26 September Wednesday

സ്നേഹാക്ഷരങ്ങൾ മിടിച്ചു; നാടിന് പുതുജീവൻ പകരാൻ

സ്വന്തം ലേഖകൻUpdated: Thursday Sep 13, 2018

 

 
കുറ്റ്യാടി 
പ്രളയകാലത്തിന്റെ അതീജിവനത്തിനായി കലാലയ അധ്യാപകന്റെ സ്നേഹാക്ഷരങ്ങൾ തുണയായി. രണ്ടര പതിറാണ്ട് മുമ്പ് തളിപറമ്പ് സർസെയ്ദ് കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ സഹപാഠികളുടെ കൂട്ടായമയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കാൻ വേറിട്ട മാതൃക തീർത്തത്. കുറ്റ്യാടി എംഐയുപി സ്കൂൾ അധ്യാപകനും സർസെയ്ദ് കോളേജിലെ ബികോം വിദ്യാർഥിയുമായിരുന്ന ജമാൽ കുറ്റ്യാടിയാണ് സാന്ത്വനം പകരാൻ സൗഹൃദവഴിയിലൂടെ സഞ്ചരിച്ചത്.അന്ന് ബികോം ബാച്ചിൽ പഠിച്ച 47 സഹപാഠികളിലൂടെ 1,10,000 രൂപയാണ് ഈ അധ്യാപകൻ സ്വരൂപിച്ചെടുത്തത്.  
തളിപറമ്പ് കേളേജിലെ 1984‐87  ബികോം ബാച്ചിലെ സഹപാഠികളുടെ മേൽവിലാസം കോളേജിലെത്തി ശേഖരിച്ച് ഓരോരുത്തർക്കും ജമാൽ കത്തെഴുതുകയായിരുന്നു. തുടർന്ന് എല്ലാവരും ഒരിക്കൽ കൂടി കോളേജിൽ ഒത്തുചേർന്നു. സൗഹൃദങ്ങൾ പങ്കിട്ടശേഷം സഹപാഠികൾ തങ്ങളുടെ സംഭാവന ജമാലിനെ ഏൽപ്പിച്ചു. പിരിഞ്ഞു കിട്ടിയ തുക ജമാൽ കണ്ണൂർ ജില്ലാ അസിസ്റ്റന്റ് കലക്ടർ ഇ യു സുഫിയ്ക്ക് കൈമാറി. 
നവകേരളസൃഷ്ടിക്കായി ഒപ്പം ചേരാനുള്ള ഈ അധ്യാപകന്റെ സമർപ്പിതമനസ് അധ്യാപക ലോകത്തും നാടിന്റെയും അംഗീകാരം പിടിച്ചുപറ്റി. ഗുരുശ്രേഷ്ഠ അവാർഡ് ജേതാവായ ജമാൽ എം ഐ യുപി സ്കൂളിന്റെ പഠന‐ പഠനാനുബന്ധ പ്രവർത്തനങ്ങളിലും സജീവമാണ്. 
രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തോരാമഴയുടെ പിന്നണി പ്രവർത്തകനും മുന്നേറ്റ കൈത്താങ്ങ്, അക്ഷരക്കൂട് അക്ഷര വീട്, നാടകപ്പുര എന്നി പദ്ധതികളുടെ പിന്നിലും ഈ അധ്യാപകന്റെ കരസ്പർശമുണ്ട്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top