Top
22
Monday, January 2018
About UsE-Paper

അപകടങ്ങള്‍ തടയല്‍: നാറ്റ്പാക് റിപ്പോര്‍ട്ട് നല്‍കും

Saturday Jan 13, 2018
സ്വന്തം ലേഖകന്‍



കോഴിക്കോട് > കഴിഞ്ഞവര്‍ഷം നഗരപരിധിയില്‍ ഏറ്റവും കൂടതല്‍ അപകടം നടന്ന സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷാ നടപടികളും സ്വീകരിക്കും.
ഇതിനായി എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്താന്‍ റോഡ് ഗതാഗത അപകട പരിശോധനാ കമ്മിറ്റി യോഗം തീരുമാനിച്ചു. അപകടങ്ങള്‍ കൂടുതല്‍ നടന്ന സ്ഥലങ്ങള്‍ ബ്ളാക്ക് സ്പോട്ടുകളായി കണ്ടെത്തി. പരിഹാര നിര്‍ദേശങ്ങളെപ്പറ്റി വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി.
വര്‍ധിച്ചുവരുന്ന അപകടമരണങ്ങള്‍ കുറക്കാന്‍ വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട അടിയന്തര നടപടി സംബന്ധിച്ച് പ്രത്യേക റിപ്പോര്‍ട്ടുകള്‍ ദേശീയപാത, പൊതുമരാമത്ത് വകുപ്പ്, റോഡ് ഫണ്ട് ബോര്‍ഡ്, കോര്‍പറേഷന്‍ അധികൃതര്‍ക്ക് ട്രാഫിക് നോര്‍ത്ത് അസി. കമീഷണര്‍ പി കെ രാജു നല്‍കി.
ഇടയ്ക്കിടെ അപകടമുണ്ടാകുന്ന മൂഴിക്കല്‍ പാലത്തിന്റെ വീതി കൂട്ടാനും അതുവരെ ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും പൊതുമരാമത്ത് ദേശീയ പാതാ വിഭാഗത്തെ ചുമതലപ്പെടുത്തി. മൂഴിക്കല്‍ വളവ്, പള്ളിത്താഴം വളവ്, ചെലവൂര്‍ വളവ്, പടനിലം വളവ് എന്നിവിടങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റു സുരക്ഷാ നടപടികളും സ്വീകരിക്കും.
  ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുംവിധം റോഡില്‍ സ്ഥാപിച്ച  പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി പ്രത്യേക സ്ക്വാഡ് എല്ലാ ആഴ്ചയും പ്രവര്‍ത്തിക്കും.
   വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും പൊലീസും ചേര്‍ന്ന് എല്ലാ ആഴ്ചയിലും പ്രത്യേക പരിശോധന നടത്തും. ട്രാഫിക് ബോധവല്‍ക്കരണം ഊര്‍ജിതപ്പെടുത്തും.
അപകടങ്ങളില്‍ മരിക്കുന്നത് കൂടുതലും ഇരുചക്ര വാഹന യാത്രക്കാരായതിനാല്‍ ഹെല്‍മറ്റ്, അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, മൂന്നുപേരുമായി യാത്ര ചെയ്യല്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടിയെടുക്കും.
വിദ്യാര്‍ഥികള്‍, ഡ്രൈവര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ഗതാഗത ബോധവല്‍ക്കരണത്തിന് പരിശീലനം നല്‍കാന്‍ നാറ്റ്പാക്കിനോട് യോഗം നിര്‍ദേശിച്ചു. ഡിസിപി മെറിന്‍ ജോസഫ്, ദേശീയ പാത ഡെപ്യൂട്ടി എകസി. എന്‍ജിനിയര്‍ കെ വി സുധീഷ്, പൊതുമരാമത്ത് അസി. എക്സി. എന്‍ജിനിയര്‍ വിനുകുമാര്‍, കോര്‍പറേഷന്‍ അസി. എന്‍ജിനിയര്‍ എം ഒ മനോജ്, കെആര്‍എഫ്ബി പ്രോജക്ട് മാനേജര്‍ കെ പി കോയമോന്‍, ആര്‍ടിഒ ഓഫീസിലെ എഎംവിഐ വി എം വിനോദ്, നാറ്റ്പാക് കണ്‍സള്‍ട്ടന്റ് ടി വി ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related News

കൂടുതൽ വാർത്തകൾ »