Top
22
Wednesday, November 2017
About UsE-Paper

കിര്‍ത്താഡ്സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കോളനികളിലെ കുട്ടികള്‍ സ്കൂളില്‍നിന്ന് കൊഴിയുന്നു

Thursday Sep 14, 2017
സ്വന്തം ലേഖകന്‍


കോഴിക്കോട് > പട്ടികവര്‍ഗ കോളനികളിലെ വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍നിന്നും കൊഴിഞ്ഞുപോകുന്നതായി കിര്‍ത്താഡ്സ് റിപ്പോര്‍ട്ട്. ജില്ലയിലെ തെരഞ്ഞെടുത്ത പട്ടികവര്‍ഗ കോളനികളുടെ വികസനം സംബന്ധിച്ച് കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ പഠനത്തിലാണ് ഈ വിവരം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കിര്‍ത്താഡ്സ് സമര്‍പ്പിച്ചു. അരിവാള്‍ രോഗം, ക്ഷയം എന്നിവ ചില കോളനികളില്‍ പ്രധാന ആരോഗ്യപ്രശ്നമാണ്. കോളനികളിലെ മദ്യാസക്തി പ്രധാന സാമൂഹിക പ്രശ്നമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാത്തിപ്പാറ, ചെമ്പുകടവ്, ചിപ്പിലിത്തോട് പണിയന്‍/കാട്ടുനായ്ക്ക സങ്കേതം, മേലെ പൊന്നങ്കയം, കോട്ടകുന്ന്, മുത്തപ്പന്‍പുഴ, കുറവുക്കണ്ടി, നൂറാംതോട്, നാക്കിലംപാട്, ഓടപ്പൊയില്‍, കോലിക്കുന്ന്, കാക്കണഞ്ചേരി എന്നിവയെക്കുറിച്ചാണ് കിര്‍ത്താഡ്സ് പഠനം നടത്തിയത്. ജില്ലയിലെ കോളനികളില്‍ പണിയന്‍ സമുദായക്കാരാണ് ഭൂരിപക്ഷം. ചിപ്പിലിത്തോട്, മുത്തപ്പന്‍പുഴ കോളനികളില്‍ പ്രത്യേക ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്കര്‍ സമുദായക്കാരുമുണ്ട്. 12 കോളനികളിലെയും വീടുകള്‍, അങ്കണവാടികള്‍, ആചാരങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍, പിന്നോക്കാവസ്ഥയുടെ സാമൂഹികവും സാംസ്കാരികവുമായ കാരണങ്ങള്‍. ഇവ തരണംചെയ്യാനുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് പണിയ ഭാഷയില്‍ പരിജ്ഞാനം കുറവായതുമൂലം ആശയവിനിമയത്തിലുള്ള വിടവ് കുട്ടികളെ അങ്കണവാടികളില്‍നിന്ന് അകറ്റുന്നുണ്ട്. അതിനാല്‍ പണിയ ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന വര്‍ക്കറെ നിയമിക്കുകയോ വര്‍ക്കറെ സഹായിക്കാന്‍ സങ്കേതത്തിലെ വനിതയെ നിയമിക്കുകയോ ചെയ്യണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. പണിയ ഭാഷയിലുള്ള കഥകളും പാട്ടുകളും പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കണം.
പണിയന്‍ സമുദായത്തിന്റെ നഷ്ടപ്പെടുന്ന കൂട്ടായ്മയും ഒത്തൊരുമയും തിരികെ കൊണ്ടുവരേണ്ടതുണ്ട്. സങ്കേതത്തിലെ മുതിര്‍ന്നവരെ ഉള്‍പ്പെടുത്തി നാട്ടുകൂട്ടം രൂപീകരിക്കാനും നിര്‍ദേശിക്കുന്നു. കൂടാതെ തൊഴില്‍ ലഭ്യമാക്കാനുള്ള നിര്‍ദേശങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികള്‍ വഴിയുള്ള സ്ത്രീ ശാക്തീകരണം എന്നിവയും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
യോഗത്തില്‍ എഡിഎം ടി ജനില്‍കുമാര്‍ അധ്യക്ഷനായി. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ ബി രാജീവ്കുമാര്‍, കിര്‍ത്താഡ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ്കുമാര്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ടി പി സാറാമ്മ, കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം സുബൈര്‍, ഡെപ്യൂട്ടി ഡിപിഒ ഡോ. സാബു വര്‍ഗീസ്, കിര്‍ത്താഡ്സിലെ പി വിഷ്ണുപ്രിയ, വി പി രശ്മിപ്രഭ, സന്ധ്യ ശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related News

കൂടുതൽ വാർത്തകൾ »