Top
22
Thursday, June 2017
About UsE-Paper

ചര്‍ച്ച പരാജയം ഖരമാലിന്യ തൊഴിലാളികളുടെ അനിശ്ചിതകാല സമരം തുടരുന്നു

Sunday Jun 18, 2017
സ്വന്തം ലേഖിക


കോഴിക്കോട് > കോര്‍പറേഷനില്‍ താല്‍ക്കാലിക തൊഴിലാളികളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഖരമാലിന്യ സംസ്കരണ തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടരുന്നു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രനുമായി തൊഴിലാളികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം തുടരുന്നത്. ജില്ലാ ഖരമാലിന്യ തൊഴിലാളി യൂണിയ(സിഐടിയു)ന്റെ നേതൃത്വത്തിലാണ് കോര്‍പറേഷനു മുന്നില്‍ സമരം നടത്തുന്നത്. 
ഖരമാലിന്യ തൊഴിലാളികളെ താല്‍ക്കാലികക്കാരായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. എന്നാല്‍ കോര്‍പറേഷനല്ല, സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് മേയര്‍ അറിയിച്ചു. സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചശേഷം 19ന് വൈകിട്ട് മൂന്നിന് വീണ്ടും ചര്‍ച്ച നടത്താമെന്നും മേയര്‍ ഉറപ്പ് നല്‍കി. പകല്‍ മൂന്നിന് മേയറുടെ ചേംബറിലാണ് ചര്‍ച്ച.
കഴിഞ്ഞ 15 വര്‍ഷമായി കോഴിക്കോട് കോര്‍പറേഷനുവേണ്ടി ശുചീകരണ തൊഴിലെടുക്കുന്നവരാണ് സമരം നടത്തുന്നത്. താല്‍ക്കാലികക്കാര്‍ക്ക് സ്ഥിരം തൊഴിലാളികളുടെ വേതനം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക, മഴക്കാല തൊഴില്‍ സുരക്ഷിതത്വ ഉപകരണങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക, നിര്‍ത്തിവച്ച ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുക, ഹെല്‍ത്ത്കാര്‍ഡ് വിതരണം ചെയ്യുക, കോര്‍പറേഷന്‍ ശുചീകരണ രംഗത്ത് വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായി തൊഴിലാളികള്‍ക്ക് പകരം തൊഴില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കുന്നുണ്ട്. 
14 വര്‍ഷം മുമ്പ് ഖരമാലിന്യ തൊഴിലാളികളെ താല്‍ക്കാലികക്കാരായി അംഗീകരിക്കുമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നു. വിഷയം കോര്‍പറേഷന്‍ കൌണ്‍സില്‍ ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചില്ല.
കോര്‍പറേഷന് മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തിന്റെ രണ്ടാം ദിവസം അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ ഷീബ ഉദ്ഘാടനം ചെയ്തു. ജില്ലാ ഖരമാലിന്യ സംസ്കരണ തൊഴിലാളി(സിഐടിയു) യൂണിയന്‍ ജില്ലാ പ്രസിഡന്റ പി എ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. എം എം പത്മാവതി, ജാനമ്മ കുഞ്ഞുണ്ണി, ആര്‍ വി ഐഷാബി, പി ഗിരിജ എന്നിവര്‍ സംസാരിച്ചു.

Related News

കൂടുതൽ വാർത്തകൾ »