16 November Friday

നവകേരളം കെട്ടിപ്പടുക്കാൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 കോഴിക്കോട‌്

പ്രളയത്തിൽനിന്ന് മോചിതമായ കേരളം പുനർനിർമിക്കാൻ ജില്ല കൈകോർക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഭവ സമാഹരണത്തിന് മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തുന്ന സിറ്റിങ്ങിൽ നൂറുകണക്കിനാളുകൾ സംഭാവനകളുമായെത്തുന്നു. രണ്ട‌് ദിവസമായി വടകരയിലും കുറ്റ്യാടിയിലും ഫറോക്കിലും കോഴിക്കോട‌് സിവിൽസ‌്റ്റേഷനിലും സ്വീകരിച്ചു. 15വരെ നീളുന്ന വിഭവസമാഹരണത്തിൽ താമരശേരി, മുക്കം, കൊയിലാണ്ടി എന്നിവ കേന്ദ്രങ്ങളാണ‌്. 
  ബുധനാഴ‌്ച സിവിൽസ‌്റ്റേഷനിൽ കുഷ്ഠരോഗികൾ സ്വരൂപിച്ച തുക, വീട്ടുജോലി ചെയ്ത് കിട്ടിയ പണവും എൽഡിസി റാങ്ക് ജേതാക്കൾ സ്വരൂപിച്ച തുക, മെഡിക്കൽ കോളേജ് വിദ്യാർഥികൾ സമാഹരിച്ച തുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്നും  കലക്ടറുടെ ദുരിതാശ്വാസ നിധിയിൽനിന്നും ഒരു കോടി രൂപയുടെ വീതം ചെക്ക് മന്ത്രി ടി പി രാമകൃഷ‌്ണന് കൈമാറിയാണ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിഭവ സമാഹരണത്തിന് തുടക്കം കുറിച്ചത്. ചേവായൂർ സർവീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപയും കക്കോടി പഞ്ചായത്ത് അഞ്ച‌് ലക്ഷം രൂപ തനത് ഫണ്ട് ഉൾപ്പെടെ ആറ് ലക്ഷം രൂപയും കൈമാറി. എ പ്രദീപ്കുമാർ എംഎൽഎക്ക‌് വിവിധ സംഘടനങ്ങളിൽ നിന്ന് ലഭിച്ച തുകകളുടെ ചെക്കുകൾ മന്ത്രിക്ക് കൈമാറി. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് ബാബു പറശ്ശേരി,  കലക്ടർ യു വി ജോസ്, എഡിഎം ടി ജനിൽകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് റീന മുണ്ടേങ്ങാട് തുടങ്ങിയവർ വിഭവ സമാഹരണത്തിന് നേതൃത്വംനൽകി.
ഫറോക്ക്
പ്രളയക്കെടുതിയിലകപ്പെട്ട സംസ്ഥാനത്തിന്റെ പുനഃസൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌്  ബേപ്പൂർ നിയോജക മണ്ഡലം ഒറ്റ ദിവസം നൽകിയത് 1,39,71,802 രൂപ. രണ്ടുപേരിൽ നിന്നായി 37.75 സെന്റ് ഭൂമിയും ലഭിച്ചു. വി കെ സി മമ്മദ് കോയ എംഎൽഎയുടെ ഓഫീസിൽ നടന്ന പരിപാടിയിൽ മന്ത്രി ടി പി രാമകൃഷ‌്ണനെ ഫണ്ട് എല്പിക്കുന്നതിനായി കുരുന്ന് വിദ്യാർഥികളും അംഗ പരിമിതയായ വീട്ടമ്മയും തൊഴിലാളികളും വലുതും ചെറുതുമായ വ്യാപാരി വ്യവസായികളും എത്തി. റസിഡന്റ്സ് അസോസിയേഷനുകൾ, സാമൂഹ്യ‐രാഷ്ട്രീയ‐സന്നദ്ധ സംഘടനകൾ, പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മത്സ്യത്തൊഴിലാളികൾ തുടങ്ങി  ജീവിതത്തിന്റെ സർവ മേഖലയിലുള്ളവരും ബുധനാഴ്ച രാവിലെ മുതൽ ഉച്ചവരെ നടന്ന വിഭവ സമാഹരണ പരിപാടിയിൽ മന്ത്രിയെ ഫണ്ട് ഏൽപ്പിച്ചു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായ ഉടൻ വികെസി ഗ്രൂപ്പ്  ഒരു കോടി രൂപയും മറ്റു നിരവധി വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും പണവും സ്വർണാഭരണങ്ങളും നൽകിയിരുന്നു. ഒരാൾ 22 സെന്റ് ഭൂമിയും സംഭാവനയായി നൽകി. ഇതിനെല്ലാം പുറമെയാണ് ബുധനാഴ‌്ച‌ ലഭിച്ച സഹായം. ചില ഉദ്യോഗസ്ഥർ ഒരുമാസത്തെ ശമ്പളത്തിന് പുറമെ വീണ്ടും തുക നൽകി. മൊത്തം 217 പേർ ചെക്കായും ഡിമാന്റ് ഡ്രാഫ്റ്റായും ഫണ്ട് ഏൽപ്പിച്ചു.
ചെറുവണ്ണൂർ പാലോട്ട് സാമുവൽ എബ്രഹാമിൽ നിന്നും 22.75 സെന്റ് ഭൂമിയുടെ പ്രമാണങ്ങൾ സ്വീകരിച്ചായിരുന്നു മന്ത്രി ടി പി രാമകൃഷണൻ ഫണ്ട് വിഭവ സമാഹരണത്തിന്  തുടക്കമിട്ടത്‌. വി കെ സി മമ്മദ്കോയ എംഎൽഎ അധ്യക്ഷനായി. കെ വി മോഹൻകുമാർ, വാഴയിൽ ബാലകൃഷ്ണൻ, കെ കമറുലൈല എന്നിവർ സംസാരിച്ചു. എഡിഎം ടി ജനിൽ കുമാർ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
Top