14 November Wednesday

അന്വേഷണം വിലയിരുത്താൻ ഐജി എത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018
സ്വന്തം ലേഖകൻ
മാനന്തവാടി
വെള്ളമുണ്ടയിലെ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ സ്ഥലത്തെത്തി. തിങ്കളാഴ്ച വൈകിട്ട് 4.30ഓടെയാണ്  കൊലപാതകം നടന്ന കണ്ടത്തുവയൽ പന്ത്രണ്ടാംമൈലിലെ വീട്ടിൽ ഐജി എത്തിയത്്. പൊലീസ് പൂട്ടി സീൽ ചെയ്തിരുന്ന വീട് തുറന്ന് അകത്തുകയറി പരിശോധന നടത്തി. തുടർന്ന് കോറോത്തെ നിർദിഷ്ട പൊലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തവരിൽനിന്നും ലഭിച്ച മൊഴിയും പരിശോധിച്ചു. 
തുടർന്നുള്ള അന്വേഷണത്തിൽ സ്വീകരിക്കേണ്ട രീതികളും തന്ത്രങ്ങളും സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പ്രൊഫഷണൽ രീതിയിൽ നടത്തിയ കൊലപാതകം ശാസ്ത്രീയമായ അന്വേഷണത്തിലുടെ തെളിയിക്കണമെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞു. പഴുതടച്ചുള്ള അന്വേഷണത്തിലൂടെ എത്രയും വേഗം പ്രതികളെ പിടികൂടുന്നതിനുള്ള നിർദേശങ്ങളും നൽകി. എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് മുന്നോട്ട് നീങ്ങാനും നിർദേശിച്ചു. ഇതുവരെയുള്ള അന്വേഷണത്തിൽ അദ്ദേഹം തൃപ്തി അറിയിച്ചു. രണ്ട് മണിക്കൂറോളം യോഗം നീണ്ടു.  ജില്ലാ പൊലീസ് മേധാവി കറുപ്പസാമി, അന്വേഷണത്തിന് നേതൃത്വം നൽകുന്ന മാനന്തവാടി ഡിവൈഎസ്പി പി കെ ദേവസ്യ, മാനന്തവാടി സി ഐ പി കെ മണി, ബത്തേരി സിഐ  എം ഡി സുനിൽ, അന്വേഷണ സംഘത്തിലുള്ള വിവിധ എസ്ഐമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 30 അംഗ അന്വേഷണ സംഘം രൂപീകരിച്ച് ആറ് ടീമുകളായിട്ടാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ അഞ്ചിന് രാത്രിയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. നവദമ്പതികളായ കണ്ടത്തുവയൽ പന്ത്രണ്ടാംമൈൽ പൊയിലൻ ഉമ്മറും ഭാര്യ ഫാത്തിമ്മയുമാണ് കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ചത്. മൂർച്ചയേറിയ ആയുധം കൊണ്ട് വെട്ടി മൃഗീയമായാണ് കൊല നടത്തിയത്. കൊലപാതകത്തിൽ ഒന്നിൽ കൂടതൽപേരുള്ളതായാണ് പൊലീസ് നിഗമനം. ഇരുവരും കട്ടിലിലാണ് വെട്ടേറ്റ് മരിച്ചു കിടന്നിരുന്നത്.  
പ്രദേശത്തെ സിസിടിവി പരിശോധനകളും വാഹനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകളും തുടരുകയാണ്. അമ്പതോളം ഇതര സംസ്ഥാന തൊഴിലാളികളെ തിങ്കളാഴ്ചയും വെള്ളമുണ്ട സ്റ്റേഷനിൽ ചോദ്യം ചെയ്തു. ഇവരുടെ വിരലടയാളവും എടുക്കുന്നുണ്ട്. ചില സംഘടനകളെ കേന്ദ്രീകരിച്ചും അന്വേഷണം സജീവമാണ്. നേരത്തെ ഉമ്മറിന്റേയും ഭാര്യ ഫാത്തിമ്മയുടെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top