24 September Monday
നടുവൊടിഞ്ഞ് മലയോരമേഖല

കാർഷിക പുനരുദ്ധാരണത്തിന്പ്രത്യേക പദ്ധതി നടപ്പിലാക്കണം

സ്വന്തം ലേഖകൻUpdated: Thursday Sep 13, 2018
 
 
കുറ്റ്യാടി
 കേരളത്തിലെ പേരുകേട്ട നാളീകേരത്തിന്റെ കേന്ദ്രമായ കുറ്റ്യാടിയിലെ മലയോര മേഖലയ്ക്ക് പ്രത്യേക കാർഷിക പുനഃരുദ്ധാരണ പദ്ധതി വേണമെന്ന ആവശ്യം ശക്തം. പ്രകൃതിദുരന്തങ്ങളും, വന്യമൃഗശല്യവും, കാർഷിക വിളകൾക്ക് പടർന്നു പിടിയ്ക്കുന്ന രോഗവും, വർദ്ധിച്ച കൂലിച്ചെലവുമാണ് കർഷകരെ വലയ്ക്കുന്നത്. ഇതിനുപുറമെ ഉൽപാദനത്തിലെ കുറവും കാർഷിക മേഖലയെ തകർത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ വേനൽ മഴയോടൊപ്പമെത്തിയ ചുഴലിക്കാറ്റിലും, വരൾച്ചയും ഏൽപ്പിച്ച പ്രഹരത്തിനു പിന്നാലയാണ് കാലവർഷക്കെടുതിയും നാശം വിതച്ചത്. മണ്ണിടിച്ചിലിലും, ഉരുൾപൊട്ടലിലും ഹെക്ടർ കണക്കിന്ന് ക്യഷിയിടമാണ് നശിപ്പിച്ചത്. 
തുടർച്ചയായ മഴ കാരണം തെങ്ങിന് കൂമ്പ് ചീയൽ, മണ്ഡരി, ഇളനീരിനും മച്ചിങ്ങയ്ക്കും ബാധിച്ച തഞ്ചാവൂർ വാട്ടം, റബറിന് ചീക്ക്, കുരുമുളക് വള്ളിക്ക് ദ്രുതവാട്ടം ബാധിച്ചിട്ടുണ്ട്. വെള്ളംകെട്ടിനിന്നും മറ്റും ഇടവിളകൃഷിയായ മഞ്ഞൾ, ഇഞ്ചി, ചേന, ചേമ്പ്, കാച്ചിൽ, ചെറുകേങ്ങ്, കപ്പ, വാഴ തുടങ്ങിയ കൃഷികളും  ഏക്കർ കണക്കിന് നശിച്ചു.  ജാതി, ഗ്രാമ്പു എന്നിവക്ക് അപൂർവ രോഗവും ബാധിച്ച് നശിക്കുകയാണ്. കാവിലും പാറ, മരുതോങ്കര ,കായക്കൊടി, നരിപ്പറ്റ‐ കുന്നുമ്മൽ, കുറ്റ്യാടി, വേളം പഞ്ചായത്തുകളിൽ കോടികളുടെ കൃഷിനാശമാണ് സംഭവിച്ചത്. 
കാർഷിക മേഖലയിൽ ഉടലെടുത്ത പ്രതിസന്ധി മലയോര ഗ്രാമങ്ങളിലെ ജീവിതത്തെ ദു:സ്സഹമാക്കി. കാർഷിക മേഖലയിൽ നിന്നും കർഷകർ പിൻതിരിയുകയാണ്. പ്രത്യേക കാർഷിക പദ്ധതിയിലൂടെ മാത്രമേ മലയോര ഗ്രാമങ്ങളുടെ കാർഷിക പ്രൗഢിയെ വീണ്ടെടുക്കാൻ കഴിയുവെന്ന് പാരമ്പര്യ കർഷകരും കർഷിക വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. കാർഷിക വിളകൾക്ക് രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രത്യേക പദ്ധതികൾക്കൊപ്പം പുനഃരുജ്ജീവനത്തിനായി പ്രതിരോധ ശേഷിയുള്ള വിത്തും, തൈകളും ലഭ്യമാക്കുകയും  കർഷകർക്ക് സാമ്പത്തിക സഹായവും നൽകണമെന്ന് കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.
 
പ്രധാന വാർത്തകൾ
Top