18 August Saturday

പ്രൗഢി വീണ്ടെടുത്ത്‌ ‘ഹജൂർ കച്ചേരി’

സജീവൻ ചോറോട്Updated: Thursday Jun 14, 2018

 വടകര

വടകര ഏറെമാറി. എന്നാലും ഗതകാല പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന,വാസ്തു ശിൽപകലയുടെ സൗന്ദര്യം വിളിച്ചോതി നൂറ്റാണ്ടിന്റെ പഴക്കമുള്ള ഒരു കെട്ടിടമുണ്ട്. കഥകളുറങ്ങുന്ന അഞ്ച് വിളക്ക് ജങ്ഷന് ഒരു വിളിപ്പാടകലെ പഴയ കാലത്തിന്റെ പെരുമ വിളംബരം ചെയ്യുന്ന താലൂക്ക് ഓഫീസ് കെട്ടിടം. പൈതൃക സംരക്ഷണത്തിന്റെ പദ്ധതിയുടെ ഭാഗമായി തനിമചോരാതെ പുതിയ കാലത്തിന്റെ ആവശ്യകതയും സൗകര്യവും സമന്വയിപ്പിച്ച് അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് നവീകരിച്ച താലൂക്ക് ഓഫീസ് കെട്ടിടം.  പഴമക്കാരുടെ ഹജൂർ കച്ചേരി .
1860‐62 കാലത്താണ് മന്ദിരം സ്ഥാപിച്ചതെന്ന് പുരാവസ്തു രേഖകളിലുള്ളത്. ബ്രിട്ടീഷ് ഇന്ത്യയുടെ കുറുമ്പ്രനാട് താലൂക്കിന്റെ ഭരണ സിരാകേന്ദ്രം എന്ന നിലയിലാണ് കെട്ടിടം പണിതത്. കോടതി, രജിസ്ട്രാഫീസ്, റവന്യൂ ഓഫീസ്, ട്രഷറി എന്നിവ പ്രവർത്തിച്ചിരുന്നതും ആദ്യ കാലങ്ങളിൽ ഇവിടെയായിരുന്നു. പിന്നീട് വിവിധ കാലഘട്ടങ്ങളിൽ ഓഫീസ് സംവിധാനങ്ങൾ വികസിച്ചതോടെ കെട്ടിടങ്ങൾ പുതുതായി ഉയരുകയായിരുന്നു.ഇന്നത്തെ  കൊയിലാണ്ടി, വടകര താലൂക്ക് ഉൾപ്പെട്ടതായിരുന്നു പഴയ കുറുമ്പ്രനാട് താലൂക്ക്. 
കടത്തനാടിന്റെ വ്യവഹാരങ്ങൾക്കും ഭരണപരമായ കേന്ദ്രീകരണവും വടകരയിലായിരുന്നു.
 താഴെ അങ്ങാടി ഉൾപ്പെട്ട തുറമുഖ നഗരത്തിന്റെ ഭരണസിരാകേന്ദ്രവും ഈ കെട്ടിടത്തെ ആശ്രയിച്ചായിരുന്നു. കെട്ടിടത്തിൽ കോടതിയും മറ്റ് ഓഫീസുകളും പ്രവർത്തിച്ചതിന്റെ ഓർമ ഇന്നും വടകരയിലെ പഴയതലമുകളിൽപ്പെട്ടവരുടെ ഓർമകളിലുണ്ട്.  'കോടതിയിൽ  ജഡ്ജി ഇരിക്കുന്നതിന്റെ മുകളിലായി കഴുക്കോലിൽ കെട്ടിയ പങ്കയും കാറ്റ് വീശുന്നതിനായി ഒരാളും തുണി വലിച്ച് കൊണ്ടിരിക്കുന്നത് കുട്ടികാലത്തെ ഓർമയാണ്. 
കെട്ടിടത്തിന്റെ മുറ്റത്ത് പഴയ പൊലീസ് സ്റ്റേഷന്റെ സമീപത്തായി വക്കീലൻമാരും ഉദ്യോഗസ്ഥരും മറ്റും കളിക്കുന്ന ഒരു ടെന്നീസ് കോർട്ടുമുണ്ടായിരുന്നു. യൂത്ത് കോൺഗ്രസിന്റെ ജില്ലാ ഭാരവാഹിയായിരുന്ന കാലത്ത്ചില കേസുകളിൽ ഇന്നത്തെ താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിച്ച കോടതിയിൽ താൻ പ്രതിയായി ഹാജരായതും മറക്കാൻ കഴിയുന്നതല്ലെന്ന് എംഎൽയായ സി കെ നാണു പറഞ്ഞു. സർക്കാരിന്റെ പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി പഴയകാല ഗരിമ ചോരാതെ നില നിർത്തിയത് പുതുതലമുറക്ക് ഒരു ചരിത്ര പാഠമായാണ് മന്ദിരം മാറുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top