18 September Tuesday

തിരക്ക‌് കണികണ്ട‌് നഗരം...

സ്വന്തം ലേഖകൻUpdated: Sunday Apr 15, 2018

വിഷുത്തലേന്ന്‌ കോഴിക്കോട്‌ മിഠായിത്തെരുവിൽ അനുഭവപ്പെട്ട തിരക്ക്‌

 
കോഴിക്കോട‌് > വിഷുവിനെ വരവേൽക്കാൻ വിപണിയിൽ വൻതിരക്ക‌്.  വിഷു പുതുവത്സരപിറവിയാണെന്ന സങ്കൽപ്പത്തിൽ പുതുവസ‌്ത്രമണിഞ്ഞും  സമൃദ്ധിയും കണികണ്ട‌് വിഷുവിനെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു ആളുകൾ.
വസ‌്ത്രവിപണിയിലും   കണികാണാനുള്ള സാധനങ്ങൾ വാങ്ങാനുമാണ‌് കൂടുതൽ തിരക്ക‌്.  ശനിയാഴ‌്ച വൈകിട്ടോടെ  മിഠായിത്തെരുവ‌്, പാളയം, പാവമണി റോഡ‌് തുടങ്ങിയ സ്ഥലങ്ങൾ ജനസമുദ്രമായി. വൻ ഓഫറുകൾ നൽകിയാണ‌് കച്ചവട കേന്ദ്രങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത‌്.  കണിക്കൊന്നയ‌്ക്ക‌് പത്തുരൂപ മുതൽ 20 രൂപവരെയായിരുന്നു വില. പാളയത്തായിരുന്നു കൊന്നയുടെ പ്രധാന വിപണന കേന്ദ്രം. കണികാണുന്നതിന‌്  പ്രധാന ഇനമായ വെള്ളരിക്ക‌് 30രൂപ മുതൽ 50രൂപവരെയാണ‌് വില. കണിവെള്ളരിക്ക‌് വലുപ്പം കൂടുന്നതിനനുസരിച്ച‌് വില കുറയും. വിഷുക്കണിതാലത്തിൽ കണിവെള്ളരിക്കൊപ്പം വയ‌്ക്കാനുള്ള പഴവർഗങ്ങൾക്കും ആവശ്യക്കാരേറെയായിരുന്നു.
കൃഷ‌്ണവിഗ്രഹത്തിന‌് 80രൂപ മുതൽ വിലയുണ്ട‌്. ചെറിയ ചക്ക ഒന്നിന‌് 60 രൂപയായിരുന്നു. മുന്തിരിക്ക‌് കിലോവിന‌്   70 രൂപയും പൈനാപ്പിളിന‌് 50 രൂപയുമായിരുന്നു. വസ‌്ത്രവിപണിയിൽ കുട്ടികളുടെ ഉടുപ്പിനും കേരളത്തനിമയുള്ള വസ‌്ത്രങ്ങൾക്കുമായിരുന്നു ഡിമാൻഡ‌്.
പാവമണി റോഡിൽ കമീഷണർ ഓഫീസിനു എതിർവശത്ത്‌ ഒരുക്കിയ വഴിയോരക്കച്ചവട കേന്ദ്രത്തിലും നല്ല തിരക്കായിരുന്നു. കുട്ടികൾക്കുള്ള  വസ‌്ത്രങ്ങൾക്കായിരുന്നു ഇവിടെ  കൂടുതലും ആളുകൾ എത്തിയത‌്.
ഒന്നെടുത്താൽ മറ്റൊന്ന‌് ഫ്രീ ആയി നൽകുന്നതുൾപ്പെടെ വൻ ഓഫറുകളായിരുന്നു വസ‌്ത്രവിപണിയിൽ. ചില ഷോപ്പുകളിൽ 20 മുതൽ   50 ശതമാനം വരെ കിഴിവുമുണ്ട‌്. കോഴിക്കോടൻ പലഹാരമായ ഹൽവ, വറുത്തകായ എന്നിവ വാങ്ങുന്നതിനും കൂടുതൽ ആളുകളെത്തിയതായി വ്യാപാരികൾ പറയുന്നു.
ന്യൂജനറേഷൻകാരുടെ കേന്ദ്രമായ  നഗരത്തിലെ മാളുകളിലും വൻ തിരക്കായിരുന്നു. ബ്രാൻഡഡ‌് ഇനങ്ങൾക്കായിരുന്നു ഇവിടെ ഡിമാൻഡ‌്. പടക്ക വിപണിയിലും നല്ല തിരക്കായിരുന്നു.

 

പ്രധാന വാർത്തകൾ
Top