19 October Friday

മുഖം മാറാനൊരുങ്ങി പുതിയാപ്പ

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018
സ്വന്തം ലേഖിക
കോഴിക്കോട‌്
അടിസ്ഥാന സൗകര്യവും സുരക്ഷിതത്വവും വർധിപ്പിക്കുന്ന വികസന പദ്ധതികളുമായി  പുതിയാപ്പ ഫിഷിങ്ഹാ‌ർബർ മുഖം മാറാനൊരുങ്ങുന്നു. സംസ്ഥാനത്താദ്യമായി ബോട്ടുകൾ നിർത്തിയിടാനുള്ള   ഫിങ്കർ ജെട്ടി, ഹാർബറിന‌് ചുറ്റുമതിൽ, മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ലോക്കർ മുറികൾ, ഡ്രഡ‌്ജിങ‌് തുടങ്ങി 16.25 കോടിയുടെ പദ്ധതികളാണ‌് ആരംഭിക്കുന്നത‌്. സംസ്ഥാനത്താദ്യമായാണ്‌ ഇത്തരമൊരു പദ്ധതി. വികസന പദ്ധതികളുടെ പ്രവൃത്തി ഉദ‌്ഘാടനം വ്യാഴാഴ‌്ച  വൈകിട്ട‌് 4.30ന‌് മന്ത്രി ജെ മേഴ‌്സിക്കുട്ടിയമ്മ  നിർവഹിക്കും. 
ചെറുതും വലുതുമായി 400ലധികം ബോട്ടുകൾ എത്തുന്ന പുതിയാപ്പയിൽ കൂടുതൽ ജെട്ടികൾ വേണമെന്ന ആവശ്യത്തിന്‌ ഇതോടെ പരിഹാരമാകും. നിലവിലെ ജെട്ടിയിൽ 30 അടി നീളമുള്ള 250 ബോട്ടുകൾ നിർത്തിയിടാനുള്ള 275 മീറ്റർ സൗകര്യമാണുള്ളത‌്. എന്നാൽ ഇപ്പോൾ ബോട്ടുകളുടെ എണ്ണം ഇരട്ടിയോളമായതിന‌് പുറമെ നീളം 75 അടിയായും ഉയർന്നു. ഇത്‌ ഹാർബറിന്റെ പ്രവർത്തനങ്ങൾക്ക‌് പ്രതിസന്ധി സൃഷ‌്ടിച്ചിരുന്നു.  ഫിങ്കർ ജെട്ടി വരുന്നതോടെ  കരഭാഗത്തെ 100 മീറ്റർ ഉൾപ്പെടെ 500 മീറ്റർ സ്ഥലം ബോട്ട‌് നിർത്തിയിടാനായി അധികം ലഭിക്കും.  ഈ വർഷം സർക്കാർ അനുമതി നൽകിയ പദ്ധതി ചുരുങ്ങിയ കാലത്തിനുള്ളിലാണ‌് ടെൻഡർ പൂർത്തിയാക്കി നിർമാണത്തിലേക്ക‌് കടന്നത‌്. കടൽ പാലം മാതൃകയിൽ കടലിലേക്ക‌് 100 മീറ്റർ  നീളത്തിലാണ‌്  ഫിങ്കർ ജെട്ടി നിർമിക്കുക. മത്സ്യം ഇറക്കിയ ശേഷം  ഫിങ്കർ ജെട്ടിയുടെ  ഇരുഭാഗത്തും 100 മീറ്റർ സ്ഥലത്ത‌്  ബോട്ടുകൾ നിർത്തിയിടാം.  ഒന്നര വർഷത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കും. 
ഹാർബറിന‌് ചുറ്റും 1530 മീറ്റർ ദൂരത്തിൽ  ചുറ്റുമതിലും മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള 28 ലോക്കർ റൂമുകളുമാണ‌് മറ്റൊന്ന്‌.  2.25 കോടി രൂപയുടെ പ്രവൃത്തികൾ 10 മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഇതോടൊപ്പം ഡ്രഡ‌്ജിങ‌് അറ്റകുറ്റപ്പണിയും നടത്തും. അടുത്ത ആഴ‌്ച ഇതിന്‌ ടെൻഡർ വിളിക്കും. മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനാകും.

 

പ്രധാന വാർത്തകൾ
Top