20 September Thursday

വിദ്യാർഥികൾക്ക് ബസ് കൺസഷൻ കാർഡ് തയ്യാറായി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018
വടകര
വടകര, കൊയിലാണ്ടി താലൂക്കിലെ വിദ്യാർഥികൾക്ക് ബസ്സുകളിൽ യാത്രാ ഇളവിനുള്ള പുതിയപാസ് വിതരണത്തിന് തയ്യാറായി. വടകര റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിൽ എല്ലാ ബുധനാഴ്ചയും, ശനിയാഴ്ചയും പകൽ മൂന്നുമുതൽ വിതരണം ചെയ്യും. കഴിഞ്ഞ വർഷം അനുവദിച്ച പാസ് ഉപയോഗിച്ച് ജുലൈ 31 വരെ കൺസഷൻ അനുവദിക്കും.  ആവശ്യമായ രേഖകൾ സഹിതം വിദ്യാഭ്യാസ സ്ഥാപന മേധാവികൾ ആർ ടി ഒ ഓഫീസുമായി ബന്ധപ്പെടണം.
സർക്കാർ, എയ്ഡഡ് മേഖലകളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പാസ് അനുവദിക്കുക.  മുഴുവൻ സമയവും ക്ലാസ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റഗുലർ വിദ്യാർത്ഥികൾക്കാണ് പാസ് അനുവദിക്കുന്നത്.  പാർട്ട് ടൈം ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് കൺസഷൻ കാർഡിന് അർഹതയില്ല.  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോഴ്സിന്റെ അംഗീകാരവും സ്ഥാപനത്തിന്റെ അംഗീകാരവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ഞായറാഴ്ചകൾ ഉൾപ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലും പഠന ആവശ്യങ്ങൾക്ക് യാത്രാ ഇളവ് അനുവദിക്കും.  
രാവിലെ ഏഴുമുതൽ രാത്രിഏഴുവരെയാണ് ഇളവ് അനുവദിക്കുന്നത്.  
അതിനുമുമ്പ് ആരംഭിക്കുന്ന സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് അതിനനുസരിച്ച് ഇളവ് നൽകും.  വിദ്യാർഥികൾക്ക് വീട്ടിൽനിന്നും വിദ്യാഭ്യാസ സ്ഥാപനത്തിലേക്കും തിരിച്ചുമാണ് ഇളവ് അനുവദിക്കുന്നത്. ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് സ്ഥാപന മേധാവികൾ നൽകുന്ന പാസ് മതി.  പരീക്ഷ കേന്ദ്രങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റും, പാസ്സും കാണിച്ചാൽ ഇളവ് അനുവദിക്കും.വിദ്യാർത്ഥികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ വിദ്യാലയങ്ങളിലും ഒരു റോഡ് സുരക്ഷാ നോഡൽ ഓഫീസറെ നിയമിക്കണം. സ്കൂളിൽ വരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ഡ്രൈവറുടെ പൂർണമായ വിവരങ്ങൾ എന്നിവ ശേഖരിച്ച് നോഡൽ ഓഫീസർ സൂക്ഷിക്കണം. ഈ വിവരങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന മേഖലയിലെ ആർടി ഓഫീസിൽ അറിയിക്കേണ്ടതാണ്.  
വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് 8281786091, 8547639118, 04962526234 നമ്പറിൽ അറിയിക്കാവുന്നതാണെന്ന് ആർടിഒ മധുസൂദനൻ അറിയിച്ചു. 

 

പ്രധാന വാർത്തകൾ
Top