17 November Saturday

വെള്ളപ്പൊക്ക ഭീതിയിൽ മലയോരം

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

 

വടകര/നാദാപുരം/കുറ്റ്യാടി
കനത്ത മഴയിൽ വെള്ളപ്പൊക്ക ഭീതിയിൽ മലയോര മേഖല. വളയം, ചെക്യാട് പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ വെള്ളം കയറി. പലയിടത്തും വാഹന ഗതാഗതം മുടങ്ങി. വളയം കല്ലാച്ചി റോഡിൽ ജാതിയേരിയിൽ വെള്ളം കയറി വാഹനഗതാഗതം നിലച്ചു. വിഷ്ണുമംഗലം ബണ്ട് കരകവിഞ്ഞൊഴുകുകയാണ്. വിഷ്ണുമംഗലം പുഴ കരകവിഞ്ഞതോടെ ചെറുമോത്ത് പ്രദേശം വെള്ളത്തിനടിയിലായി. വളയം ചെറുമോത്ത് റോഡിന് ചേർന്ന് നിൽക്കുന്ന 12 വീടുകളിലും പോസ്റ്റ് ഓഫീസിനടുത്ത് നൂറാനിയ സൂപ്പർ മാർക്കറ്റിലും വെള്ളം കയറി. അപകട ഭീഷണിയുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റി. വിലങ്ങാട് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 
മയ്യഴി പുഴയും മുതുകുറ്റി പുഴയും വിഷ്ണുമംഗലം ബണ്ടും കരകവിഞ്ഞു. ചെറിയ പാലങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. ഒട്ടേറെ കൃഷിയിടങ്ങളിൽ വെള്ളം കയറി കൃഷി നശിച്ചു. വളയം ചെക്കോറ്റ ഭാഗങ്ങളിലും ചെക്യാട് വില്ലേജ് ഓഫീസ് പരിസരത്തും വെള്ളം കയറി. വളയത്തെ മുതിരയിൽ മന്ദിയുടെ വീടിന്റെ മേൽക്കൂര തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൂവ്വംവയലിൽ മണ്ണിടിഞ്ഞ് തനിക്കുഴി അശോകന്റെ നിർമാണത്തിലിരിക്കുന്ന വീടിന് കേടുപാടുപറ്റി. രണ്ട് തവണയുണ്ടായ മണ്ണിടിച്ചിലിൽ വീടിന്റെ ഒരു ഭാഗം മണ്ണ് മൂടിക്കിടക്കുകയാണ്. കുറ്റ്യാടി ഊരത്ത് ഇടവൻ താഴകുനി, പനയുള്ള കണ്ടി എന്നിവിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന്  35 കുടുംബങ്ങളെ മാറ്റി.  
 കുറ്റ്യാടിപ്പുഴയും ഗുളികപ്പുഴയും നിറഞ്ഞതോടെ വേളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.180 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തിരുത്തികുന്ന്, കോവുകുന്ന്, വെള്ളാട് എന്നിവിടങ്ങളിൽ വെള്ളം കയറി 30 വീടുകൾ തകർന്നു. ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് പൂളക്കൂൽ, കൈതക്കുന്ന് എന്നിവിടങ്ങളിൽ 11 കുടുംബങ്ങളെ മാറ്റി. തീക്കുനി, ഓകാര കുനിയിൽ, കോയ്യൂറ, കാക്കുനി എന്നിവിടങ്ങളിൽ 25 കുടുംബങ്ങൾ ഒറ്റപ്പെട്ടു.
പെരുവയലിലെ മടക്കുമൂലയിൽ അബ്ദുൾ ലത്തീഫിന്റെ പത്ത് ഏക്കർ സ്ഥലത്തെ ഹൈടെക്ക് ഫാം പൂർണമായും തകർന്നു. പശു, ആട്, കോഴി, എരുമ, താറാവ്, കരിങ്കോഴി, ഗിനിക്കോഴി, അരയന്നം, ഒട്ടകം എന്നിവയും പത്ത് ഏക്കറോളം വരുന്ന തീറ്റ പ്പുൽകൃഷിയും നശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടന്തറപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് പീടികപ്പാറ ആദിവാസി കോളനി, ചീന വേലി, ജാനകിക്കാട്, ഏക്കൽ, നിടുവാൽ, വണ്ണാത്തിച്ചിറ, കള്ളാട് എന്നിവിടങ്ങളിലെ 38 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
വാണിമേൽ പുഴയിലുണ്ടായ അതിശക്തമായ മലവെള്ളപ്പാച്ചലിൽ പുഴ കരകവിഞ്ഞൊഴുകി. ഇയ്യങ്കോട്, ചെറുമോത്ത്, ചിയ്യൂരിലും  അമ്പതിലേറെ വീടുകളിൽ വെള്ളം കയറി. കാക്കറ്റിൽ താഴെവയൽ, മന്നമ്പത്ത് താെഴ വയൽ പരിസരത്തെ 40 കുടുംബങ്ങൾ വീടൊഴിഞ്ഞു.
കനത്ത മഴയിൽ മണിയൂർ, തിരുവള്ളൂർ, ആയഞ്ചേരി, അഴിയൂർപഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കുറ്റ്യാടി പുഴയുടെയും ചൊവ്വാപ്പുഴയുടെയും ഭാഗങ്ങളായ ചെരണ്ടത്തൂർ, മങ്കര, മണിയൂർ, അട്ടക്കുണ്ട്കടവ്, പാലയാട് നടയിലെ കോവ്വപ്പുറം, പതിയാരക്കര മാങ്ങിൽകൈ, മഞ്ചയിൽ കടവ്, മുല്ലത്ത് നട, ചെറുവറ്റക്കര, കറ്റോടിതാഴ, പാറക്കണ്ടി താഴ, കോവുക്കൽ,കോറമ്പത്ത് താഴ, മുടപ്പിലാവിൽ, മീനത്തുകര എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. 600 ആളുകളെ വിവിധ പ്രദേശങ്ങളിലെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി.  
ചെരണ്ടത്തൂരിൽ നെല്ലോളിതാഴ മുതൽ അട്ടക്കുണ്ട് കടവ് പാലം വരെ മൂന്നര കിലോമീറ്റർ റോഡ് വെള്ളത്തിനടിയിലായി. ചെരണ്ടത്തൂർ ചിറ കരകവിഞ്ഞു. അഴിയൂർ പഞ്ചായത്തിലെ ചുങ്കത്ത് ഇരുനിലകെട്ടിടം തകർന്നു. ചോറോട‌്, അഴിയൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top