25 September Tuesday

സാന്ത്വന വഴിയിൽ കരുത്തായ് കാരക്കാട്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018
ഒഞ്ചിയം
സാന്ത്വന വഴിയിൽ കരുത്തായ് മാറുകയാണ് കാരക്കാട് പെയിൻ ആന്റ് പാലിയേറ്റീവ് കെയർ. പ്രായവും അവശതയും രോഗദുരിതവും പേറുന്ന നിരവധി പേർക്ക് ആശ്വാസം പകർന്ന് വർഷങ്ങളായി കാരക്കാട് സാന്ത്വന കൂട്ടായ്മ ശ്രദ്ധേയ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത്. സേവനത്തിന്റെ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ സാന്ത്വന പരിപരണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് നിരവധി പദ്ധതികളാണ് ഒരുങ്ങുന്നത്. നാദാപുരം റോഡ് കേന്ദ്രമായി പ്രവൃത്തിക്കുന്ന കാരക്കാട് പെയിൻ ആന്റ് പാലിയേറ്റീവ്   നിർമ്മിക്കുന്ന കെട്ടിടത്തിന്റെ  ശിലാസ്ഥാപനം ബുധനാഴ്ച പകൽ മൂന്നിന് മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിക്കും. പാലേരി പറമ്പത്ത് രവീന്ദ്രൻ മകൻ രമിത്തിന്റെ സ്മരണകായി സംഭാവന നൽകിയ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പാലിയേറ്റീവ് ക്ലിനിക്കും അനുബന്ധ യൂനിറ്റുകളും സജ്ജീകരിക്കുന്നതിനാണ് കെട്ടിടനിർമ്മാണം. 2013 ലാണ് നാദാപുരം കേന്ദ്രമായി കാരക്കാട് പെയിൻ ആൻറ് പാലിയേറ്റീവ് പ്രവർത്തനം ആരംഭിച്ചത്. വനിതകൾ ഉൾപ്പെടെ 105 ൽ അധികം സന്നദ്ധ പ്രവർത്തകരും വളണ്ടിയർമാരും ഈ രംഗത്ത് പ്രവൃത്തിക്കുന്നുണ്ട്. ഒരു ഡോക്ടറും നേഴ്സും ഉൾപ്പെട്ട സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രതിമാസം നിർദ്ധന രോഗികൾക്ക് ഭക്ഷണകിറ്റും നൽകുന്നുണ്ട്. കെട്ടിട ഫണ്ട് സ്വീകരണവും പരിപാടിയുടെ ഭാഗമായി നടക്കും. ഒറ്റപ്പെടുന്നവർക്ക് തണലായും കിടപ്പു രോഗികൾക്ക് സമാശ്വാസത്തിന്റെ തെളിനീർ ഉറവയായും ഒരു സംഘം സന്നദ്ധപ്രവർത്തകരുടേയും സുമനസുകളുടേയും കൂട്ടായ്മയിൽ നിന്ന് ഉദയംകൊണ്ട കാരക്കാട് പെയിൻ ആന്റ് പാലിയേറ്റീവ് നാടിന് മാതൃകയായ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നത്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top