24 September Monday
വീടുകളിൽ വെള്ളം കയറി

കണ്ണപ്പന്‍കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടി

സ്വന്തം ലേഖികUpdated: Wednesday Aug 15, 2018

കനത്ത മഴയിൽ കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടിയതിനെ തുടർന്ന്‌ ഈങ്ങാപ്പുഴ ദേശീയപാതയിൽ വെള്ളം കയറിയപ്പോൾ

 താമരശേരി

കനത്ത മഴയിൽ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ വീണ്ടും ഉരുൾപൊട്ടൽ. വിവിധ പ്രദേശങ്ങളിലായി അമ്പതിലധികം വീടുകളിൽ വെള്ളം കയറി. ചൊവ്വാഴ്ച പകൽ ഒന്നോടെ രാൽമൂലയിലാണ് ഉരുൾപൊട്ടിയത‌്. കണ്ണപ്പൻകുണ്ട് പാലത്തിൽ  കല്ലും മരങ്ങളും വന്നടിഞ്ഞ് പുഴ ഗതിമാറിയൊഴുകിയതാണ് ഇത്തവണയും നാശത്തിന‌് കാരണം. പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ  ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. കഴിഞ്ഞ ഒമ്പതിന‌് മട്ടിക്കുന്ന് എടുത്തവെച്ചകല്ലിന് സമീപമാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വീട്ടുകാരെ ഒഴിപ്പിച്ചതിനാൽ കൂടുതൽ ദുരന്തമുണ്ടായില്ല. 
മലവെള്ളപ്പാച്ചിലിൽ ഇങ്ങാപ്പുഴ, കാക്കവയൽ,  പയോണ, പാത്തിപ്പാറ എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറി. 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൈതപ്പൊയിൽ, വെസ്റ്റ്‌കൈതപ്പൊയിൽ എന്നിവിടങ്ങളിൽ 40 വീടുകളിൽ വെള്ളം കയറി. ഇവിടെ ഒരു കുടുംബത്തിലെ നാലുപേരെ മുക്കത്ത് നിന്നെത്തിയ ഫയർ ഫോഴ്‌സും പുതുപ്പാടി പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. വെസ്റ്റ് കൈതപ്പൊയിൽ മുരിക്കുംതോട്ടം സുധാകരനെയും കുടുംബത്തെയുമാണ് രക്ഷപ്പെടുത്തിയത്.
പുതുപ്പാടി ചെമ്മരംപറ്റയിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ  ദുരിതാശ്വാസ ക്യാമ്പിലേക്ക് 25 കുടുംബങ്ങളെ മാറ്റി. മണൽവയലിലും മൈലള്ളാംപാറയിലും രണ്ടു ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 
കനത്ത മലവെള്ളപ്പാച്ചിലിൽ തിരുവമ്പാടി ഇരുവഴിഞ്ഞിപ്പുഴയിലും ശക്തമായ ഒഴുക്കാണ്. ഇലന്തുകടവ്, മറിപ്പുഴ എന്നിവിടങ്ങളിലാണ് പുഴ ദുരിതം വിതയ‌്ക്കുന്നത്. മറിപ്പുഴയിൽ നാട്ടുകാർ നിർമിച്ച താൽക്കാലിക പാലം  കഴിഞ്ഞ ദിവസം ഒഴുകിപ്പോയിരുന്നു.
ഇലന്തുകടവിൽ തുരുത്ത് ഭാഗത്ത് പുഴ സംരക്ഷണ ഭിത്തിയും മലവെള്ളപ്പാച്ചിലിൽ തകർന്നു. ഇതേ തുടർന്ന് ഈ ഭാഗത്ത് വെള്ളം കയറുന്നുണ്ട്.
മഴയെ തുടർന്ന് താമരശ്ശേരി ചുരം റോഡിൽ ഒമ്പതാം വളവിന് സമീപം ചെറിയതോതിൽ മണ്ണിടിഞ്ഞു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കി. ദേശീയപാതയിൽ ഈങ്ങാപ്പുഴ, കൈതപ്പൊയിൽ, അടിവാരം എന്നിവിടങ്ങളിൽ വെള്ളം കയറി.
സബ്കലക്ടർ വി വിഘ്‌നേശ്വരി, അസിസ്റ്റന്റ് കലക്ടർ കെ എസ് അഞ്ജു, താമരശേരി തഹസിൽദാർ സി മുഹമ്മദ് റഫീഖ്, താമരശേരി എസ്‌ഐ എ സായൂജ്കുമാർ എന്നിവർ സ്ഥലത്തെത്തി.
പ്രധാന വാർത്തകൾ
Top