21 November Wednesday

കർഷകർക്ക് അടിയന്തിരസഹായം അനുവദിക്കണം മന്തരത്തൂരിൽ പേവിഷബാധയേറ്റ്ചത്തത് പത്തു പശുക്കൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 

വടകര
മണിയൂർ പഞ്ചായത്തിലെ മന്തരത്തൂരിൽ പേ വിഷബാധ മൂലം ചത്തത് പത്തോളം പശുക്കൾ. 4, 5 വാർഡുകളിലെ ക്ഷീരകർഷകരായ കിഴക്കെ പുതുക്കുടി മറിയം, പടവഞ്ചേരി സന്തോഷ്, മമ്പളപ്പിൽ താഴക്കുനി വിനോദൻ, നാമ്പത്ത് കുഞ്ഞിരാമൻ, വലിയാണ്ടി കുമാരൻ, ഇബ്രാഹിം പടവീട്ടിൽ, ലീല എടച്ചേരി താഴക്കുനി, എടവന കണ്ടി അമ്മത്, കണ്ടീ പറമ്പത്ത് ആമിന, വലിയാണ്ടി മീത്തൽ ആയിഷ എന്നിവരുടെ പശുക്കളാണ് ചത്തത്. പശുക്കളെ നഷ്ടപ്പെട്ട കർഷകർക്ക് അടിയന്തിരസഹായം അനുവദിക്കണമെന്ന് സിപിഐ എം മണിയൂർ ലോക്കൽ കമ്മറ്റിയും കർഷകസംഘം വില്ലേജ് കമ്മറ്റിയും ആവശ്യപ്പെട്ടു.  
അജ്ഞാത ജീവിയിൽ നിന്നുള്ള ആക്രമണത്തെത്തുടർന്നാണ് പശുക്കൾക്ക് പേവിഷബാധയേറ്റതെന്നാണ് സംശയം. ഒട്ടേറെ ക്ഷീരകർഷകരുള്ള മേഖലയാണ് മന്തരത്തൂർ. പശുക്കളെ ആക്രമിച്ച ജീവിയെ ആരും കണ്ടിട്ടില്ല. 
മിക്ക പശുക്കൾക്കും മുഖത്താണ് പരിക്കേറ്റത്. നിലയ്ക്കാത്ത നിലവിളിയും വായിലൂടെ ദ്രവം പുറത്തുവരുന്നതുമാണ് പശുക്കൾ കാണിക്കുന്ന ലക്ഷണങ്ങൾ. 
കർഷകരുടെ ആശങ്ക അകറ്റാനും പ്രതിരോധപ്രവർത്തനം നടത്താനും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കർഷകസംഘം മണിയൂർ വില്ലേജ്കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പശുക്കൾ ചത്തതിനെ തുടർന്ന് പ്രദേശത്താകെ ഭീതിയിലാണ്.
രോഗം കൂടുതൽ പശുക്കളിലേക്ക് വ്യാപിക്കുമോ എന്ന ഭയത്തിലാണ് കർഷകർ. നിലവിൽ നാശം നേരിട്ട കർഷകർക്ക് അടിയന്തിര സഹായം അനുവദിക്കണമെന്നും പ്രദേശത്ത്‌ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു കർഷരുടെയും പ്രദേശവാസികളുടെയും ഭീതി അകറ്റണമെന്നും ലോക്കൽകമ്മറ്റി ആവശ്യപ്പെട്ടു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top