19 September Wednesday

പുതുപ്പാടിയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ശക്തം

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

 താമരശേരി

പുതുപ്പാടി പഞ്ചായത്തിൽ എലിപ്പനി, ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രൈഡേ ആചരിച്ചു. ഉരുൾപൊട്ടലുണ്ടായ കണ്ണപ്പൻകുണ്ട്, മണൽവയൽ പ്രദേശങ്ങളിലെ പുഴകളും തോടുകളും സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, സ്വാശ്രയ സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. പഞ്ചായത്തിലെ മുഴുവൻ  വാർഡുകളിലും കൊതുക് ഉറവിട നശീകരണ പ്രവർത്തനത്തിനായി സ‌്ക്വാഡ‌്  പ്രവർത്തനം നടത്തി. രണ്ട് റൗണ്ട് കിണർ ക്ലോറിനേഷനും പൂർത്തിയാക്കി. 
എലിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 11,780 പേർക്ക് ഡോക്സിസൈക്ലിൻ ഗുളിക വിതരണം ചെയ്തു. പകർച്ചവ്യാധികളെ തടയുന്നതിന‌് ഹോട്ടലുകളിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നല്കണമെന്ന‌് മെഡിക്കൽ ഓഫീസർ ഡോ. കെ വേണുഗോപാൽ അറിയിച്ചു. കൂൾബാറുകൾ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തണം. വരുന്ന ദിവസങ്ങളിൽ കർശന പരിശോധന ഉണ്ടാവും. 
കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങി മലിനമായ മണ്ണും വെള്ളവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ നിർബന്ധമായും കഴിക്കണമെന്നും ഡോ. കെ വേണുഗോപാൽ അറിയിച്ചു. ഡെങ്കിപ്പനി സാധ്യത നിലനിൽക്കുന്നതിനാൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കി വീടും പരിസരവും വൃത്തിയാക്കണം. 
റബ്ബർ, കൊക്കോ തോട്ടമുടമകൾ ചിരട്ടകൾ കമഴ‌്ത്തിവെച്ച് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ഡോ. കെ വേണുഗോപാൽ അറിയിച്ചു. കണ്ണപ്പൻകുണ്ടിൽ നടന്ന പുഴ ക്ലീനിങ് വികസന സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ മുജീബ് മാക്കണ്ടി ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ഉഷാകുമാരി, ഫാത്തിമ ബീവി, ഒ കെ ജനാർദനൻ, കെ ജെ ജസ‌്‌മോൾ എന്നിവർ സംസാരിച്ചു.  
പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർ പ്രവർത്തനങ്ങളെ സംബന്ധിച്ച് ആലോചിക്കുന്നതിനുമായി ജോർജ‌് എം തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെയും മറ്റു വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം 11ന‌് പുതുപ്പാടിയിൽ നടത്തും.
പ്രധാന വാർത്തകൾ
Top