‍ പുറത്തായതിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. സ്വന്തമായി വീടോ കാര്യമായ വരുമാനമോ ഇല്ലാത്ത നിരവധിപേരാണ് എഎവൈ കാര്‍ഡില്‍നിന്ന് പുറത്തായി എപിഎല്‍ ലിസ്റ്റില്‍ വന്നത്. ജില്ലാ സപ്ളൈ ഓഫീസില്‍ ഇതിനകം 400 പരാതി ലഭിച്ചു. ഓരോ താലൂക്ക് സപ്ളൈ ഓഫീസിലും ദിവസം 50ലേറെ പരാതി വരുന്നുണ്ട്. കരട് റേഷന്‍ കാര്‍ഡ് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ എഎവൈ കാര്‍ഡില്‍ 41,123 പേരാണ് ഉണ്ടായിരുന്നത്. പുതിയ കാര്‍ഡ് വന്നപ്പോള്‍ അത് 40,851 ആയി. മുന്‍ഗണനാ വിഭാഗക്കാര്‍ (ചുവപ്പ് കാര്‍ഡ്) 2,71,800 പേര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 2,64,397 ആയി. 7403 പേരാണ് ഈ ലിസ്റ്റില്‍നിന്ന് പുറത്തായത്. വീടും വരുമാനവുമുള്ളവര്‍ ലിസ്റ്റില്‍ നിലനില്‍ക്കുകയും ചെയ്തിട്ടുണ്ട്. സബ്സിഡി ലഭിക്കാത്തവരുടെ വിഭാഗം (വെള്ള കാര്‍ഡ്, എപിഎല്‍) 1,25,820 ല്‍ നിന്ന് 1,29,115 ആയി ഉയര്‍ന്നു. വീട്, ജോലി തുടങ്ങിയവ പരിഗണിച്ച് നല്‍കുന്ന മാര്‍ക്ക് അടിസ്ഥാനത്തിലാണ് മുന്‍ഗണനാ ലിസ്റ്റില്‍പ്പെടുത്തുന്നത്. 20 മാര്‍ക്കില്‍ കൂടുതല്‍ നേടിയവരാണ് ഉള്‍പ്പെടുക.  തെറ്റായി വിവരങ്ങള്‍ നല്‍കിയാണ് പലരും ലിസ്റ്റില്‍ കയറിപ്പറ്റിയത്.
  കഴിഞ്ഞ നവംബറില്‍ പ്രസിദ്ധീകരിച്ച കരട് പട്ടികക്കെതിരെയും  വ്യാപക പരാതി ഉയര്‍ന്നിരുന്നു. ജില്ലയില്‍  ഒരു ലക്ഷത്തിനനടുത്ത് പരാതികളാണ് ലഭിച്ചത്. അനര്‍ഹര്‍ ലിസ്റ്റില്‍ കയറിക്കൂടിയെന്നും അര്‍ഹര്‍ പുറത്തായെന്നുമായിരുന്നു പരാതി. പഞ്ചായത്ത് തലത്തില്‍ ഗ്രാമസഭകള്‍ ചേര്‍ന്നും മറ്റുരീതിയിലും പരാതി സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍ ഇതനുസരിച്ചുള്ള നടപടി കൈക്കൊണ്ടില്ലെന്ന് കാര്‍ഡുടമകള്‍ ആക്ഷേപിക്കുന്നു. നാല് തരം കാര്‍ഡുകളാണ് ഉടമകള്‍ക്ക് നല്‍കുന്നത്. എഎവൈ വിഭാഗത്തിന് മഞ്ഞ കാര്‍ഡ്. മുന്‍ഗണന വിഭാഗത്തിന് ചുവപ്പും സബ്സിഡി വിഭാഗത്തിന് നീലയും ഒരു സബ്സിഡിയുമില്ലാത്തവര്‍ക്ക് വെള്ളയും കാര്‍ഡാണ് നല്‍കുന്നത്.

Related News

കൂടുതൽ വാർത്തകൾ »