21 January Monday

ചുരം റോഡിൽ നാലിടങ്ങളിൽ ഉരുൾപൊട്ടി

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018
കുറ്റ്യാടി 
പക്രംതളം ചുരം റോഡിൽ 10, ആറ്, നാല്, മൂന്ന് വളവുകളിലും നരിപ്പറ്റ പഞ്ചായത്തിലെ വാളൂക്ക്, വായാട് ഭാഗത്തും ശക്തമായ ഉരുൾപൊട്ടൽ. ചുരം റോഡിലെ പത്താം വളവിൽ സ്വകാര്യ വ്യക്തി അനധികൃതമായി ഹെയർപിൻ വളവിലെ ഓവുചാലും കുന്നും ഇടിച്ച് കെട്ടിടം നിർമിച്ചതാണ് ഉരുൾപൊട്ടലിന് കാരണമെന്ന് പറയുന്നു. ചുരത്തിന്റെ ആറാം വളവിൽ സംരക്ഷണഭിത്തി തകർന്ന് റോഡിന്റെ പാർശ്വഭാഗം പൂർണമായി തകർന്നു. റോഡിൽ വിള്ളലുണ്ടാവുകയും ചെയ്തു. 
ആറാം വളവിൽ ശക്തമായ ഉരുൾപൊട്ടലിൽ തേക്കുംകാട്ടിൽ ബേബി(തോമസ്)യുടെ വീട് പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന 10 പേർ ഓടി രക്ഷപ്പെട്ടു. എരിക്കാട്ടിൽ ചാക്കോ, വരിക്കൽ പ്ലാക്കൽ പ്രസന്ന എന്നിവരുടെ വീടുകളും നാലാം വളവിൽ സിബിയുടെ വീടും ഉരുൾപൊട്ടൽ ഭീഷണിയിലാണ്. മൂന്നാം വളവിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ ഏക്കർ കണക്കിന് കൃഷിയിടം നശിച്ചു. ചുരം റോഡിൽ വൻ കരിമ്പാറകളും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെട്ടു. 
മണിക്കൂറുകളോളം ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി.
നാദാപുരത്തു നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് ചുരത്തിലെ പാറക്കല്ലും മണ്ണും മാറ്റിയത്.  പക്രംതളം, പൂതംപാറ, വള്ളുവൻകുന്ന്, ചൂരണി, കാരിമുണ്ട  പ്രദേശങ്ങളിലെ 35 കുടുംബങ്ങളെയും കുണ്ടുതോട് തോട്ടക്കാട്, മാമ്പിലാട്, വട്ടിപ്പ് പ്രദേശത്തെ 25  കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ബുധനാഴ്ച രാവിലെ ആറിനാണ് ചുരത്തിലും, നരിപ്പറ്റ വായാടും, വാളൂക്കിലും ഉരുൾപൊട്ടലുണ്ടായത്.
പ്രധാന വാർത്തകൾ
Top