20 June Wednesday

ഇനി അക്ഷര ലോകത്ത‌്

സ്വന്തം ലേഖികUpdated: Wednesday Jun 13, 2018
 
കോഴിക്കോട‌് 
തുള്ളിയ‌്ക്ക‌് കുടംകണക്കെ പെയ്യുന്ന തോരാ മഴ അൽപ്പം മാറി, നിപാ ഭീതിയിൽ തളരാതെ അവർ ഓരോരുത്തരും വിദ്യാലയങ്ങളുടെ പടികയറിയെത്തി.  ചിലർ സന്തോഷത്തോടെ ചിരിച്ചും ചിലർ സങ്കടംകൊണ്ട‌് കരഞ്ഞും ക്ലാസിലിരുന്നു.
അവരെ സ‌്നേഹത്തോടെ  ചേർത്തു നിർത്തി മുതിർന്ന ചേട്ടൻമാരും ചേച്ചിമാരും ഉണ്ടായിരുന്നു. അൽപ്പം വൈകിയാണ‌് സ‌്കൂൾ തുറന്നതെങ്കിലും പ്രവേശനോത്സവം ആഘോഷമാക്കാൻ അധ്യാപകരും ഒരുങ്ങിത്തന്നെയായിരുന്നു. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും കുരുന്നുകൾക്ക‌് സ‌്നേഹോഷ‌്മള വരവേൽപ്പേകി.  നിപാ വൈറസ‌് ബാധയുടെ വാർത്തകൾ ആദ്യം കേട്ട ചങ്ങരോത്ത‌് എയുപി സ‌്കൂളിൽ പ്രവേശനോത്സവം ആഘോഷമായി നടത്തി.
 പൊതുവിദ്യാഭ്യാസ യജ‌്ഞത്തിലൂടെ മികവിലേക്കുയർന്ന പൊതുവിദ്യാലയങ്ങളിലേക്ക‌് കുരുന്നുകൾ ഒഴുക്കിനും പ്രവേശനോത്സവ ദിവസം സാക്ഷ്യമായി. മാനാഞ്ചിറ ഗവ. ടിടിഐ മോഡൽ യുപി സ‌്കൂളിൽ ഇത്തവണ പുതുതായി 167 കുട്ടികളാണ്   ചേർന്നത്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികളെത്തിയ സ്‌കൂളുകളിലൊന്നാണിത്. ആഴ‌്ചവട്ടം ഗവ. എൽപി സ‌്കൂളിലും കൂടുതൽ കുട്ടികളെത്തി.
മലയോരമണ്ണിലെ ജില്ലാതല പ്രവേശനോത്സവം നിറപ്പകിട്ടാർന്നു.  കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് പേരാണ് പ്രവേശനോത്സവത്തിനെത്തിയത‌്. ജില്ലാതല പ്രവേശനോത്സവം ചെമ്പുകടവ് ഗവ. യുപി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി  ചെയർമാൻ മുക്കം മുഹമ്മദ് ഉദ്ഘാടനംചെയ്തു.  അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി.
സ്‌കൂളിൽനിന്ന് വിരമിക്കുന്ന പാചകത്തൊഴിലാളി അമ്മുക്കുട്ടി അമ്മയെ ഡിഡിഇ ഇ കെ സുരേഷ്‌കുമാർ പൊന്നാടയണിയിച്ച് ആദരിച്ചു. എൽഎസ്എസ് ജേതാവായ വിഷ്ണുപ്രസാദിനെ  കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ കെ രാധാകൃഷ്ണൻ അനുമോദിച്ചു. സംസ്‌കൃത സ്‌കോളർഷിപ്പ് വിതരണം എസ്എസ്എ ഡിപിഒ എം ജയകൃഷ്ണനും കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ വിദ്യാർഥി ആഷിൽഷാക്കുള്ള ഉപഹാരം വിഎച്ച്എസ്‌സി അസിസ്റ്റന്റ് ഡയറക്ടർ എം ശെൽവമണിയും നൽകി. 
എസ്ടി  വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസർ വി വസീഫും സ്‌കൂൾ ബാഗുകൾ താമരശേരി ഡിഇഒ കെ എസ് കുസുമവും സ്‌കൂളിലെ മുഴുവൻ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ താമരശേരി എഇഒ കെ മുഹമ്മദ് അബ്ബാസും വിതരണംചെയ്തു. 
പ്രധാനാധ്യാപകൻ വി ജെ എബ്രഹാം റിപ്പോർട്ട് അവരിപ്പിച്ചു. ഹയർസെക്കൻഡറി റീജിണൽ ഡയറക്ടർ കെ ശകുന്തള,  ടെസി ഷിബു, കെ പി ചാക്കോച്ചൻ, യു ടി ഷാജു,    യു കെ അബ്ദുൽനാസർ,  വി എം മെഹറലി, കെ സുലൈഖ,  ടി ജെ ടെന്നിസൻ, കെ എം നാസർ, പി ജെ ജോൺസൺ, കുര്യൻ വട്ടപ്പലത്ത്, എംപിടിഎ പ്രസിഡന്റ് ജൂലി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top