18 November Sunday

കോൺഗ്രസ‌് നിയന്ത്രണത്തിലുള്ള സൊസൈറ്റി ബിജെപിക്ക‌് മറിച്ചതായി ആരോപണം

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018
പയ്യോളി
കോൺഗ്രസ‌് നിയന്ത്രണത്തിലുള്ള കിഴൂരിലെ അഗ്രികൾച്ചറൽ ഇംപ്രൂവ‌്മെന്റ‌് സൊസൈറ്റി  പ്രമുഖ നേതാവിന്റെ  നേതൃത്വത്തിൽ ബിജെപിക്ക‌്  രഹസ്യമായി മറിച്ചതായി  ആരോപണം.  2012ൽ പയ്യോളി, തുറയൂർ പഞ്ചായത്തുകൾ പ്രവർത്തന മേഖലകളായി നിശ‌്ചയിച്ച‌ സൊസൈറ്റിയാണ‌് ബിജെപി നിയന്ത്രണത്തിലായത‌്. ബിജെപിയുമായുള്ള ഇടപാടിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായി കോൺഗ്രസ‌് പ്രവർത്തകർ തന്നെ പറയുന്നു.
വിൽപ്പനയ‌്ക്കു പിന്നിൽ തിക്കോട‌ി പഞ്ചായത്ത‌് അംഗമായ പ്രമുഖ കോൺഗ്രസ‌് നേതാവാണത്രെ.  സൊസൈറ്റിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്ന ഇയാൾ ഭരണസമിതിയറിയാതെ രഹസ്യമായി ബിജെപി പ്രവർത്തകർക്ക‌് അംഗത്വം നൽകി സൊസൈറ്റി ഭരണം പിടിക്കാൻ ഒത്താശ ചെയ‌്തുകൊടുക്കുകയായിരുന്നെന്ന‌് കോൺഗ്രസുകാർ ആരോപിക്കുന്നു. സൊസൈറ്റി ഭരണം അട്ടിമറിച്ചത‌് സംബന്ധിച്ച‌് സൊസൈറ്റിയുടെ മുൻ പ്രസിഡന്റ‌് കുറ്റിയിൽ ഗോപാലൻ ജില്ലാ കോൺഗ്രസ‌് കമ്മിറ്റിക്ക‌് പരാതി നൽകി. ബിജെപി നേതാക്കളാണ‌് ഇപ്പോൾ സൊസൈറ്റിയുടെ ഭരണം ഏറ്റെടുത്തിരിക്കുന്നത‌്. മുൻ ഭരണസമിതിയിൽപ്പെട്ട രണ്ട‌് വനിതകൾ പുതിയ ഭരണസമിതിയിൽ കയറിയിട്ടുണ്ട‌്. ഇവർ ഏതുസമയവും ബിജെപിയിലേക്ക‌് ചേക്കേറാൻ തക്കംപാർത്തിരിക്കുകയാണെന്ന‌് പറയപ്പെടുന്നു. 
സെപ‌്തംബർ മൂന്നിനാണ‌് പുതിയ ഭരണസമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത‌്.  സൊസൈറ്റി തെരഞ്ഞെടുപ്പ‌് സമയത്ത‌് കോൺഗ്രസ‌ുകാർ ഒപ്പിട്ട നോമിനേഷൻ ഫോറം വരണാധികാരിക്ക‌് നൽകാതെ നേതാവ‌് മുക്കുകയായിരുന്നുവത്രെ. ഗ്രൂപ്പ‌് വടംവലി കാരണം മുഖം നഷ്ടപ്പെട്ട കോൺഗ്രസിന  ഇത‌് കനത്ത പ്രഹരമായി.  നൂറോളം അംഗങ്ങളുണ്ടായിരുന്ന സൊസൈറ്റിയിൽ ഇപ്പോൾ നാനൂറോളം അംഗങ്ങളാണുള്ളത‌്. ഇവരിൽ മഹാഭൂരിപക്ഷവും ബിജെപി പ്രവർത്തകരും അനുഭാവികളുമാണ‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top