18 August Saturday

മലയോരത്ത് കനത്ത മഴ

പി ചന്ദ്രബാബുUpdated: Wednesday Jun 13, 2018

 

മുക്കം
രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ മലയോരത്ത് ജീരകപ്പാറ വനത്തിനുള്ളിലും വെള്ളരിമലയുടെ ഉൾഭാഗത്തും  ഉരുൾപൊട്ടി. കോടഞ്ചേരി പഞ്ചായത്തിലെ നൂറാം തോട്, ചെമ്പുകടവ്, തിരുവമ്പാടി പഞ്ചായത്തിലെ മൈനാവളവ്, ആനക്കാംപൊയിൽ കുണ്ടൻ തോട് 90 ഏക്കർ എന്നിവിടങ്ങളിൽ ശക്തമായ മണ്ണിടിച്ചിലുമുണ്ടായി. ആളപായമില്ല.  ഉരുൾപൊട്ടലിനേയും കുന്നിടിച്ചിലിനേയും തുടർന്ന് പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
പുല്ലുരാംപാറ എലന്തുകടവിൽ വെള്ളം കയറി. ഇവിടെ നിന്നും 35 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നാല് കുടുംബങ്ങളെ പുല്ലുരാംപാറ സെന്റ് ജോസഫ് സ‌്കൂളിലേക്കും മറ്റുള്ളവരെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്. നൂറാംതോട്ടിൽ എട്ട്  കുടുംബങ്ങളെ എഎംഎൽപി സ്‌കൂളിലേക്ക്‌ മാറ്റിപാർപ്പിച്ചു. ഫയർഫോഴ്സ് എത്തിയാണ് കുടുംബങ്ങളെ മാറ്റിയത്. നെല്ലിപൊയിൽ പുല്ലൂരാംപാറ റോഡിൽ കുരിശിനു സമീപം മുതൽ എലന്തുകടവ് വരെ റോഡ് വെള്ളത്തിനടിയിലായി.
ആനക്കാംപൊയിലിലും വെള്ളം പൊങ്ങി. അങ്ങാടിയിലൂടെ വെള്ളം കുത്തി ഒഴുകുകയാണ്.
നൂറേക്കാട്ട് ഗോപിയുടെ വീടിന്റെ പിൻവശം ഇടിഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി സെബാസ്റ്റ്യന്റെ വീട്ടിൽ വെള്ളം കയറി. കുണ്ടൻ തോട് 90 ഏക്കറിൽ മണ്ണിടിച്ചിലുണ്ടായി. കോടഞ്ചേരി ജീരകപ്പാറ വനത്തിനുള്ളിൽ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് ഉരുൾപൊട്ടിയത്. ഇതേ തുടർന്ന് ചാലിപ്പുഴയും ഇരുവഴിഞ്ഞിയും കൂരോട്ട് പാറമുണ്ടൂര് തോടും കരകവിഞ്ഞു.  പ്രദേശത്ത് ഒരു ദശാബ്ദത്തിനിടയിലെ ഭയാനകമായ വെള്ളപ്പൊക്കമാണുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ചെമ്പുകടവ്, പരപ്പറ്റ പാലങ്ങൾ വെള്ളത്തിനടിയിലായി. വനത്തിൽനിന്ന് ഒഴുകിവന്ന വൻ മരങ്ങളും മറ്റും ഇരു പാലങ്ങളിൽ  തങ്ങി നിൽക്കുകയാണ്. കൂരോട്ടുപാറയെ ഗാന്ധി നഗറുമായി ബന്ധിപ്പിക്കുന്ന പാലവും മുണ്ടൂര് പാലവും വെള്ളത്തിനടിയിലായി.
ഗാന്ധി റോഡിൽ പൂക്കോട്ടിൽ ജോൺസന്റെ രണ്ടുനില വീടിന്റെ അടിഭാഗം മണ്ണ് നിറഞ്ഞു. ഭിത്തിയിലും വിള്ളലുണ്ട്. നൂറാം തോട് മല്ലശേരി കുട്ടപ്പന്റെ വീടിന്റ പകുതി ഭാഗം ഒലിച്ചുപോയി . വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ഗാന്ധി റോഡ് വാലോലിക്കൽ ജോസഫിന്റെ കുടുംബത്തേയും മാറ്റിപ്പാർപ്പിച്ചു
     അർത്തമല ലിസി, വടക്കേൽ ജോണി, ഊന്നുകല്ലേൽ ഗ്രേസി എന്നിവരുടെ വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ചെമ്പുകടവ് വട്ട ചുവട് കിന്നരി തോടിന് സമീപത്ത് മണ്ണിടിച്ചിലിനെ തുടർന്ന് 12 വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. പൂവത്തിൽ ചുവട് കാടവർ കോളനിയിലെ നാല് കുടുംബങ്ങളെ മണ്ണിടിച്ചിലിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ചു.
നാരങ്ങാ തോട് കാട്ടിപൊയിൽ കുടിവെള്ള പദ്ധതി പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കോഴമല പ്രസാദ്, വരമ്പകത്ത് ബെന്നി, പൊട്ടക്കൽ ജോൺ എന്നിവരുടെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പതങ്കയം ചെറുകിട ജലവൈദ്യുത പദ്ധതി പ്രദേശത്ത് മണ്ണിടിഞ്ഞു. നൂറാം തോട് എൽപി സ‌്കൂളിന് സമീപം മണ്ണിടിച്ചിലിൽ നൂറാം തോട് ഭജനമഠത്തിന്റെ ഒരു ഭാഗം തകർന്നു. തുഷാരഗിരി ഡിടിപിസി സെന്റർ മുതൽ വെള്ളച്ചാട്ടം വരെ റോഡ് വെള്ളവും ചളിയും നിറഞ്ഞു. ചെമ്പുകടവ് അംബേദ്ക്കർ കോളനി, തേക്കിൻ തോട്ടം കോളനി, പാത്തിപ്പാറ കോളനി എന്നിവിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. കോളനികൾ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. കണ്ണോത്ത് കളപ്പുറം റോഡ് വെള്ളത്തിനടിയിലായി. മരം കടപുഴകി വീണ് കോടഞ്ചേരി ഗ്രീൻ സിറ്റി റോഡിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. കോടഞ്ചേരി, ആനക്കാംപൊയിൽ മേഖലയിൽ ചൊവ്വാഴ്ച രാത്രിയും കനത്ത മഴ തുടരുകയാണ്.
താമരശ്ശേരി തഹസിൽദാർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുകയാണ്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top