21 May Monday

കൊയിലാണ്ടിയില്‍ ആര്‍എസ്എസ്് തേര്‍വാഴ്ച തുടരുന്നു; ലക്ഷങ്ങളുടെ നാശനഷ്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

കൊയിലാണ്ടി > ഞായറാഴ്ച അര്‍ധരാത്രി നടന്ന ആര്‍എസ്എസ് അക്രമത്തില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചതിന് പുറമെ അഞ്ച് പ്രവര്‍ത്തകരുടെ വീടുകളും ആക്രമിച്ചു. ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തകര്‍ത്ത അക്രമിസംഘം കാറുകള്‍ ഉള്‍പ്പെടെ വാഹനങ്ങളും തകര്‍ത്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.
രാത്രി പുളിയഞ്ചേരി എകെജി മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന കെ ടി ശ്രീധരന്‍ സ്മാരക വായനശാലയില്‍  നടത്തിയ ആര്‍എസ്എസ് ആക്രമണത്തിന് തുടര്‍ച്ചയായാണ് ആനക്കുളം ലോക്കലിലെ വിവിധ ഭാഗങ്ങളില്‍ അഞ്ച് സിപിഐ എം പ്രവര്‍ത്തകരുടെ വീട് നിശ്ശേഷം തകര്‍ത്തത്. ഞായറാഴ്ച അര്‍ധരാത്രി 12 നും രണ്ടരക്കുമിടയിലാണ് അക്രമങ്ങള്‍  അരങ്ങേറിയത്. ചില വീടുകളില്‍ ബൈക്കില്‍ സഞ്ചരിച്ചും ചിലയിടങ്ങളില്‍ കാല്‍നടയായുമാണ് അക്രമികള്‍ എത്തിയത്. മുഴുവന്‍ വീട്ടിലും   എത്തി അധികം താമസിയാതെ വൈദ്യുതി ബന്ധം വിഛേദിക്കാന്‍ ശ്രമിച്ചിരുന്നു.
ആനക്കുളം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവുമായ വി കെ ശിവദാസന്റെ വീട് സ്റ്റീല്‍ ബോംബ് എറിഞ്ഞാണ് തകര്‍ത്തത്. വീട് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. ഹെല്‍ത്ത് സെന്റര്‍ ബ്രാഞ്ചംഗമായ കന്‍മനമീത്തല്‍ രമണിയുടെ വീട്ടില്‍ സ്ത്രീകളും കുട്ടികളുമെല്ലാം ഉറങ്ങിക്കിടക്കുമ്പോഴാണ് അക്രമികള്‍ എത്തിയത്. മുന്‍വശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന അക്രമികള്‍ രമണിയുടെ മകന്‍  രജീഷിനെ വെട്ടി പരിക്കേല്‍പ്പിച്ചു. വീട്ടിനകത്തും പുറത്തുമുള്ള വസ്തുക്കള്‍ തകര്‍ത്ത സംഘം എല്ലാം മുറ്റത്തേക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്. എല്ലാവരെയും വെട്ടിനുറുക്കുമെന്ന് ആക്രോശിച്ചാണ് സംഘം അക്രമം നടത്തിയത.്
അട്ടവയല്‍ ബ്രാഞ്ചംഗമായ നാഗത്ത് ബാലന്റെ വീടിന്റെ ജനലുകള്‍ പുര്‍ണമായി തകര്‍ത്തിട്ടുണ്ട്്. പലയിടത്തും വാളുകൊണ്ട് വെട്ടിയ അടയാളമുണ്ട്. അട്ടവയല്‍ ബ്രാഞ്ചംഗമായ ആലിപ്പുറത്ത് ശ്രീപുത്രന്റെ വീടിന്റെ മുഴുവന്‍ ജനലുകളും തകര്‍ത്തിട്ടുണ്ട.് വാളുകൊണ്ട് വെട്ടി ജനലും വാതിലുകളുമെല്ലാം തകര്‍ക്കുകയാണുണ്ടായത്. വൈദ്യുതി ബന്ധം വിഛേദിച്ചാണ് വീട് തകര്‍ത്തത്. കുടിവെള്ളത്തിന്റെ പൈപ്പുകള്‍ തകര്‍ത്ത സംഘം സഹോദരന്‍ തൈക്കണ്ടി രാമദാസന്റെ ടവേര കാറും തകര്‍ത്തിട്ടുണ്ട്. വിയ്യൂര്‍ സൌത്ത് ബ്രാഞ്ചംഗമായ കണ്ടോത്ത്  രജീഷിന്റെ വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന അക്രമികള്‍ അച്ഛന്‍ ഗോപാലനേയും അമ്മയേയുമെല്ലാം ഭീഷണിപ്പെടുത്തി.  രജീഷിനെ വാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. വീടിനകത്തെ സാധനങ്ങള്‍ പൂര്‍ണമായി നശിപ്പിച്ചിട്ടുണ്ട്. 
ഞായറാഴ്ച രാത്രി എട്ടിനാണ് കെടിഎസ് വായനശാലയില്‍ ആര്‍എസ്എസ് അക്രമം നടത്തി സിപിഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും നഗരസഭാ കൌണ്‍സിലറുമായ കെ ടി സിജേഷടക്കമുള്ള ആറുപേരെ വെട്ടി പരിക്കേല്‍പ്പിച്ചത്. ഇതില്‍ അഞ്ചുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണുള്ളത്. സിപിഐ എം നേതാക്കള്‍ അക്രമം നടന്ന വീടുകള്‍ സന്ദര്‍ശിച്ചു.
 

പ്രധാന വാർത്തകൾ
Top