25 September Tuesday

ഫോൺ കേടായി; നഷ്ടപരിഹാരം നൽകാൻ ഉത്തരവ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018
കോഴിക്കോട‌്
കേടായ മൊബൈൽ ഫോൺ മാറ്റി ലഭിക്കാനുള്ള അഷറഫിന്റെ നാല‌് വർഷത്തെ നിയമ പോരാട്ടത്തിന‌് വിജയം.    മൊബൈൽ ഫോൺ വാങ്ങി ആറ് മാസത്തിനകം കേടായെന്ന പരാതിയിൽ ഉടമക്ക‌്   ഫോണിന്റെ വിലയും നഷ്ടപരിഹാരത്തുകയും നൽകാൻ വിധി. ഐക്കരപ്പടി ചെറുകാവ്  തെഞ്ചീരിത്തൊടിയിലെ പി മുഹമ്മദ് അഷ‌്റഫിനാണ് 12,000 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ  പരിഹാര ഫോറം വിധിച്ചത‌്.
മാവൂർ റോഡിൽ പുതിയ ബസ‌്സ്റ്റാൻഡിന‌്  സമീപമുള്ള മൊബൈൽഷോപ്പ‌്, മഡോണ സിസ‌്റ്റം ആൻഡ‌് സർവീസ‌് സെന്റർ, ന്യൂഡൽഹിയിലെ   സോണി ഇന്ത്യ കമ്പനി എന്നിവയെ എതിർ കക്ഷിയാക്കിയാണ‌് അഷറഫ‌് പരാതി നൽകിയത‌്. 
 2014 ഏപ്രിൽ 14നാണ‌് അഷറഫ‌് മാവൂർ റോഡിലെ  മൊബൈൽഷോപ്പിൽ നിന്ന‌് 8000 രൂപക്ക‌് സോണി കമ്പനിയുടെ മൊബൈൽ വാങ്ങിച്ചത‌്. എന്നാൽ  ആറു മാസത്തിനകം മൊബൈൽ തകരാറായി. ഇതോടെ മഡോണ സർവീസ‌് സെന്ററിൽ നൽകി. എന്നാൽ ഒന്നരമാസം കഴിഞ്ഞിട്ടും മൊബൈൽ തകരാറ‌് പരിഹരിക്കാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയായിരുന്നു. 13 തവണ കടയിൽ കയറിയിറങ്ങിയെങ്കിലും മൊബൈൽ ശരിയാക്കിത്തന്നില്ലെന്ന‌് പരാതിയിൽ പറയുന്നു. തുടർന്നാണ‌് നഷ്ടപരിഹാരം ഉൾപ്പെടെ ആവശ്യപ്പെട്ട‌് ഉപഭോക‌്തൃ ഫോറത്തിൽ പരാതി നൽകിയത‌്. വിധി വന്നതോടെ കഴിഞ്ഞ ദിവസം 12000 രൂപയുടെ ചെക്ക‌് ഷോപ്പുടമകൾ അഷ‌്റഫിന‌് നൽകി. അടുത്ത ദിവസം തന്നെ ഫറോക്ക‌് സഹകരണ ബാങ്കിൽനിന്ന‌് പണം ലഭിക്കുമെന്നും അഷറഫ‌് പറഞ്ഞു.
പ്രധാന വാർത്തകൾ
Top