17 November Saturday

ദുരന്തമേഖലയില്‍ ഇടപെടുന്ന ജനങ്ങളുടെ പങ്കാളിത്തം മാതൃകാപരം: മന്ത്രി ടി പി

സ്വന്തം ലേഖകൻUpdated: Monday Aug 13, 2018
പുതുപ്പാടി
ദുരന്തമേഖലയിൽ വിവിധ സഹായങ്ങളുമായി ഇടപെടുന്ന ജനങ്ങളുടെ വലിയ പങ്കാളിത്തം മാതൃകാപരമാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. പുതുപ്പാടി പഞ്ചായത്തിലെ മണൽവയൽ എകെടിഎം എൽപി സ്‌കൂളിലെ ക്യാമ്പ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വീട്ടിലുണ്ടായ അപകടമെന്നപോലെ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളും ഒറ്റക്കെട്ടായി സഹായങ്ങളുമായി രംഗത്തുണ്ട്.   
ദുരന്തത്തിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുക എന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. ഇരയാകുന്നവർക്ക് പരമാവധി ആശ്വാസം എത്തിക്കുന്നുണ്ട്. ദുരന്തബാധിതർക്കുള്ള സാമ്പത്തിക സഹായങ്ങൾ പെട്ടെന്ന് തന്നെ എത്തിക്കാനുള്ള സൗകര്യമൊരുക്കും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കുള്ള സഹായങ്ങൾ സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. ക്യാമ്പിൽ കഴിയുന്നവർ നിലവിലെ സൗകര്യങ്ങളിൽ സംതൃപ്തരാണ്. ഭക്ഷണം, ചികിത്സ, ഉറങ്ങാനുള്ള സൗകര്യങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും നല്ല രീതിയിലാണ് നടക്കുന്നത്. 
അറ്റകുറ്റപ്പണി നടത്തി വീടുകളിലേക്ക് മാറാൻ ഉദ്ദേശിക്കുന്നവർക്ക് ശുചീകരണ പ്രവൃത്തിയടക്കം നടത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. ഇത്തരം കാര്യങ്ങളിൽ വിവിധ ഉദ്യോഗസ്ഥർ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
 ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് മന്ത്രി ടി പി രാമകൃഷ്ണൻ പുതുപ്പാടിയിലെത്തിയത്. ഉരുൾപൊട്ടലിനെ തുടർന്ന് കണ്ണപ്പൻകുണ്ട് പാലത്തിന് സമീപത്ത് വീടുകൾ തകർന്ന ഭാഗങ്ങളും മറ്റൊരു ദുരിതാശ്വാസ ക്യാമ്പായ മൈലള്ളാംപാറ സെന്റ് ജോസഫ് യുപി സ്‌കൂളും മന്ത്രി സന്ദർശിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ഇ ജലീൽ, പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി വേലായുധൻ, ഗിരീഷ്‌ജോൺ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും ക്യാമ്പുകൾ സന്ദർശിച്ചു.  

 

പ്രധാന വാർത്തകൾ
Top