21 November Wednesday

ലോഹമണൽ കപ്പലിറങ്ങി, ബേപ്പൂരിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

ബേപ്പൂർ തുറമുഖത്ത് കപ്പലിൽ നിന്ന്‌ സിലിക്ക സാൻഡ്‌ ഇറക്കുന്നു

ബേപ്പൂർ 
വികസനത്തിലേക്ക് കുതിക്കുന്ന ബേപ്പൂർ തുറമുഖത്ത് ലോഹമണലു(സിലിക്ക സാൻഡ‌്)മായി കപ്പലെത്തി. വ്യാഴാഴ‌്ച പകൽ 11.15 നാണ് എം വി ഭാസ്കർ–-2 കപ്പൽ തുറമുഖത്ത് നങ്കൂരമിട്ടത്. ഗുജറാത്തിലെ മുദ്രാ പോർട്ടിൽനിന്ന‌് കൊച്ചി വഴിയാണ് 1850 മെട്രിക് ടൺ സിലിക്ക സാൻഡ‌് ബേപ്പൂരിലെത്തിച്ചത്. തുറമുഖത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ‌് ലോഹമണൽ എത്തുന്നത‌്.
സംസ്ഥാനത്ത്  കൊച്ചിയിൽ മാത്രമായിരുന്നു ഇതുവരെ ലോഹമണൽ ഇറക്കുമതി നടന്നിരുന്നത‌്. ഗ്ലാസ് ഉൾപ്പെടെയുള്ളവയുടെ നിർമാണാവശ്യങ്ങൾക്കാണ‌് സിലിക്ക സാൻഡ‌് മുഖ്യമായും ഉപയോഗിക്കുന്നത‌്. കോഴിക്കോട് വെസ‌്റ്റേൺ മിനറൽസ് കാലിക്കറ്റ് എന്ന ഏജൻസിയാണ്  ഇത‌് ഇറക്കുമതി ചെയ്യുന്നത്.
തുറമുഖത്തെ സാഹചര്യവും കയറ്റിറക്കും സുഗമമെങ്കിൽ എല്ലാമാസവും  സിലിക്കയിറക്കാൻ സന്നദ്ധരാണെന്ന് വെസ്റ്റേൺ മിനറൽസ് പ്രതിനിധികൾ അറിയിച്ചു. ഇത‌് പതിവായാൽ തുറമുഖത്തിന് വരുമാനം വർധിക്കും.
പോർട്ട് ഓഫീസർ ക്യാപ്റ്റൻ കെ അശ്വനി പ്രതാപ്, സൂപ്രണ്ട് എൻ കെ അബ്ദുൽ മനാഫ്, അസി. കോസ്റ്റൽ മാനേജർ മൂസാ അനസ്, വെസ്റ്റേൺ മിനറൽസ് മാനേജിങ് പാർട്ണർ പി കെ ഷാജി തുടങ്ങിയവർ കപ്പലിനെ സ്വീകരിച്ചു.
കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിലെ വിവിധ കമ്പനികളിലേക്കാണ‌് ലോഹമണൽ കയറ്റി അയക്കുന്നത‌്. സമുദ്ര മാർഗമുള്ള ചരക്ക് കയറ്റിറക്കിന് സംസ്ഥാന സർക്കാർ നിയമങ്ങൾ ഇളവു ചെയ‌്തതോടെ  ബേപ്പൂർ ഉൾപ്പെടെ ചെറുകിട-ഇടത്തരം തുറമുഖങ്ങൾ വഴി ചരക്കുനീക്കം കൂടുതൽ സജീവമാകുകയാണ്.
പ്രധാന വാർത്തകൾ
Top