Top
22
Thursday, February 2018
About UsE-Paper

ഹോം ഷോപ്പ് പദ്ധതിക്ക് ദേശീയാംഗീകാരം

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌


കൊയിലാണ്ടി > കേന്ദ്രസര്‍ക്കാരിന് സാമ്പത്തിക  വികസന കാര്യങ്ങളില്‍ വിദഗ്ധോപദേശം നല്‍കുന്ന പട്നയിലെ ഡെവലപ്മെന്റ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ദേശീയ തലത്തില്‍ നടത്തിയ വികസന ശില്പശാലയില്‍ കേരളത്തിലെ കുടുബശ്രീയെ പ്രതിനിധീകരിച്ചത് കോഴിക്കോട് ജില്ലയിലെ ഹോംഷോപ്പ് പദ്ധതി.  മികച്ച വികസന മാതൃകയായി ഹോംഷോപ്പിനെ തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. ഡെവലപ്മെന്റ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നാലാമത് ഫൌണ്ടേഷന്‍ ഡേ സിമ്പോസിയത്തില്‍ 'വികസനത്തിന്റെ പരിവര്‍ത്തനോന്മുഖ വഴികള്‍' എന്ന വിഷയത്തില്‍ നടന്ന ദ്വിദിന ദേശീയ ശില്പശാല ഗാന്ധിയന്‍ ചിന്തകനും എഴുത്തുകാരനുമായ സുദര്‍ശന്‍ അയ്യങ്കാര്‍ ഉദ്ഘാടനംചെയ്തു.
വിവിധ സംസ്ഥാനങ്ങളിലെ ദാരിദ്യ്ര ലഘൂകരണ പ്രവര്‍ത്തന രംഗത്തുള്ള സുസ്ഥിര വികസന മാതൃകകളുടെ അവതരണവും ക്രോഡീകരണങ്ങളുമാണ് ശില്പശാലയുടെ ഉള്ളടക്കം. പ്രാദേശികമായുണ്ടാക്കുന്ന കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് സുസ്ഥിരമായ വിപണിയൊരുക്കി ഉല്‍പ്പാദന മേഖലയിലും വിപണന മേഖലയിലും വര്‍ധിതമായ രീതിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അതിനോടൊപ്പം പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കുകയും ചെയ്യുന്ന ഹോംഷോപ്പ് പദ്ധതി ഇതിനകംതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 13, 14 തിയ്യതികളിലായി പട്നയില്‍ നടന്ന പരിപാടിയില്‍ ഹോം ഷോപ്പ് പദ്ധതിയെ പ്രതിനിധീകരിച്ച് പ്രസാദ് കൈതക്കല്‍, കെ സതീശന്‍ എന്നിവര്‍ പങ്കെടുത്തു.