22 September Saturday

കല്യാണസദ്യയുണ്ണാൻ ജപ്പാനിൽനിന്ന‌് അതിഥികൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 നാദാപുരം 

സുഹൃത്തുക്കളുടെ കല്യാണം കൂടാനെത്തി ജപ്പാൻ സ്വദേശികൾ നാട്ടുകാർക്ക് താരങ്ങളായി. വളയം പൂങ്കുളത്തെ നമ്പൂടി കണ്ടിയിൽ ശ്രീധരന്റെയും കമലയുടെയും മകൾ ശ്യാമയുടെ വിവാഹത്തിനാണ് ജപ്പാൻ സ്വദേശികളായ മൂന്നുപേർ അതിഥികളായെത്തി തൂശനിലയിൽ സദ്യയുണ്ടത്. പാലക്കാട് സ്വദേശി അരുണുമായായിരുന്നു വിവാഹം. അരുൺ ജോലിചെയ്യുന്ന എസ്കബ കമ്പനിയുടെ ജനറൽ മാനേജർ ജപ്പാൻകാരനായ വത്താനബെയും ഭാര്യ ജുംബോയും മറ്റൊരു മാനേജരായ ഹോറികവയുമാണ് കല്യാണം കൂടാൻ ജപ്പാനിൽനിന്നെത്തിയത‌്.
നാട്ടുകാരുടെ നോട്ടവും ഫോട്ടോ എടുക്കലും കണ്ടതോടെ ഇവർ അൽപം പരിഭ്രാന്തരായിരുന്നു. എന്നാൽ വിവാഹകർമങ്ങൾ കൗതുകപൂർവം വീക്ഷിച്ച വത്താനബയും, ജുംബോയുംഹോറി കവയും ഏറെ ആസ്വദിക്കുന്നുണ്ടായിരുന്നു. തുടർന്ന് ഭക്ഷണ പന്തലിലെത്തിയതും ഇലയിലെ സദ്യ എങ്ങനെ കഴിക്കണമെന്ന ആശങ്കയിലായിരുന്നു ഇവർ. 
ചോറും കറിയും കൂടിക്കുഴച്ച് കഴിക്കാൻ ജുംബോയും ഹോറികവയും ഏറെ ബുദ്ധിമുട്ടിയപ്പോൾ വത്താനബ മുമ്പ‌് കേരളത്തിൽ വന്ന പരിചയം വച്ച് നന്നായി കഴിച്ചു.
 കേരള ഭക്ഷണത്തെ ഏറെ പ്രശംസിച്ചശേഷം അടുത്ത വിവാഹത്തിന് വരാമെന്ന് പറഞ്ഞാണ് ഈ ജപ്പാൻകാർ മടങ്ങിയത്.
പ്രധാന വാർത്തകൾ
Top