14 December Friday

അടിയന്തര സാഹചര്യം നേരിടാൻ സുസജ്ജം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

കണ്ണപ്പൻകുണ്ട്ിൽ സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നു

കോഴിക്കോട‌്  
മഴക്കെടുതിയിൽ വിറങ്ങലിച്ച ജില്ലക്ക‌് കൈത്താങ്ങായി സർക്കാരിന്റെ വിവിധ വകുപ്പുകൾ. അടിയന്തര സാഹചര്യം നേരിടാൻ എല്ലാ വകുപ്പുകളും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ജില്ലയെ ഏഴു മേഖലകളായി തിരിച്ച് ഡെപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിലാണ‌് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത‌്. സംഘത്തിൽ  എല്ലാ വകുപ്പ‌് ഉദ്യോഗസ്ഥരുമുണ്ട‌്. ഒപ്പം അവധി ദിവസമായ 11, 12 തീയതികളിൽ റവന്യൂ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന  ഓഫീസുകൾ തുറന്നു പ്രവർത്തിക്കും. 
 വടകരയിൽ രണ്ടും കൊയിലാണ്ടിയിലും കോഴിക്കോട്ടും ഒന്നു വീതവും താമരശേരിയിൽ മൂന്നും മേഖലകളായി തിരിച്ചാണ‌് പ്രവർത്തനം ഏകോപിപ്പിക്കുക.  ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് പ്രവർത്തനങ്ങൽ വിലയിരുത്തി. 
വടകര ഒന്നിൽ ആർഡിഒ അബ്ദുൾ റഹ്മാനും വടകര രണ്ടിൽ എഡിഎം ടി ജനിൽകുമാറും കൊയിലാണ്ടിയിൽ ഡെപ്യൂട്ടി കലക്ടർ (തെരഞ്ഞെടുപ്പ്) സജീവ് ദാമോദറും കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ (എൽഎ) ഷാമിൻ സെബാസ്റ്റ്യനും താമരശേരി ഒന്നിൽ അസി.  കലക്ടർ എസ് അഞ്ജുവും  രണ്ടിൽ ഡെപ്യൂട്ടി കലക്ടർ (എൽആർ) റോഷ്‌നി നാരായണനും മൂന്നിൽ ഡെപ്യൂട്ടി കലക്ടർ (ആർആർ) കെ ഹിമയും നേതൃത്വം നൽകും.  
 പ്രകൃതിക്ഷോഭത്താലുണ്ടാകുന്ന ഏതു സാഹചര്യവും നേരിടുന്നതിന് സജ്ജമായിരിക്കാൻ കലക്ടർ യു വി ജോസ് നിർദേശം നൽകി.   
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക തടസമുണ്ടാവില്ലെന്നും അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും കലക്ടർ പറഞ്ഞു. അസ്‌കലൈറ്റ്, റോഷ് ലൈഫ് ജാക്കറ്റ്, റെയിൻകോട്ട് തുടങ്ങിയവ ലഭ്യമാക്കും. കൃഷിവകുപ്പ് കാർഷികസേനയ്ക്ക് പണിയായുധങ്ങൾ നൽകും. 
ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും മരത്തടികൾ ഇടിച്ച് പാലങ്ങളും കൾവർട്ടും തകരാതിരിക്കാൻ പാലങ്ങൾക്കു അമ്പതു മീറ്റർ മുകളിൽ പ്രത്യേക റോഡു കെട്ടുന്ന സംവിധാനം ഒരുക്കും. പ്രകൃതിക്ഷോഭം നേരിടുന്ന പ്രദേശങ്ങളിൽ യാത്രചെയ്യുന്നത് പരിമിതപ്പെടുത്തണം. പാലത്തിനു മുകളിൽ കൂടിനിൽക്കരുതെന്നും ടൂറിസ്റ്റുകൾ ദുരന്ത മേഖലകളിൽ സഞ്ചരിക്കരുതെന്നും കലക്ടർ നിർദേശം നൽകി.
  ശനിയാഴ‌്ച രാവിലെ 8.30ന‌് കലക്ടറേറ്റിൽ നടക്കുന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ മന്ത്രിമാരായ ടി പി രാമകൃഷ‌്ണൻ, എ കെ ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും.
പ്രധാന വാർത്തകൾ
Top